Follow Us On

25

December

2024

Wednesday

ഈസ്റ്റ് ഹാം സീറോ മലബാർ കൂട്ടായ്മയെ പുതിയ മിഷൻ  കേന്ദ്രമായി ഉയർത്തി ഗ്രേറ്റ് ബ്രിട്ടൺ രൂപത

ഷൈമോൻ തോട്ടുങ്കൽ

ഈസ്റ്റ് ഹാം സീറോ മലബാർ കൂട്ടായ്മയെ പുതിയ മിഷൻ  കേന്ദ്രമായി ഉയർത്തി ഗ്രേറ്റ്  ബ്രിട്ടൺ രൂപത

ലണ്ടൻ: ബ്രിട്ടണിൽ സീറോ മലബാർ വിശ്വാസികളുടെ ആദ്യകാല കുടിയേറ്റ കേന്ദ്രങ്ങളിൽ ഒന്നായ ഈസ്റ്റ് ഹാമിലെ സെന്റ് ജോർജ് പ്രപ്പോസ്ഡ് മിഷനെ രൂപതയുടെ ഏറ്റവും പുതിയ മിഷൻ കേന്ദ്രമാക്കി ഉയർത്തി ഗ്രേറ്റ് ബ്രിട്ടൺ രൂപത. മിഷന്റെ ആസ്ഥാനമായ സെന്റ് മൈക്കിൾസ് ദൈവാലയത്തിൽ അർപ്പിച്ച ദിവ്യബലിമധ്യേ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഔദ്യോഗികമായി നിർവഹിക്കുകയായിരുന്നു. തുടർന്ന് തിരിതെളിച്ച് മിഷന്റെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിച്ചു.

കുർബാന മധ്യേ വായിച്ച ഡിക്രി നിലവിലെ ഇടവക ട്രസ്റ്റിമാർക്ക് ബിഷപ്പ് കൈമാറി. ഫാ. ജോസഫ് മുക്കാട്ടാണ് (ഫാ. ലിജേഷ്) മിഷൻ ഡയറക്ടർ. ഫാ. ഷിന്റോ വർഗീസും മിഷന് ആത്മീയ നേതൃത്വം നൽകും. ഈസ്റ്റ് ലണ്ടന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറിലേറെ കുടുംബങ്ങൾ സെന്റ് ജോർജ് മിഷനിൽ ഇപ്പോൾ അംഗങ്ങളാണ്. ജോലിക്കായും പഠനത്തിനായും ലണ്ടനിലെത്തിയ ഇതര സഭാംഗങ്ങളും ഞായറാഴ്ചകളിൽ മലയാളം ദിവ്യബലിക്കായി എത്തിച്ചേരുന്നത് ഈസ്റ്റ് ഹാമിലാണ്.

മിഷൻ പ്രഖ്യാപനത്തിനായി എത്തിയ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന് ഇടവകാംഗങ്ങൾ ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. സെന്റ് മൈക്കിൾസ് ദൈവാലയ വികാരി ഫാ. ബോബ് ഹാമിൽ, മിഷൻ ഡയറക്ടർ ഫാ. ജോസഫ് മുക്കാട്ട്, ഫാ. ഷിന്റോ വർഗീസ് ട്രസ്റ്റിമാരായ സാമുവൽ തോമസ്, റാണി മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കാലങ്ങളായി ബ്രിട്ടണിലേക്ക് കുടിയേറിയ സീറോ മലബാർ വിശ്വാസികൾ ആദ്യമായി ഒത്തുകൂടി മലയാളത്തിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ ആരംഭിച്ചത് ഈസ്റ്റ് ഹാമിലായിരുന്നു.

ഉപരിപഠനത്തിനായും മറ്റും എത്തിയിരുന്ന വൈദികരുടെ നേതൃത്വത്തിലായിരുന്നു രണ്ടു പതിറ്റാണ്ടു മുമ്പ് വിശ്വാസികൾ തന്നെ മുൻകൈയെടുത്ത് രൂപംകൊടുത്ത ഈ കൂട്ടായ്മയുടെ പിറവി. ഈസ്റ്റ് ഹാം സെന്റ് മൈക്കിൾസ്, അപ്റ്റൺപാർക്ക് ഔർ ലേഡി ഓഫ് കംപാഷൻ എന്നീ ദൈവാലയങ്ങളിൽ മാസത്തിൽ ഒരിക്കൽ എന്ന രീതിയിൽ മലയാളത്തിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ ഈ സമൂഹം സൗകര്യമൊരുക്കി. സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൺ എന്ന പേരിൽ രൂപത നിലവിൽ വന്നതിനെ തുടർന്ന് മാർ ജോസഫ് സ്രാമ്പിക്കൽ ഈസ്റ്റ്ഹാമിലെ ഈ ആദ്യ കൂട്ടായ്മയെ സെന്റ് ജോർജ് പ്രപ്പോസ്ഡ് മിഷനായി പ്രഖ്യാപിച്ചിരുന്നു.

ഫാ. ജോർജ് ചീരാംകുഴി, ഫാ. ഇന്നസെന്റ് പുത്തൻതറയിൽ, ഫാ. തോമസ് പാറയടിയിൽ, ഫാ. ജോസ് അന്ത്യാംകളം, ഫാ. ഷൈജു ജോസഫ് തുടങ്ങിയ വൈദികരുടെ ആത്മീയ നേതൃത്വത്തിലായിരുന്നു ഈസ്റ്റ്ഹാമിലെ ഈ സീറോ മലബാർ കൂട്ടായ്മ ഒരു സമൂഹമായി വളർന്നത്. രണ്ടു പതിറ്റാണ്ടു കാലയളവിനുള്ളിൽ ഈ വിശ്വാസ കൂട്ടായ്മയ്ക്കു അൽമായ നേതൃത്വം നൽകിയ ട്രസ്റ്റിമാരെ ദിവ്യബലിക്കുശേഷം ബിഷപ്പ് പൂച്ചെണ്ടു നൽകി ആദരിച്ചു. രൂപതയുടെ ചാരിറ്റി ഫണ്ടിലേക്ക് മിഷൻ ലീഗ് അംഗങ്ങൾ സമാഹരിച്ച തുക ദൈവാലയത്തിൽവെച്ച് സംഘടനാ നേതാക്കൾ കൈമാറി.

വൈകിട്ട് ഈസ്റ്റ്ഹാം ടൗൺ ഹാളിൽ ചേർന്ന പൊതുയോഗത്തിൽ വിവിധ കലാപരിപാടികളോടെയായിരുന്നു മിഷൻ പ്രഖ്യാപനത്തിന്റെ സമാപനം. വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടത്തിയ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. പ്രിസ്റ്റൺ ആസ്ഥാനമായുള്ള ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയ്ക്ക് നിലവിൽ മിഷനുകളും പ്രപ്പോസ്ഡ് മിഷനുകളുമായി 81 സമൂഹങ്ങളാണുള്ളത്. ഇതിൽ നാലെണെ്ണം സ്വന്തമായി ദൈവാലയങ്ങളുള്ള ഇടവകകളായി മാറിക്കഴിഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?