ക്രാക്കോ: രണ്ടാം ലോകമഹായുദ്ധ കാലത്ത് പോളണ്ടിൽനിന്ന് നാസിപ്പട്ടാളം മോഷ്ടിച്ചുകൊണ്ടുപോയ ദൈവാലയ മണികൾ തിരിച്ചുനൽകി ജർമനി. നാസിപ്പട്ടാളം മോഷ്ടിച്ചെടുത്ത ദൈവാലയമണികൾ പോളണ്ട് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തിരിച്ചെത്തിക്കാൻ ജർമനിയിലെ റോട്ടൻബർഗ് രൂപതാ ബിഷപ്പ് ഗെബാർഡ് ഫർസ്റ്റ് ആരംഭിച്ച ‘പീസ് ബെൽസ് ഫോർ യൂറോപ്പ്’ സംരംഭമാണ് ഇതിന് വഴിയൊരുക്കിയത്. സ്ട്രാസെവോ, ഫ്രംബോർക്ക്, സെഗോട്ടി എന്നിവിടങ്ങളിൽനിന്ന് മോഷ്ടിക്കപ്പെട്ട മണികൾ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് വിശ്വാസീസമൂഹം.
ലോഹം ഉരുക്കി ആയുധങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പോളണ്ട് ഉൾപ്പെടെയുള്ള അധിനിവേശ രാജ്യങ്ങളിൽനിന്ന് ഒരു ലക്ഷത്തിൽപ്പരം ദൈവാലയ മണികൾ നാസിപ്പട്ടാളം മോഷ്ടിച്ച് ജർമനിയിലെത്തിച്ചിട്ടുണ്ടെന്നാണ് കണക്ക്. രണ്ടാം ലോക യുദ്ധാനന്തരം, ശേഷിച്ച 16,000ൽപ്പരം ദൈവാലയ മണികൾ അവയുടെ യഥാർത്ഥ സ്ഥലങ്ങളിൽ പുനസ്ഥാപിതമായി. ഹാംബർഗിലെ ‘ബെൽ സെമിത്തേരി’യിൽ സൂക്ഷിച്ചിരുന്ന 1,300 മണികൾ 1950കളിൽ പശ്ചിമ ജർമനിയിലെ ദൈവാലയങ്ങളിൽ സ്ഥാപിക്കാൻ വിതരണം ചെയ്യുകയായിരുന്നു.
അപ്രകാരമുള്ള ദൈവാലയ മണികൾ അതിന്റെ യഥാർത്ഥ സ്ഥലങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്ന സംരംഭമാണ് ‘പീസ് ബെൽസ് ഫോർ യൂറോപ്പ്’. ജർമനിയിലെ റോട്ടൻബർഗ് സെന്റ് മാർട്ടിൻ കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് പോളണ്ടിൽ നിന്ന് കൊണ്ടുവന്ന ഒരു മണി അവിടെ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രസ്തുത കണ്ടെത്തലാണ് ‘ബെൽസ് ഓഫ് പീസ് ഫോർ യൂറോപ്പ്’ സംരംഭത്തിന് പ്രചോദനമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അപ്രകാരമുള്ള 66ൽപ്പരം ദൈവാലയ മണികൾ കണ്ടെത്തി, അവയിൽ 54 എണ്ണം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
‘പീസ് ബെൽസ് ഫോർ യൂറോപ്പ്’ പദ്ധതിയിലൂടെ തിരിച്ചെത്തിച്ച മണികളിൽ ഒന്ന് ബിഷപ്പ് ഫർസ്റ്റ് വ്യക്തിപരമായി ആശിർവദിച്ചതും ശ്രദ്ധേയമായി. ഒരു കാലത്ത് ജർമനിയുടെയും പോളണ്ടിന്റെയും കലഹത്തിന്റെ പ്രതീകമായിരുന്ന ദൈവാലയ മണികൾ ഇപ്പോൾ ഐക്യത്തിന്റെയും, അനുരഞ്ജനത്തിന്റെയും പ്രതീകങ്ങളായി മാറിയെന്നാണ് ഇരുരാജ്യങ്ങളിലെയും സഭാനേതൃത്വത്തിന്റെ വിലയിരുത്തൽ. ദൈവാലയ മണികൾ ദുരിത പൂർണമായ കാലഘട്ടത്തിന്റെ മാത്രമല്ല സമാധാനത്തിന്റെയും പ്രതീക്ഷയുടെയും സാക്ഷ്യമാണെന്ന് പോളണ്ടിലെ എൽബ്ലാഗ് രൂപതാ ബിഷപ്പ് ജാസക്ക് ജിയേർസ്‌കി അഭിപ്രായപ്പെട്ടു. ഉദ്യമത്തിന് നേതൃത്വം നൽകിയ പിടിച്ച ബിഷപ്പ് ഫുർസ്റ്റിന് അദ്ദേഹം നന്ദിയും പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *