ക്രക്കോവ് (പോളണ്ട് ): ഇവിടെ നടന്ന ലൂഥറൻ സഭയുടെ പ്രതിനിധി സമ്മേളനത്തിൽ ആഗോള ലൂഥറൻ ഫെഡറേഷന്റെ പുതിയ തലവനായി ഡെൻമാർക്കിലെ ഇവാഞ്ചെലിക്കൽ ലൂതറൻ സഭയുടെ വിബോർഗ് രൂപതാ മെത്രാനായ ഹെൻറിക് സ്റ്റബ്ക്യോറിനെ തിരഞ്ഞെടുത്തു. ദൈവശാസ്ത്രജ്ഞനും സഭൈക്യ പ്രവർത്തനങ്ങളിൽ അറിയപ്പെടുന്ന വ്യക്തിയുമാണ് ഹെൻറിക് സ്റ്റബ്ക്യോർ.
പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടിയും, പ്രേഷിത പ്രവർത്തനങ്ങളിലെ പൊതുസംരംഭങ്ങളിലും, ദൈവശാസ്ത്രവിഷയങ്ങളിലുള്ള സഹകരണത്തിലും, സഭൈക്യ വിഷയങ്ങളിലെ വെല്ലുവിളികളോടുള്ള പൊതു പ്രതികരണങ്ങളിലും അധിഷ്ഠിതമായി തന്റെ നേതൃത്വത്തിൽ ലൂതറൻ ആഗോള ഫെഡറേഷന്റെ പ്രവർത്തനങ്ങൾ തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
സഭകൾ ഒന്നിച്ചു് പ്രവർത്തിക്കുന്നതു വഴി , സാക്ഷ്യം പങ്കുവയ്ക്കുന്നതിലൂടെയും സംവാദത്തിലൂടെയും ക്രൈസ്തവ വിശ്വാസം പ്രാവർത്തികമാക്കുന്നതിന്റെ മൂല്യം വർദ്ധിക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത സന്ദർഭങ്ങളിൽ കാണുന്ന വൈവിധ്യം, അർത്ഥഗർഭമായി സുവിശേഷം പ്രഘോഷിക്കുവാൻ ദൈവപുത്രനായ യേശുക്രിസ്തുവിലൂടെ ദൈവം നമ്മെ അംഗ സഭകളായി പരിപോഷിപ്പിക്കുന്നതിന്റെ അടയാളമാണ്. അതിനാൽ വൈവിധ്യം ഉറപ്പാക്കാനും എല്ലാ സ്വരങ്ങളും കേൾക്കാൻ ഇടവരുത്തുകയും ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്വമായി കാണുമെന്ന് അദ്ദേഹം പറഞ്ഞു. ഹെൻറിക് സ്റ്റബ്ക്യോറിന്റെ ഔദ്യോഗിക സ്ഥാനാരോഹണം അടുത്തയാഴ്ച നടക്കും.
Leave a Comment
Your email address will not be published. Required fields are marked with *