Follow Us On

23

November

2024

Saturday

യുദ്ധമുഖത്ത് അജപാലനം നിറവേറ്റുന്ന മൂന്ന് വൈദീകർക്ക് പട്ടാള മെഡലുകൾ സമ്മാനിച്ച് യുക്രേനിയൻ പ്രസിഡന്റ്

യുദ്ധമുഖത്ത് അജപാലനം നിറവേറ്റുന്ന മൂന്ന് വൈദീകർക്ക് പട്ടാള മെഡലുകൾ സമ്മാനിച്ച്  യുക്രേനിയൻ പ്രസിഡന്റ്

കീവ്: യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തിന്റെ ഒന്നാം വാർഷികത്തിൽ, യുദ്ധമുന്നണിയിൽ അജപാലന ശുശ്രൂഷ നിർവഹിക്കുന്ന മൂന്ന് കത്തോലിക്കാ വൈദീകർക്ക് ഉന്നത സൈനീക ബഹുമതികൾ സമ്മാനിച്ച് യുക്രേനിയൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി. കൈവ്പെച്ചെർസ്‌ക് ആശ്രമ ദൈവാലയത്തിലെ യോഗത്തിൽ നേരിട്ടെത്തിയാണ് പ്രസിഡന്റ് സെലൻസ്‌കി സായുധ സേനയിലെ മിലിട്ടറി ചാപ്ലൈന്മാർക്ക് സൈനീക ബഹുമതികൾ കൈമാറിയതെന്നതും ശ്രദ്ധേയം.

ഫാ. റോസ്റ്റിസ്ലാവ് വൈസോചൻ, ഫാ. യൂറി ലെസിഷിൻ, ഫാ. യൂറി ലോഗാസ എന്നീ മൂന്ന് യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ വൈദികരാണ് സൈനീക ബഹുമതിക്ക് അർഹരായത്. ‘യുക്രൈനിലെ സൈനിക സേവനത്തിന്’ എന്ന് രേഖപ്പെടുത്തിയ മെഡലാണ് ഫാ. വൈസോചന് സമ്മാനിച്ചത്. മറ്റ് രണ്ട് ചപ്ലൈന്മാർക്കും നൽകിയ മെഡലിൽ ‘പിതൃരാജ്യത്തിന്റെ പ്രതിരോധം’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സൈനികരും അവരുടെ പ്രിയപ്പെട്ടവരും അവരോട് ചേർന്നുനിൽക്കുന്നവരും വൈദികരിൽ വിശ്വസിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും പ്രസിഡന്റ് സെലൻസ്‌കി പറഞ്ഞു.

‘മുഴുനീള യുദ്ധത്തിന്റെ ഈ വർഷം സൈനികർക്കൊപ്പം നിന്നതിനെപ്രതി നിങ്ങളുടെ സേവനത്തിന് നന്ദി പറയുന്നു. സൈനീകരെയും അവരുടെ കുടുംബങ്ങളെയും ആത്മീയമായി നിങ്ങൾ പിന്തുണച്ചു. അതിനനുസൃതമായി പരിഷ്‌കരിച്ച നിയമം നമുക്കുണ്ടായതിൽ സന്തോഷമുണ്ട്. ഞങ്ങൾക്ക് നിങ്ങളുണ്ട് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം,’ അദ്ദേഹം കൂട്ടിച്ചേർത്തു. സൈനികരെ ധീരമായി പിന്തുണയ്ക്കുകയും അവരുടെ മനോവീര്യം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ചാപ്ലൈന്മാരെ വീരന്മാരെന്ന് വിശേഷിപ്പിക്കുകയും ചെയ്തു അദ്ദേഹം.

ഇപ്രകാരമൊരു പദവി സായുധ സേനയിൽ ഏർപ്പെടുത്തിയതിനെപ്രതി വൈദീകർ പ്രസിഡന്റിന് നന്ദി അർപ്പിച്ചതും ശ്രദ്ധേയമായി. ‘രാജ്യത്തിനുവേണ്ടി പോരാടുന്നവർക്ക് താങ്ങാവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ജനങ്ങളൊന്നടങ്കം പോരാടുന്നവർക്ക് ഒപ്പമുണ്ടെന്ന് വ്യക്തമാക്കാൻ ഞങ്ങൾ മുന്നിലുണ്ട്. എന്തെന്നാൽ ദൈവം നമ്മെ കൈവിടില്ല. നമ്മുടെ ആത്മാവ് ശക്തമാകുമ്പോൾ, മനുഷ്യന് അത്ഭുതങ്ങൾ പ്രവർത്തിക്കാനാകും. ദൈവത്താൽ നാം വിജയിക്കും,’ വൈദീകർ പങ്കുവെച്ചു.

ശത്രുക്കൾ ഇല്ലെങ്കിൽപ്പോലും സദാ സേനാംഗങ്ങൾക്കൊപ്പം നിൽക്കേണ്ട വ്യക്തികളാണ് മിലിട്ടറി ചാപ്ലൈന്മാർ. അജപാലനപരമായ ചുമതലകൾ മാത്രമല്ല, സൈനികരുടെ പുനരധിവാസത്തിലും പുനരുജ്ജീവനത്തിലും ചാപ്ലൈന്മാർക്ക് പങ്കുണ്ടെന്നും ഫാ. റോസ്റ്റിസ്ലാവ് അഭിപ്രായപ്പെട്ടു. അതേസമയം തങ്ങൾ ചെയ്യുന്ന സേവനത്തെ കുറിച്ച് സമൂഹത്തിനും സൈന്യത്തിനുമുള്ള ധാരണ വളരെ പരിമിതമാണെന്നതിലുള്ള സങ്കടവും അദ്ദേഹം പങ്കുവെച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?