Follow Us On

25

November

2024

Monday

ജോൺ ഫോസെയ്‌ക്ക്‌ സാഹിത്യ നോബേൽ; ആഹ്ലാദത്തിൽ നോർവീജിയൻ കത്തോലിക്കാ സഭ

ജോൺ ഫോസെയ്‌ക്ക്‌ സാഹിത്യ നോബേൽ; ആഹ്ലാദത്തിൽ നോർവീജിയൻ കത്തോലിക്കാ സഭ

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക വിശ്വാസിയും നോർവേ പൗരനുമായ ജോൺ ഫോസെ ഈ വർഷത്തെ സാഹിത്യ നോബേൽ സമ്മാനത്തിനർഹനായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് രാജ്യത്തെ കത്തോലിക്ക സഭ. ലൂഥറൻ സഭാ വിശ്വാസികളായിരുന്ന മാതാപിതാക്കൾക്ക് 1959 ൽ ജനിച്ച ഫോസെ, തന്റെ കൗമാര പ്രായത്തിൽ തന്നെ വിശ്വാസം ഉപേക്ഷിച്ചിരുന്നെങ്കിലും 2011ൽ നോർവീജയൻ ഭാഷയിൽ പുതിയ ബൈബിൾ തർജ്ജമ നടത്തിയ സംഘത്തിൽ അദ്ദേഹവും ഉൾപ്പെട്ടിരുന്നു. സ്ലോവാക്യ സ്വദേശിനിയും കത്തോലിക്കാ വിശ്വാസിയുമായ അന്നയെ 2012 ൽ വിവാഹം ചെയ്ത ജോൺ ഫോസെ ഓസ്ലോയിലെ സെന്റ് ഡൊമിനിക്‌സ് ആശ്രമത്തിൽ നിന്ന് മാമ്മോദീസ സ്വീകരിച്ചു.

പരമ്പരാഗതമായി പ്രൊട്ടസ്റ്റന്റ് രാജ്യമായ നോർവെയിൽ കത്തോലിക്കാ വിശ്വാസത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കാൻ ഫോസെയുടെ നോബൽ പുരസ്‌കാര ലബ്ധി കാരണമാകുമെന്ന് ട്രോന്തിയം രൂപതാ ബിഷപ്പ് എറിക്ക് വാർഡൻ പ്രത്യാശ പ്രകടിപ്പിച്ചു. ജോൺ ഫോസെയെ ബഹുമാനത്തോടെ വായിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തെപ്പോലൊരു ഗ്രന്ഥകാരനെ ലഭിച്ചത് രാജ്യത്തിന്റെ അനുഗ്രഹമായാണ് കാണുന്നത്. പൊതുജന ശ്രദ്ധയിൽ വരാൻ താല്പര്യപ്പെടുന്നില്ലായെങ്കിലും തന്റെ വിശ്വാസത്തെ പറ്റി പൊതുവേദികളിൽ പറയാൻ അദ്ദേഹം വിമുഖത കാട്ടിയിരുന്നില്ലെന്ന് ബിഷപ്പ് പറഞ്ഞു. അദ്ദേഹത്തിന്റെ എഴുത്തുകൾ വിശ്വാസ സംബന്ധമായ കാര്യങ്ങളെ അഭിമുഖീകരിക്കാനുള്ള സാധ്യതകൾ നൽകുന്നതാണെന്നും ബിഷപ്പ് വാർഡൻ പറഞ്ഞു.

മദ്യപാനവും മറ്റു ചില പ്രശ്നങ്ങൾ മൂലവും ക്ലേശിക്കുന്നതിനിടയിലാണ് താൻ കത്തോലിക്ക വിശ്വാസത്തിലേക്ക് ആകൃഷ്ടനായതെന്നു 2022ൽ ‘ദ ന്യൂയോർക്കർ’ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഫോസെ വെളിപ്പെടുത്തിയിരുന്നു. ഒരു കത്തോലിക്കാ ചിത്രകാരനെ കേന്ദ്ര കഥാപാത്രമാക്കി സെപ്റ്റോളജി എന്ന കഥ എഴുതുന്ന നാളുകളായിരുന്നു അത്. ആശങ്ക അനുഭവിക്കുന്നവർ, അരക്ഷിതാവസ്ഥ നേരിടുന്നവർ, ലക്ഷ്യബോധമില്ലാത്തവർ തുടങ്ങിയവരുടെ, വാക്കുകൾ കൊണ്ട് വിവരിക്കാൻ ബുദ്ധിമുട്ടുള്ള, അനുഭവങ്ങളുടെ ശബ്ദമായി മാറാൻ ജോൺ ഫോസെയുടെ എഴുത്തുകൾക്ക് സാധിച്ചുവെന്നു നോബൽ സമ്മാന കമ്മിറ്റി വിലയിരുത്തി. ഡിസംബർ പത്താം തീയതി സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ അദ്ദേഹത്തിന് നോബൽ പുരസ്‌കാരം സമ്മാനിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?