പാരിസ്: ഫ്രാൻസിൽ ഇക്കഴിഞ്ഞ ദിവസം സിറിയൻ അഭയാർത്ഥി നടത്തിയ കത്തിയാക്രമണത്തിൽനിന്ന് കുട്ടികളെ രക്ഷിക്കാൻ സഹായിച്ചത് കത്തോലിക്കാ യുവാവായ ഹെൻറിയുടെ സമയോചിതമായ ഇടപെടൽ. ഫ്രഞ്ച് പട്ടണമായ അന്നേസിയിലെ പാർക്കിൽ സിറിയൻ അഭയാർത്ഥി നടത്തിയ ആക്രമണത്തിൽ നാല് കുഞ്ഞുങ്ങൾ ഉൾപ്പെടെ ആറു പേർക്കാണ് പരിക്കേറ്റത്. കുട്ടികളെ ലക്ഷ്യമിട്ടെത്തിയ ആക്രമി കത്തിയുമായി കുട്ടികളെ കുത്താൻ ശ്രമിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ഹെൻറി ജീവൻ പണയംവെച്ച് ആക്രമിയെ ചെറുക്കുകയായിരുന്നു.
കൈയിലുണ്ടായിരുന്ന ബാഗ് ഉപയോഗിച്ചുകൊണ്ട് ഹെൻറി ആക്രമിയെ തടയുന്നതും ഓടിപ്പോകാൻ ശ്രമിക്കുന്ന ആക്രമിയെ പിന്തുടരുന്നതും ഉൾപ്പെടെയുള്ള വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഹെൻറിയുടെ സമയോചിത ഇടപെടലിനെ കുറിച്ചുള്ള വിവരങ്ങൾ ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. രാജ്യത്തുടനീളമുള്ള കത്തീഡ്രലുകളിൽ സന്ദർശിക്കുന്നതിന്റെ ഭാഗമായുള്ള യാത്രയിലായിരുന്നു 24 വയസുകാരനായ ഹെൻറി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പൊലീസ് കാലിനു വെടിവച്ചു പിടികൂടുകയായിരുന്നു.
കത്തോലിക്കാ വിശ്വാസിയായ ഹെൻറി, രാജ്യത്തുടനീളമുള്ള കത്തീഡ്രലുകൾ സന്ദർശിക്കുന്നതിനായി ഒൻപതു മാസത്തെ പര്യടനത്തിലാണിപ്പോൾ. താൻ സന്ദർശിക്കുന്ന കത്തീഡ്രലുകളുടെ ചിത്രങ്ങളും വീഡിയോകളും പങ്കിടാൻ മാർച്ചിൽ അദ്ദേഹം തുടക്കം കുറിച്ച ഇൻസ്റ്റാഗ്രാം പേജിന് ഇപ്പോൾ അരലക്ഷത്തിൽപ്പരം ഫോളോവേഴ്സുണ്ട്. ‘ഹെൻറി, 24 വയസ്, കത്തീഡ്രലുകളുമായി പ്രണയത്തിലാണ്,’ എന്ന വാക്കുകളാണ് അദ്ദേഹം ഇൻസ്റ്റാഗ്രാം പ്രൊ ഫൈലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇറ്റാലിയൻ- സ്വിസ് അതിർത്തിക്കടുത്ത അന്നേസി പട്ടണത്തിലെ തടാകത്തോടു ചേർന്ന പാർക്കിലായായിരുന്നു സംഭവം. കത്തിയുമായി എത്തിയ അക്രമി കുഞ്ഞുങ്ങളെ കുത്തുകയായിരുന്നു. രക്ഷിതാക്കൾ ഉന്തുവണ്ടിയിൽ കൊണ്ടുവന്ന കുഞ്ഞും ആക്രമിക്കപ്പെട്ടു. ഓടിപ്പോയ അക്രമി പിന്നീട് രണ്ടു മുതിർന്നവരെയും കുത്തി. പരിക്കേറ്റ രണ്ടു കുഞ്ഞുങ്ങളുടെയും ഒരു മുതിർന്നയാളുടെയും നില ഗുരുതരമായി തുടരുകയാണ്.
ആക്രമണത്തെ ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ അപലപിച്ചു. ‘ഭീരുത്വത്തിന്റെ ആക്രമണമാണ് അന്നേസിയിലെ പാർക്കിൽ നടന്നത്. ഞങ്ങളുടെ കുട്ടികളും മുതിർന്നവരും ജീവിതത്തിനും മരണത്തിനുമിടയിലാണ്. അവർക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണ് ഞങ്ങളുടെ ചിന്തകൾ. അടിയന്തര സഹായങ്ങൾ ലഭ്യമാക്കും,’ അദ്ദേഹം പറഞ്ഞു. കത്തിയാക്രമണത്തിൽ നടുങ്ങിവിറയ്ക്കുന്നുണ്ടെങ്കിലും കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് ഫ്രഞ്ച് ജനത.
Leave a Comment
Your email address will not be published. Required fields are marked with *