Follow Us On

26

April

2024

Friday

ബോക്സ് ഓഫീസ് കളക്ഷനിൽ ‘അവതാറി’നെ പിന്നിലാക്കി ബൈബിൾ പരമ്പര ‘ദ ചോസൺ’ ഒന്നാമത്!

ബോക്സ് ഓഫീസ് കളക്ഷനിൽ ‘അവതാറി’നെ പിന്നിലാക്കി ബൈബിൾ പരമ്പര ‘ദ ചോസൺ’ ഒന്നാമത്!

വാഷിംഗ്ടൺ ഡി.സി: ഹോളിവുഡ് ബോക്‌സ് ഓഫീസ് കളക്ഷനിൽ ചരിത്രം രചിച്ച് ‘ദ ചോസൺ’ ബൈബിൾ പരമ്പര ഒന്നാമത്! റിലീസിംഗ് ദിനമായ ഫെബ്രുവരി രണ്ടിന് ‘അവതാർ: ദ വേ ഓഫ് വാട്ടർ’നെ പിന്തള്ളി 1.67 മില്യൺ ഡോളർ നേടിയാണ് ‘ദ ചോസൺ’ സ്വപ്‌നസമാനമായ നേട്ടം സ്വന്തമാക്കിയത്. വാരാന്ത്യത്തിൽ ബോക്സ് ഓഫീസ് ഹിറ്റ്‌സിലെ ‘ടോപ് 10’ പട്ടികയിൽ ‘ദ ചോസൺ’ ഇടംപിടിച്ചു എന്നതും ശ്രദ്ധേയം. ഈ സന്തോഷ വാർത്ത ‘ദ ചോസൺ ടി.വി സീരീസി’ന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ അണിയറ പ്രവർത്തകർ പുറത്തുവിടുകയായിരുന്നു.

‘അവതാർ’ എന്ന സിനിമയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയത് തികച്ചും അപ്രതീക്ഷിതമാണെന്നും ഈ നിലവാരത്തിലേക്ക് ഉയർത്തിയതിന് നന്ദി രേഖപ്പെടുത്തുന്നു എന്നുമായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ ഉള്ളടക്കം. ‘സിനിമയുടെ മാർക്കറ്റിംഗിനായി ഒന്നും ചെലവഴിച്ചിട്ടില്ല, വലിയ ലാഭം പ്രതീക്ഷിച്ചിട്ടുമില്ല. എങ്കിലും പ്രേക്ഷകരെ നിരാശരാക്കാതെ ‘ദ ചോസൺ’ ബിഗ് സ്‌ക്രീനിൽ ലഭ്യമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആരാധകർ അത് ഏറ്റെടുത്ത് ആഘോഷിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ട്,’ ‘ദ ചോസൺ’ന്റെ സംവിധായകൻ ഡാളസ് ജെങ്കിൻസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ക്രിസ്തുവിന്റെ പരസ്യജീവിതം ഇതിവൃത്തമാക്കിയ ‘ദ ചോസൺ’ പരമ്പരയുടെ മൂന്നാം സീസണിലെ രണ്ട് എപ്പിസോഡുകൾ ഫെബ്രുവരി രണ്ടു മുതൽ ആറുവരെമാത്രമാണ് തീയറ്ററുകളിൽ പ്രീമിയറായി റിലീസ് ചെയ്തത്. രണ്ട് ദിനം മാത്രം പ്രദർശിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ടിക്കറ്റ് വാങ്ങാനുള്ള തിരക്കുമൂലം വിതരണക്കാരായ ‘ഫാത്തം ഇവന്റ്സി’ന്റെ വെബ്സൈറ്റ് ക്രാഷായത് വലിയ വാർത്തയായിരുന്നു. ഇതേ തുടർന്ന് കൂടുതൽ ആളുകൾക്ക് സിനിമ കാണാനുള്ള സൗകര്യത്തിനായി പ്രദർശന ദിനങ്ങളുടെ എണ്ണം അഞ്ചായി ഫാത്തോം ഇവന്റസ് വർദ്ധിപ്പിക്കുകയായിരുന്നു.

ബൈബിളിനെ അടിസ്ഥാനപ്പെടുത്തി, ക്രൗഡ് ഫണ്ടിംഗിലൂടെ (പൊതുജനങ്ങളിൽനിന്ന് ധനസമാഹരണം നടത്തി) നിർമിക്കുന്ന വമ്പൻ പ്രൊജക്ട് എന്ന നിലയിലും ചരിത്രത്തിൽ ഇടംപിടിച്ച ടി.വി പരമ്പരയാണ് ‘ദ ചോസൺ’. ഏഴ് സീസണുകളിലായി 50ൽപ്പരം എപ്പിസോഡുകൾ ഒരുക്കാൻ പദ്ധതിയിട്ടിരിക്കുന്ന പരമ്പര 2017ലാണ് സംപ്രേഷണം ആരംഭിച്ചത്. ജോനാഥൻ റൂമി ക്രിസ്തുവായി പ്രേക്ഷകരുടെ മുമ്പിലെത്തുന്ന പരമ്പര ക്രൈസ്തവ വിശ്വാസികളെ മാത്രമല്ല, അക്രൈസ്തവരെയും ആകർഷിക്കുന്നുണ്ട്.

ആദ്യ രണ്ട് സീസണുകൾക്കു ലഭിച്ച പ്രതികരണങ്ങൾതന്നെ അതിന് തെളിവ്. ‘ദ ചോസണി’ന്റെ ഔദ്യോഗിക ആപ്പിലൂടെ മാത്രം ഇതിനകം എപ്പിസോഡുകൾ വീക്ഷിച്ചത് ലക്ഷക്കണക്കിന് ആളുകളാണ്. കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് സഭാംഗങ്ങളും പരമ്പരയുടെ ഭാഗമായിട്ടുണ്ടെന്നതും ശ്രദ്ധേയം. മൂന്നാം സീസൺ ഡിസംബർ 11 മുതലാണ് ആപ്പിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?