വാഴ്‌സോ: ക്രിസ്തുവിശ്വാസം പരസ്യമായി പ്രഘോഷിക്കാൻ നഗരനിരത്തുകളിൽ ഉടനീളം ദിവ്യകാരുണ്യ പ്രദക്ഷിണം ക്രമീകരിച്ച് പരിശുദ്ധ കുർബാനയുടെ തിരുനാൾ (കോർപ്പസ് ക്രിസ്റ്റി) ഭക്തിസാന്ദ്രമാക്കി പോളിഷ് കത്തോലിക്കർ. പരിശുദ്ധ കുർബാനയുടെ തിരുനാളിൽ തെരുവുകളിലൂടെ നടത്തുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം പോളിഷ് കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പരമ്പരാഗത അനുഷ്ഠാനമാണ്. ഈ വർഷവും അത് സാഘോഷം ക്രമീകരിക്കാൻ സാധിച്ചതിന്റെ ആനന്ദത്തിലാണ് പോളണ്ടിലെ വിശ്വാസീസമൂഹം.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘടിപ്പിച്ച വിവിധ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളിലായി പതിനായിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. പ്രഥമ ദിവ്യകാരുണ്യ സ്വീകരണം കഴിഞ്ഞ കുട്ടികൾ വെള്ള വസ്ത്രങ്ങൾ അണിഞ്ഞ് റോസാപൂ ഇതളുകൾ വിതറി ദിവ്യകാരുണ്യ ഈശോയെ വരവേറ്റു. തങ്ങളുടെ മധ്യത്തിലൂടെ കടന്നു പോകുന്ന ദിവ്യകാരുണ്യ ഈശോയ്ക്ക് കൂപ്പുകൈകളോടെ സ്തുതിയാരാധനകൾ അർപ്പിക്കുമ്പോൾ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
ചില സ്ഥലങ്ങളിൽ, പ്രദക്ഷിണവഴിയിലുള്ള നഗര ചത്വരങ്ങളിലും മറ്റും ഒരുക്കിയ താൽക്കാലിക ആരാധനകേന്ദ്രങ്ങളിൽവെച്ച് വൈദീകർ ദിവ്യകാരുണ്യ ആശീർവാദവും നൽകി. പോസ്‌നാ കത്തീഡ്രലിലെ തിരുനാൾ തിരുക്കർമങ്ങൾക്ക് പോളിഷ് കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനും പോസ്‌നാ ആർച്ച്ബിഷപ്പുമായ സ്റ്റാനിസ്ല്വാ ഗോഡെക്കി മുഖ്യകാർമികത്വം വഹിച്ചു. കത്തോലിക്കാ വിശ്വാസിയുടെ ജീവിതം ദിവ്യകാരുണ്യത്തിൽ അധിഷ്ഠിതമാണെന്ന് ഓർമിപ്പിച്ച അദ്ദേഹം, ക്രിസ്തുവിന്റെ ശരീരമായ തിരുസഭ ഐക്യത്തിന്റെ സേവകനാണെന്നും സഭയിൽ നമുക്ക് ഓരോരുത്തർക്കും സവിശേഷമായ ദൗത്യങ്ങൾ നിർവഹിക്കാനുണ്ടെന്നും ഉദ്ബോധിപ്പിച്ചു.
ബ്ലാക്ക് മഡോണയുടെ തിരുസ്വരൂപം സ്ഥിതിചെയ്യുന്ന ജെസ്‌ന ഗോര തീർത്ഥാനകേന്ദ്രത്തിലെ തിരുക്കർമങ്ങളിൽ ചെസ്റ്റോച്ചോവ ആർച്ച്ബിഷപ്പ് വാക്ലോ ഡെപ്പോയായിരുന്നു കാർമികൻ. രൂപതകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രദക്ഷിണങ്ങൾക്ക് ബിഷപ്പുമാരും ഇടവകകേന്ദ്രീകരിച്ചുള്ള പ്രദക്ഷിണങ്ങൾക്ക് വികാരിമാരും നേതൃത്വം നൽകി. റോമൻ ആരാധനക്രമപ്രകാരം ‘കോർപ്പസ് ക്രിസ്റ്റി’ തിരുനാൾ, പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ കഴിഞ്ഞുവരുന്ന വ്യാഴാഴ്ചയാണെങ്കിലും (ഇത്തവണ ജൂൺ 08), അതിനുശേഷമുള്ള ഞായറാഴ്ചയാണ് പലരാജ്യങ്ങളിലും ആഘോഷിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *