ക്രാക്കോ: വിശുദ്ധ ജോൺ പോൾ രണ്ടാമനെയും അദ്ദേഹത്തിന്റെ പ്രബോധനങ്ങളെയും പ്രകീർത്തിച്ചുകൊണ്ടുള്ള ഐക്യദാർഢ്യ റാലികൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി പോളിഷ് നഗരങ്ങൾ. വാഴ്സോ ഉൾപ്പെടെയുള്ള പ്രധാന പോളിഷ് നഗരങ്ങളിലൂടെ ഏപ്രിൽ രണ്ടിനാണ് റാലി ക്രമീകരിച്ചിരിക്കുന്നത്.
ജോൺ പോൾ രണ്ടാമൻ ക്രാക്കോ അതിരൂപതാ അധ്യക്ഷനായിരിക്കേ, വൈദീകർ പ്രതിയായ ലൈംഗിക പീഡന പരാതികൾ മറച്ചുവെച്ചെന്ന് ആരോപിക്കുന്ന ഒരു വിവാദ ഗ്രന്ഥം ഈയിടെ പുറത്തിറങ്ങിയിരുന്നു. അതേ തുടർന്ന് വിശുദ്ധ ജോൺ പോളിന്റെ സദ്കീർത്തിക്കുനേരെ തൽപ്പര കക്ഷികൾ ആക്രമണം അഴിച്ചുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് വിശ്വാസീസമൂഹം ഐക്യദാർഢ്യ റാലികൾ നടത്താൻ തീരുമാനിച്ചത്.
പാപ്പയ്ക്കെതിരായ വിവാദ പരാമർശങ്ങൾക്കെതിരെ പ്രതികരിക്കുന്നതിലുണ്ടായ പരാജയം വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണകൾ രൂപപ്പെടാൻ ഇടയായതിന്റെ പശ്ചാത്തലത്തിൽ റാലിക്ക് വലിയ പ്രസക്തിയാണുള്ളത്. വിശുദ്ധ ജോൺ പോൾ രണ്ടാമനിലുള്ള നമ്മുടെ വിശ്വാസം സാക്ഷ്യപ്പെടുത്തുകയും അദ്ദേഹത്തിന്റെ പ്രബോധനങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെയും അനിവാര്യത തിരിച്ചറിഞ്ഞ് സഭാംഗങ്ങൾ കുടുംബസമേതം മാർച്ചിൽ പങ്കെടുക്കണമെന്നും സംഘാടകർ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഓശാന ഞായറാഴ്ചയായ ഏപ്രിൽ രണ്ട് രാവിലെ 11.00ന് റോണ്ടോ റൊമാന റൗണ്ട് എബൗട്ടിൽനിന്നാണ് വാഴ്സോയിലെ റാലി ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 12.30ന് സ്വിറ്റോജാൻസ്കയിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് കത്തീഡ്രലിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയോടെയാകും സമാപനം.
Leave a Comment
Your email address will not be published. Required fields are marked with *