വത്തിക്കാൻ സിറ്റി: കെട്ടിച്ചമച്ച കുറ്റാരോപണത്തെ തുടർന്ന് ശിക്ഷിക്കപ്പെടുകയും ഒടുവിൽ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത ഓസ്ട്രേലിയൻ കർദിനാൾ ജോർജ് പെല്ലിന്റെ മൃതസംസ്‌ക്കാര തിരുക്കർമങ്ങൾ നാളെ (ജനുവരി 14) വത്തിക്കാനിൽ. രാവിലെ 11.30ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ കർദിനാൾ തിരുസംഘം ഡീൻ കർദിനാൾ ജിയോവാന്നി ബാറ്റിസ്റ്റ മുഖ്യകാർമികത്വം വഹിക്കും.
മൃതസംസ്‌ക്കാരത്തിന്റെ അവസാനഘട്ട ശുശ്രൂഷയ്ക്ക് ഫ്രാൻസിസ് പാപ്പ കാർമികത്വം വഹിക്കും. ദിവ്യബലിയിൽ കർദിനാൾമാർ ഉൾപ്പെടെ നിരവധിപേർ സഹകാർമികരാകും. ശുശ്രൂഷകൾക്കുശേഷം ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകുന്ന ഭൗതീകദേഹം അദ്ദേഹം ആർച്ച്ബിഷപ്പായിരുന്ന സിഡ്‌നി അതിരൂപതയിലെ സെന്റ് മേരീസ് കത്തീഡ്രലിന്റെ നിലവറയിലാണ് അടക്കം ചെയ്യുക. തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സങ്കീർണതകളെ തുടർന്നുണ്ടായ ഹൃദയസ്തംഭനം മൂലം ജനുവരി 10നായിരുന്നു 81 വയസുകാരനായ ഇദ്ദേഹത്തിന്റെ വിയോഗം. മെൽബൺ, സിഡ്നി അതിരൂപതകളുടെ അധ്യക്ഷ പദവി വഹിച്ചിരുന്ന ഇദ്ദേഹം ഓസ്ട്രേലിയൻ സഭയിലെ ഏറ്റവും പ്രമുഖ ഇടയനായിരുന്നു. 2014മുതൽ 2017വരെ വത്തിക്കാൻ സാമ്പത്തികകാര്യ വകുപ്പിന്റെ അധ്യക്ഷനുമായിരുന്നു ഇദ്ദേഹം.
കർദിനാൾ പെൽ പ്രതിബദ്ധതയോടെയും സത്യസന്ധതയോടെയും നൽകിയ ജീവിതസാക്ഷ്യത്തിനും സുവിശേഷത്തോടും സഭയോടുമുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിനും അനുശോചനാ സന്ദേശത്തിൽ പാപ്പ നന്ദി അർപ്പിച്ചു. ജീവിതത്തിലെ പരീക്ഷണങ്ങളുടെ സമയത്തും സഹിഷ്ണുതയോടെ കർത്താവിനെ വിശ്വസ്തതയോടെ കർദിനാൾ പെൽ അനുഗമിച്ച കാര്യവും പാപ്പ അനുസ്മരിച്ചു.
1996 മെൽബൺ ആർച്ച്ബിഷപ്പായി സേവനം ചെയ്യവേ, അൾത്താര ശുശ്രൂഷകരായിരുന്ന രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കുറ്റാരോപണം ചുമത്തപ്പെട്ടത് വലിയ വാർത്തയായിരുന്നു. ഇതേ തുടർന്ന് 2018 ഡിസംബറിൽ കീഴ്ക്കോടതി ആറ് വർഷത്തെ ജയിൽശിക്ഷ വിധിക്കുകയും ചെയ്തു. ജയിൽ ശിക്ഷ ഏതാണ്ട് ഒരു വർഷം പിന്നിടവേ (13 മാസം) കുറ്റാരോപണം അടിസ്ഥാന രഹിതമാണെന്ന് വിധിച്ച ഹൈക്കോടതി ഫുൾ ബെഞ്ച് 2020 ഏപ്രിലിൽ കർദിനാളിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *