ലിസ്ബൺ: ആഗോള കത്തോലിക്കാ സഭ കാത്തുകാത്തിരുന്ന ലോക യുവജന സംഗമത്തിന് ദിനങ്ങൾ മാത്രം ശേഷിക്കേ ആതിഥേയ രാജ്യമായ പോർച്ചുഗലിനൊപ്പം തയാറെടുപ്പുകൾ പൂർത്തിയാക്കി ശാലോം വേൾഡ് ടി.വി. ലോകത്തിലെ ഏറ്റവും വലിയ യുവജനകൂട്ടായ്മ എന്ന ഖ്യാതി നേടിയ ‘ലോക യുവജന സംഗമ’ത്തിന്റെ മീഡിയാ പാർട്ണറായ ശാലോം വേൾഡ്, യുവത്വത്തിന്റെ താളവും ഓജസും പ്രസരിക്കുന്ന പ്രോഗ്രാമുകൾ മികവുറ്റ രീതിയിൽ ലഭ്യമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് സജ്ജീകരിക്കുന്നത്.
പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണാണ് ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെ നടക്കുന്ന ലോക യുവജന സംഗമത്തിന്റെ ആതിഥേയർ. 150ൽപ്പരം രാജ്യങ്ങളിൽനിന്നുള്ള ഒന്നര മില്യൺ (15 ലക്ഷം) ജനതയുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ലോക യുവജന സംഗമ വേദിയിൽ ആറ് ദിനങ്ങളിലായി അരങ്ങേറുന്ന പ്രോഗ്രാമുകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ശാലോം വേൾഡ് തത്സമയം എത്തിക്കും. കൂടാതെ, ഫ്രാൻസിസ് പാപ്പയുടെ കാര്യപരിപാടികളും തത്‌സമയം ലഭ്യമാക്കും. ഓഗസ്റ്റ് രണ്ടു മുതൽ ആറു വരെയാണ് പാപ്പയുടെ സാന്നിധ്യം സംഗമത്തിലുണ്ടാകുക.
വിശിഷ്ടാതിഥികളുടെയും പ്രമുഖരുടെയും അഭിമുഖങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക പ്രോഗ്രാമുകൾ പ്രക്ഷേപണം ചെയ്യാൻ സ്റ്റുഡിയോ സംവിധാനവും ശാലോം വേൾഡ് ഒരുക്കിക്കഴിഞ്ഞു.കൂടാതെ, അവിടെനിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ SW NEWSന്റെ വെബ്സൈറ്റിലൂടെ ഇംഗ്ലീഷിലും ‘സൺഡേ ശാലോം ഓൺലൈനി’ലൂടെ (sundayshalom.com) മലയാളത്തിലും ലഭ്യമാക്കാൻ പ്രത്യേക ലേഖകരുമുണ്ടാകും.
ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ ഉൾപ്പെടെയുള്ള ഭാഷകളിൽ 70 വേദികളിലായാണ് പ്രോഗ്രാമുകൾ നടക്കുക. ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനകളും അർപ്പിക്കപ്പെടുന്ന, വിശ്വാസ പ്രബോധനങ്ങളും പ്രഭാഷണങ്ങളും സംഗീത- സാംസ്‌ക്കാരിക പരിപാടികളും അരങ്ങേറുന്ന ലോക യുവജന സംഗമത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ്, സംഗമവേദിയിൽ ഒരുക്കുന്ന കുമ്പസാരത്തിനുള്ള വിപുലമായ സൗകര്യങ്ങൾ.
യുവജനങ്ങളാണ് സഭയുടെ ഭാവി എന്നത് ഉദ്‌ഘോഷിക്കാനും യുവജന പ്രേഷിതത്വത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്താനും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് 1986ൽ ആഗോള യുവജന ദിനാഘോഷത്തിന് തുടക്കമിട്ടത്. രൂപതാതലത്തിൽ ആഘോഷിക്കപ്പെടേണ്ട ദിനമായിട്ടായിരുന്നു ആരംഭം. പിന്നീട് 1991ലാണ്, രണ്ടോ മൂന്നോ വർഷംകൂടുമ്പോഴുള്ള ആഗോളതലത്തിലുള്ള സംഗമങ്ങൾക്ക് രൂപം നൽകിയത്.
പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആപ്പിൾ ടി.വി, ആമസോൺ ഫയർ ഉൾപ്പെടെയുള്ള സ്മാർട്ട് ടി.വികളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്. കൂടാതെ ശാലോം വേൾഡിന്റെ വെബ്‌സൈറ്റിലും (shalomworld.org) ശാലോം വേൾഡിന്റെ യൂ ടൂബ്, ഫേസ്ബുക്ക് പേജുകളിലും തത്സമയ സംപ്രേഷണം ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ഡിവൈസുകളിൽ ശാലോം ചാനൽ ലഭ്യമാക്കാനുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക: shalomworld.org/watchon
Leave a Comment
Your email address will not be published. Required fields are marked with *