കീവ്: ലോകമെമ്പാടുമുള്ള 130 കോടിയിൽപ്പരം വരുന്ന (1.3 ബില്യൺ) കത്തോലിക്കർക്കൊപ്പം ഡിസംബർ 25നുതന്നെ ക്രിസ്മസ് ആഘോഷിക്കാനുള്ള ചരിത്രപരമായ തീരുമാനത്തിൽ യുക്രേനിയൻ ഭരണകൂടം. ഇതു സംബന്ധിച്ച് പാർലമെന്റ് പാസാക്കിയ ബില്ലിൽ പ്രസിഡന്റ് സെലൻസ്‌കി കഴിഞ്ഞ ദിവസം ഒപ്പിട്ടതോടെയാണ്, ആഗോള കത്തോലിക്കാ സഭയ്‌ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനുള്ള സാധ്യത തെളിഞ്ഞത്. റഷ്യൻ സംസ്‌കാര സ്വാധീനം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.
ജൂലിയൻ കലണ്ടർ പിന്തുടർന്നിരുന്ന യുക്രൈനിലെ സഭകൾ ജനുവരി ഏഴിനാണ് ഇതുവരെ ക്രിസ്മസ് ആഘോഷിച്ചിരുന്നത്. പ്രസിഡന്റ് പുഡിന്റെ നേതൃത്വത്തിൽ നടത്തിയ റഷ്യൻ അധിനിവേശവും അതിന് റഷ്യൻ ഓർത്തഡോക്‌സ് പാത്രീയാർക്കിസ് നൽകിയ പിന്തുണയും യുക്രൈനിലെ ഓർത്തഡോക്‌സ് സഭാ വിശ്വാസികളെ വളരെയേറെ ദുഃഖിപ്പിച്ചിരുന്നു. അതിനോടുള്ള പ്രതികരണമെന്ന നിലയിൽ, ക്രിസ്മസ് ദിനം ഡിസംബർ 25ലേക്ക് മാറ്റാനുള്ള തീരുമാനം യുക്രേനിയൻ ഓർത്തഡോക്സ് മെത്രാൻ സിനഡ് മേയ് 24ന് പ്രഖ്യാപിച്ചിരുന്നു.
ആരാധനക്രമം ജൂലിയൻ കലണ്ടറിൽനിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറ്റാനുള്ള തീരുമാനത്തിന്റെ ഫലമായിരുന്നു ഈ മാറ്റം. യുക്രൈനിൽ റഷ്യ നടത്തുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇപ്രകാരമൊരു തീരുമാനം വേണമെന്ന ആവശ്യം സഭയ്ക്ക് അകത്തുതന്നെ ശക്തമായിരുന്നു. ചരിത്രപരമായ ആ പ്രഖ്യാപനത്തെ തുടർന്ന് യുക്രേനിയൻ പാർലമെന്റിൽ സെലൻസ്‌കി ഭരണകൂടം അവതരിപ്പിച്ച ബിൽ ഈ മാസം ആദ്യം പാസാകുകയും ചെയ്തിരുന്നു. പ്രസ്തുത ബില്ലിൽ സെലൻസ്‌കി ഒപ്പിട്ടതോടെയാണ് ഇത് ഔദ്യോഗികമായി മാറിയത്.
കത്തോലിക്കാ സഭയുടെ ഭാഗമാണെങ്കിലും പൗരസ്ത്യ ആരാധനക്രമം പിന്തുടരുന്ന യുക്രേനിയൻ കത്തോലിക്കാ സഭയും സമാനമായ തീരുമാനം ഫെബ്രുവരിയിൽ കൈക്കൊണ്ടിരുന്നു. അതുപ്രകാരം യുക്രേനിയൻ കത്തോലിക്കാ സഭയിൽ വിശേഷാൽ ദിനങ്ങളുടെ ആഘോഷം ഈ സെപ്റ്റംബർ മുതൽ ഗ്രിഗോറിയൻ കലണ്ടർ പ്രകാരമായിരിക്കും. എന്തായാലും യുക്രൈനിലെ പൗരസ്ത്യ കത്തോലിക്കാ സഭയും ഓർത്തഡോക്‌സ് സഭയും ക്രിസ്മസ് ദിനം ഡിസംബർ 25ലേക്ക് മാറ്റുമ്പോൾ യുക്രൈനിൽ സഭൈക്യത്തിന്റെ ഒരു പുതിയ അധ്യായം സംജാതമാകുന്നു എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
Leave a Comment
Your email address will not be published. Required fields are marked with *