സെസ്റ്റോച്ചോവ: അജപാലന ശുശ്രൂഷയിൽ ദൈവമാതാവിന്റെ പരിപാലനയും മാധ്യസ്ഥവും തേടാൻ പോളണ്ടിലെ ജസ്‌ന ഗോറെ തീർത്ഥാടന കേന്ദ്രത്തിലേക്ക് 1400 വൈദീക വിദ്യാർത്ഥികളുടെ കാൽനട തീർത്ഥാടനം. പോളണ്ടിലെ സഭയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിക്കാൻ ഒരുങ്ങുന്ന മേജർ സെമിനാരി വിദ്യാർത്ഥികളാണ് ചെസ്റ്റോചോവയിലെ ജസ്‌ന ഗോറെ തീർത്ഥാടനകേന്ദ്രത്തിലേക്ക് തീർത്ഥാടകരായി എത്തിയത്.
രൂപതയ്ക്കുവേണ്ടിയും സന്യാസസഭകൾക്കുവേണ്ടിയും തിരുപ്പട്ടം സ്വീകരിക്കാൻ ഒരുങ്ങുന്നവരുടെ ജസ്‌ന ഗോറെ തീർത്ഥാടനം അഞ്ച് വർഷത്തിൽ ഒരിക്കൽ പോളിഷ് സഭ ക്രമീകരിക്കുന്ന വിശേഷാൽ അനുഷ്ഠാനമാണ്. ദൈവവിളികൾ വർദ്ധിക്കാനും വൈദികർ തങ്ങളുടെ വിളിയിൽ വിശ്വസ്തതയോടെ ഉറച്ചുനിൽക്കാനും വേണ്ടി ദൈവമാതാവിന്റെ മാധ്യസ്ഥ്യം തേടുക എന്ന ലക്ഷ്യത്തോടെ 1999ലാണ് പ്രസ്തുത തീർത്ഥാടനത്തിന് തുടക്കം കുറിച്ചത്.
മരിയൻ സ്തുതിഗീതങ്ങൾ ആലപിച്ചും ജപമാല ചൊല്ലിയും ഒരൊറ്റ ഗണമായി സെമിനാരി വിദ്യാർത്ഥികൾ ഔർ ലേഡി ഓഫ് സിസ്റ്റോ ചോവയുടെ ഭവനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജസ്‌ന ഗോറെയിലേക്ക് നടന്നുനീങ്ങുന്ന കാഴ്ച വികാരനിർഭരമായിരുന്നു. തീർത്ഥാടനം ദൈവാലയത്തിൽ എത്തിച്ചേർന്നതിനെ തുടർന്ന് അർപ്പിച്ച ദിവ്യബലിയിൽ വൈദികർക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷൻ കർദിനാൾ ലസാരോ യു ഹ്യൂങ് ആയിരുന്നു മുഖ്യകാർമികൻ.
പൗരോഹിത്യം എന്നത് ശുശ്രൂഷയാണെന്നും ശിഷ്യരുടെ കാലുകൾ കഴുകിയ ക്രിസ്തുവായിരിക്കണം വൈദീകരുടെ മാതൃകയെന്നും വൈദീകാർത്ഥികളെ കർദിനാൾ ലസാരോ ഓർമിപ്പിച്ചു. ‘ഭാവിപുരോഹിതർ എന്ന നിലയിൽ ദൈവവചനത്തിൽ വിശ്വസിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ജീവിക്കുകയും വേണം. പൗരോഹിത്യം എന്നത് ഒരു സേവനമാണ്. വൈദികർ യേശുവിനെ അനുഗമിക്കുന്നവരായിരിക്കണം. ശിഷ്യന്മാരുടെ കാലുകൾ കഴുകിയ ക്രിസ്തുവായിരിക്കണം നമ്മുടെ മാതൃക.’
വിശുദ്ധ ലൂക്ക വരച്ചതായി കരുതപ്പെടുന്ന ‘ഔർ ലേഡി ഓഫ് സെസ്റ്റോചോവ’ അഥവാ ‘ബ്ലാക്ക് മഡോണ’ ചിത്രം സ്ഥിതി ചെയ്യുന്ന ദൈവാലയമാണ് ‘ജസ്‌ന ഗോറെ’. ഇവിടെ സൂക്ഷിച്ചിരിക്കുന്ന നാലടി പൊക്കമുള്ള പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രത്തെ രാജ്യം ഏറെ ആദരവോടെയാണ് കാണുന്നത്. 1652ൽ പോളണ്ടിന്റെ രാജാവായിരുന്ന ജോൺ രണ്ടാമൻ കാസിമിർ രാജ്യത്തിന്റെ രാജ്ഞിയായി ദൈവമാതാവിനെ പ്രഖ്യാപിക്കുകയും, ബ്ലാക്ക് മഡോണ രൂപത്തിന് പ്രത്യേക പ്രാധാന്യം നൽകുകയും ചെയ്തിരിന്നു. 1717 സെപ്റ്റംബർ എട്ടിന് ക്ലെമന്റ് 11ാമൻ പാപ്പയാണ് മാതാവിന്റെ ചിത്രത്തെ കാനോനികമായ കിരീടധാരണത്തിലേക്ക് ഉയർത്തിയത്.
Leave a Comment
Your email address will not be published. Required fields are marked with *