മാഡ്രിഡ്: ക്രിസ്തുവിശ്വാസം പരസ്യമായി പ്രഘോഷിക്കാൻ യുവജനം പ്രവഹിച്ചപ്പോൾ 4000ൽപ്പരം പേർ പങ്കെടുത്ത ജപമാല റാലിക്ക് സാക്ഷ്യം വഹിച്ച് സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡ് നഗരം. തങ്ങൾക്ക് ലഭിച്ച ക്രിസ്തീയവിശ്വാസം മറ്റുള്ളവരിലേക്ക് പകരാനുള്ള ദൗത്യവും തങ്ങൾക്കുണ്ടെന്ന ബോധ്യത്തോടെ യുവജനങ്ങൾ ക്രമീകരിച്ച ജപമാല റാലിയിൽ മുതിർന്നവർ പങ്കുചേരാനെത്തിയതും ശ്രദ്ധേയമായി. സെന്റ് മൈക്കിൾ ബസിലിക്കയിൽനിന്ന് നഗര ചത്വരത്തിലേക്കായിരുന്നു, ‘റോസറി ഫോർ ദ യൂത്ത് ഓഫ് സ്‌പെയിൻ’ (റൊസാരിയോ പോർ ലാ യുവന്റഡ് ഡി എസ്പാന) എന്ന പേരിൽ ക്രമീകരിച്ച ജപമാല റാലി.
ജപമാലയുടെ മഹത്തായ ശക്തിയിൽ വിശ്വസിക്കുന്ന ഒരുകൂട്ടം സുഹൃത്തുക്കൾ പകർന്ന ആശയമാണ് ഈ പ്രാർത്ഥനാ സംരംഭത്തിന് വഴിയൊരുക്കിയത്. കൂടുതൽ ആളുകളെ ജപമാല ചൊല്ലാൻ പ്രചോദിപ്പിക്കുംവിധം പരസ്യമായ വിശ്വാസസാക്ഷ്യങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ക്രമീകരിച്ച ജപമാല റാലിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. ദൈവമാതാവിന്റെ തിരുരൂപവും വഹിച്ചാണ് യുവജനങ്ങൾ റാലിയിൽ അണിചേർന്നത്.
സ്‌പെയിൽ ഉൾപ്പെടെയുള്ള യൂറോപ്പ്യൻ രാജ്യങ്ങളിൽ ക്രിസ്തീയ വിശ്വാസം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, മാഡ്രിഡിലെ തെരുവുകളിൽ ആയിരക്കണക്കിന് കത്തോലിക്കർ ഒരുമിച്ചു ചേർന്ന് നടത്തിയ ഈ വിശ്വാസ പ്രഘോഷണം അനേകർക്ക് വിശ്വാസ ജീവിതത്തിലേക്കുള്ള കടന്നുവരവിന് മാർഗദീപമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നിരീശ്വരവാദിയായ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് 2018ൽ അധികാരം ഏറ്റടുത്തതു മുതൽ ആരംഭിച്ച ക്രൈസ്തവ വിരുദ്ധ നിലപാടുകളും ഈ പ്രാർത്ഥനാ മുന്നേറ്റത്തെ ശ്രദ്ധേയമാക്കുന്നു.
ഇത് നാലാം തവണയാണ് യുവജനങ്ങളുടെ പ്രാർത്ഥനാ റാലിക്ക് മാഡ്രിഡ് നഗരം വേദിയാകുന്നത്. 2018ലും 2019ലും 2022ലും സംഘടിപ്പിക്കപ്പെട്ട ജപമാല റാലിയിലും ആയിരങ്ങൾ അണിചേർന്നിരുന്നു. ‘പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിക്കാനും അമ്മയുടെ നീലക്കാപ്പയുടെ സംരക്ഷണത്തിലായിരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ദൈവമാതാവ് നമ്മുടെയെല്ലാം അമ്മയാണ്. നമ്മെ അമ്മ സ്വീകരിക്കും, യേശുവിലേക്ക് നയിക്കുകയും ചെയ്യും,’ ജപമാല റാലിയെ കുറിച്ച് സംഘാടകർ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *