വത്തിക്കാൻ സിറ്റി: വിശ്വാസസത്യങ്ങളുടെ ധീരനായ പോരാളിയെന്ന് വിശേഷിപ്പിക്കപ്പെട്ട, സ്ഥാനത്യാഗം എന്ന അസാധാരണ നടപടിയിലൂടെ സകലരെയും അത്ഭുതപ്പെടുത്തിയ ബെനഡിക്ട് 16-ാമനെ സ്വർഗീയ ഭവനത്തിലേക്ക് യാത്രയാക്കാൻ എത്തിയത് പതിനായിരങ്ങൾ. രാഷ്ട്രത്തലവന്മാരും സഭാധ്യക്ഷന്മാരും മുതൽ സാധാരണക്കാർവരെയുള്ളവർ തങ്ങളുടെ പ്രിയ പാപ്പാ എമരിത്തൂസിന് അന്ത്യയാത്രയേകാൻ എത്തിയപ്പോൾ വത്തിക്കാൻ ചത്വരം നിറഞ്ഞുകവിഞ്ഞു.
വിശ്വാസസത്യങ്ങളുടെ കാര്യത്തിൽ പുലർത്തിയ നിലപാടുകളാൽ കാർക്കശ്യക്കാരനെന്ന് വിലയിരുത്തപ്പെട്ടെങ്കിലും ബെനഡിക്ട് 16-ാമന് ജനമനസുകളിലുള്ള സ്ഥാനം വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന് ലഭിച്ച വികാരനിർഭരമായ യാത്രയയപ്പ്. ഒരു പാപ്പയുടെ മൃതസംസ്‌ക്കാര കർമത്തിന് മറ്റൊരു പാപ്പ കാർമികത്വം വഹിക്കുന്ന ചരിത്രനിമിഷങ്ങൾക്കും ലോകം സാക്ഷിയായി. ഏതാണ്ട് അരലക്ഷത്തിൽപ്പരം പേർ നേരിട്ട് പങ്കെടുത്ത മൃതസംസ്‌ക്കാര കർമങ്ങളിൽ വിവിധ മാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിനാളുകളും പങ്കുചേർന്നു.
വത്തിക്കാൻ ചത്വരത്തിൽ ഒരുക്കിയ ബലിപീഠത്തിലായിരുന്നു മൃതസംസ്‌ക്കാര ശുശ്രൂഷകൾ. വത്തിക്കാൻ സമയം രാവിലെ 8.40നുതന്നെ ബെനഡിക്ട് 16-ാമന്റെ മൃതദേഹം അടക്കം ചെയ്ത പേടകം ബലിപീഠത്തിനു മുന്നിലേക്ക് കൊണ്ടുവന്നു. തുടർന്ന് അർപ്പിച്ച ജപമാല പ്രാർത്ഥനയോടെയായിരുന്നു ശുശ്രൂഷകൾക്ക് തുടക്കമായത്. ജപമാലയെ തുടർന്ന് ബിഷപ്പുമാരും ആർച്ച്ബിഷപ്പുമാരും കർദിനാൾമാരും ഉൾപ്പെടെയുള്ള കാർമികർ മുഖ്യകാർമികനായ ഫ്രാൻസിസ് പാപ്പയ്‌ക്കൊപ്പം ബലിവേദിയിലേക്ക് ആഗതരായി.
കർദിനാൾ തിരുസംഘം ഡീൻ കർദിനാൾ ജിയോവാന്നി ബാറ്റിസ്റ്റയായിരുന്നു ദിവ്യബലി അർപ്പിച്ചത്. ഫ്രാൻസിസ് പാപ്പ വചനസന്ദേശം പങ്കുവെച്ചു. ഒരു സഭാസമൂഹമായി കർത്താവിനെ പിഞ്ചെല്ലുന്ന നമുക്ക് ബെനഡിക്ട് 16-ാമനെ ദൈവതിരുമുമ്പിൽ സമർപ്പിക്കാം എന്ന വാക്കുകളോടെയാണ് പാപ്പ സന്ദേശം ആരംഭിച്ചത്: ‘ഇവിടെ കൂടിയിരിക്കുന്ന ദൈവജനം ഒന്നായി ചേർന്ന് തങ്ങളുടെ ഇടയന്റെ ജീവൻ ദൈവപിതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. തിരുസഭ ബെനഡിക്ട് 16-ാമനെ ഓർക്കുമ്പോൾ പരസ്പരം പ്രാർത്ഥനക്കു ഏൽപ്പിച്ചു കൊടുക്കുന്നത് നല്ല മാതൃകയാണ്.’
