മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ നിയുക്ത ഇടയൻ മാർ ജോൺ പനന്തോട്ടത്തിൽ സി.എം.ഐയ്ക്ക് മെൽബൺ എയർപ്പോർട്ടിൽ ഹൃദ്യമായ സ്വീകരണം. മെത്രാഭിഷേക തിരുക്കർമങ്ങൾക്കായി വന്നെത്തിയ നിയുക്ത ഇടയന് പ്രഥമ ഇടയൻ ബിഷപ്പ് മാർ ബോസ്കോ പുത്തൂരിന്റെ നേതൃത്വത്തിലാണ് വിശ്വാസീസമൂഹം സ്വീകരിച്ചത്. മേയ് 31നാണ് മെത്രാഭിഷേകം.
രൂപതാ വികാരി ജനറൽ മോൺ. ഫ്രാൻസീസ് കോലഞ്ചേരി, ചാൻസിലർ ഫാ. സിജീഷ് പുല്ലൻകുന്നേൽ, എപ്പിസ്കോപ്പൽ വികാരി ഫാ. വർഗീസ് വാവോലിൽ, പ്രൊക്യുറേറ്റർ റവ. ഡോ. ജോൺസൺ ജോർജ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോബി ഫിലിപ്പ്, ഫാ. എബ്രഹാം കഴുന്നടിയിൽ, ഫാ. ജോയിസ് കോലംകുഴിയിൽ സി.എം.ഐ, ഫാ. അഭിലാഷ് കണ്ണംമ്പാടം, ഫാ. വിൻസന്റ് മ~ത്തിപറമ്പിൽ സി.എം.ഐ, ഫാ. അശോക് അമ്പഴത്തിങ്കൾ എന്നിവർക്കൊപ്പം വിവിധ ഇടവകകളിലെ കൈക്കാരന്മാരും യുവജന പ്രതിനിധികളും സ്വീകരണത്തിനായി എയർപോർട്ടിൽ എത്തിയിരുന്നു.
മെൽബണിന് സമീപമുള്ള ക്യാമ്പെൽഫീൽഡ് ഔവർ ലേഡി ഗാർഡിയൻ ഓഫ് പ്ലാന്റ്സ് കാൽദിയൻ കാത്തലിക് ദൈവാലയത്തിൽ വൈകീട്ട് 5.00നാണ് മെത്രാഭിഷേക തിരുക്കർമങ്ങൾ. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ്പ് ചാൾസ് ബാൽവോയും സീറോ മലബാർ സഭയുടെയും ഓഷ്യാനിയയിലെ വിവിധ രൂപതകളിലെയും ബിഷപ്പുമാരും മെൽബൺ രൂപതയിൽ സേവനം ചെയ്യുന്ന വൈദികരും സഹകാർമികരാകും.
മാർ ബോസ്കോ പൂത്തൂരിനുള്ള യാത്രയയപ്പും അന്നേദിനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. 75 വയസ് പൂർത്തിയായിനെ തുടർന്ന് കാനോനിക നിയമപ്രകാരം ബിഷപ്പ് മാർ പുത്തൂർ വിരമിച്ച ഒഴിവിലാണ് മാർ പനന്തോട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്. സി.എം.ഐ സഭയുടെ കോഴിക്കോട് പ്രോവിൻസിന്റെ പ്രോവിൻഷ്യാൾ സുപ്പീരിയറായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം വിദേശത്തും സേവനം ചെയ്തിട്ടുണ്ട്. നിലവിൽ മാനന്തവാടി രൂപതയിലെ നിരവിൽപുഴ സെന്റ് ഏലിയാസ് ആശ്രമം പ്രിയോറായും സെന്റ് ഏലിയാസ് ദൈവാലയ വികാരിയായും സേവനം ചെയ്യുകയായിരുന്നു അദ്ദേഹം.
Leave a Comment
Your email address will not be published. Required fields are marked with *