സ്ട്രാസ്ബര്‍ഗ് (ഫ്രാൻസ് ): ഈ വർഷത്തെ സഖാറോവ് പുരസ്‌കാരത്തിന് നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം അന്യായമായി തടവിലാക്കിയ ബിഷപ്പ് റോളാൻഡോ അൽവാരസിനെ യൂറോപ്യൻ പാർലമെന്റ് നാമനിർദ്ദേശം ചെയ്തു. മനുഷ്യാവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനാണ് സഖാറോവ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യൻ പാർലമെന്റിന്റെ വിദേശകാര്യ വികസന സമിതിയു ടെയും മനുഷ്യാവകാശ ഉപസമിതിയുടെയും യോഗത്തിലാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിക്കരാഗ്വേയിലെ ഏകാധിപതി പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ശക്തരായ വിമർശകരിൽ ഒരാളാണ് ബിഷപ്പ് അൽവാരസ്. ശക്തമായ പീഡനങ്ങൾക്കിടയിലും ഒറ്റയാള്‍ പോരാട്ടവുമായി അദ്ദേഹം നിക്കരാഗ്വയിൽ തുടര്‍ന്നു. സ്വേച്ഛാധിപത്യത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ നിലപാടാണ് ബിഷപ്പിനെ ഭരണകൂടത്തിന്റെ ശത്രുവാക്കി മാറ്റിയത്. 2023 ഫെബ്രുവരിയിൽ, രാജ്യം വിടാൻ വിസമ്മതിച്ചതിനെത്തുടർന്ന്, അദ്ദേഹത്തെ 26 വർഷത്തെ തടവിന് ശിക്ഷിക്കുകയാണുണ്ടായത്.
1988 മുതൽ, മനുഷ്യാവകാശങ്ങളുടെയും മൗലിക സ്വാതന്ത്ര്യങ്ങളുടെയും സംരക്ഷണത്തിനായി പോരാടുന്ന വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമാണ് യൂറോപ്യൻ പാർലമെന്റ് പുരസ്കാരം നല്‍കുന്നത്. 50,000 യൂറോയാണ് പുരസ്കാര തുക. ഒക്‌ടോബർ പന്ത്രണ്ടിന് വിദേശകാര്യ-വികസന സമിതികൾ ഫൈനലിസ്റ്റുകളെ കണ്ടെത്തുന്നതിന് സംയുക്ത യോഗം ചേരും. 19ന് യൂറോപ്യന്‍ പാർലമെന്റ് പ്രസിഡന്റും രാഷ്ട്രീയ ഗ്രൂപ്പുകളുടെ നേതാക്കളും ചേർന്ന് പുരസ്കാരജേതാവിനെ പ്രഖ്യാപിക്കും.
Leave a Comment
Your email address will not be published. Required fields are marked with *