ദിവ്യബലിക്കുശേഷം മൃതസംസ്‌ക്കാര ശുശ്രൂഷയുടെ പ്രാർത്ഥനകൾക്ക് പാപ്പ കാർമികത്വം വഹിച്ചു. പരിശുദ്ധ മാതാവിന്റെ സ്‌തോത്രഗീതം ആലപിച്ചശേഷമായിരുന്നു മൃതദേഹം അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ നിലവറയിലേക്ക് മൃതദേഹ പേടകം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ആരംഭിച്ചത്. പാപ്പയും കർദിനാൾമാരും മാത്രമാണ് വിലാപയാത്രയിൽ അണിചേർന്നത്. പ്രദക്ഷിണം ബസിലിക്കയിലേക്ക് പ്രവേശിച്ചയുടൻ കവാടങ്ങൾ അടഞ്ഞു. കല്ലറയിൽ നടത്തിയ അവസാനഘട്ട പ്രാർത്ഥനയിൽ പാപ്പയായിരുന്നു മുഖ്യകാർമികൻ.
ബെനഡിക്ട് 16-ാമന്റെ ആഗ്രഹപ്രകാരം മൃതസംസ്‌ക്കാര കർമം ലളിതമായിരിക്കുമെന്ന് വത്തിക്കാൻ മുമ്പേ വെളിപ്പെടുത്തിയിരുന്നു. അതുപ്രകാരം ഇറ്റലി, ബെനഡിക്ട് 16-ാമന്റെ ജന്മദേശമായ ജർമനി എന്നീ രാജ്യങ്ങളുടെ ഭരണാധികാരികളെ മാത്രമേ മൃതസംക്കാര കർമത്തിലേക്ക് വത്തിക്കാൻ ഔദ്യോഗികമായി ക്ഷണിച്ചിരുന്നുള്ളൂ. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയാ മെലോനി, ജർമൻ പ്രസിഡന്റ് ഫ്രാങ്ക്വാൾട്ടർ സ്റ്റെയിൻമെയർ എന്നിവർ തിരുക്കർമങ്ങളിൽ പങ്കെടുക്കാനെത്തി.
കൂടാതെ, ഹംഗേറിയൻ പ്രസിഡന്റ് കാറ്റലിൻ നൊവാക്, പോളിഷ് പ്രസിഡന്റ് ആന്ദ്രേ ഡൂഡ, ബെൽജിയത്തിലെ ഫിലിപ്പ് രാജാവ്, സ്‌പെയിനിലെ സോഫിയ രാജ്ഞി എന്നിവരുടെയും സാന്നിധ്യം ഉണ്ടായിരുന്നു.കൂടാതെ നിരവധി രാജ്യങ്ങളിൽനിന്നും പൗരസ്ത്യ സഭകളിൽ നിന്നുള്ള പ്രതിനിധി സംഘവും മൃതസംസ്‌ക്കാര തിരുക്കർമങ്ങളിൽ പങ്കെടുക്കാനെത്തി. 120ൽപ്പരം കർദിനാൾമാരും 400ൽപ്പരം ബിഷപ്പുമാരും 3700ൽപ്പരം വൈദീകരുമാണ് തിരുക്കർമങ്ങളിൽ സഹകാർമികത്വം വഹിച്ചത്.
സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ തിരുക്കർമങ്ങൾ സമാപിച്ച ഉടൻ, ‘എത്രയും വേഗം വിശുദ്ധനാകട്ടെ’ എന്ന് അർത്ഥം വരുന്ന, ഇറ്റാലിയൻ ഭാഷയിൽ ‘സാന്തോ സുബീത്തോ’ എന്ന് രേഖപ്പെടുത്തിയ ബാനറുകൾ വിശ്വാസികൾ പ്രദർശിപ്പിച്ചതും ശ്രദ്ധേയമായി.
Leave a Comment
Your email address will not be published. Required fields are marked with *