Follow Us On

02

May

2025

Friday

ഭീകരാക്രമണം ജമ്മു-ശ്രീനഗര്‍ ബിഷപ് അപലപിച്ചു

ഭീകരാക്രമണം ജമ്മു-ശ്രീനഗര്‍ ബിഷപ് അപലപിച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ജമ്മു-ശ്രീനഗര്‍ ബിഷപ് ഐവാന്‍ പെരേ അപലപിച്ചു. കാശ്മീരിലെത്തിയ ടൂറിസ്റ്റുകള്‍ക്കനേരെ നടന്ന അക്രമത്തെ അപലപിച്ച അദ്ദേഹം അതീവദുഖവും അനുശോചനവും രേഖപ്പെടുത്തി. വിവേകരഹിതമായ ഈ അക്രമം പൊതുമനസാക്ഷിയില്‍ ഇരുണ്ട നിഴല്‍ വീഴ്ത്തിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൃഗീയവും ഭീരുത്വം നിറഞ്ഞതുമായ ഈ അക്രമം മനുഷ്യജീവന്റെ വിശുദ്ധിയെ എതിര്‍ക്കുന്നതും ഒരു രാജ്യമെന്ന നിലയില്‍ നാം ചേര്‍ത്തുപിടിക്കുന്നതുമായ മൂല്യങ്ങളായ സമാധാനം, മൈത്രി, വ്യക്തിയുടെ അന്തസ് എന്നിവയെ ഒറ്റിക്കൊടുക്കുന്നതുമാണ്, അദ്ദേഹം സൂചിപ്പിച്ചു.

കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അത്യധികമായ വേദനയ്ക്കും സഹനത്തിനും കാരണമായ, നിരപാരധികളെ ലക്ഷ്യം വെച്ചുള്ള, മാനവരാശിക്കെതിരായ ഈ ഹീനകൃത്യത്തെ അതിശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്ന് സിബിസിഐ വ്യക്തമാക്കി. ഈ മൃഗീയമായ കൃത്യം മാനുഷ്യന്റെ മഹത്വത്തിനും മൂല്യങ്ങള്‍ക്കുമെതിരെയുള്ള ഏറ്റുമുട്ടലാണ്. ഈ അക്രമത്തിന് കാരണമായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
അക്രമത്തിലേര്‍പ്പെട്ടിരിക്കുന്നവരോട് ആയുധങ്ങള്‍ താഴെ വച്ച് സമാധാനത്തിന്റെ വഴി സ്വീകരിക്കുവാന്‍ തങ്ങള്‍ അപേക്ഷിക്കുന്നു. അക്രമം കുടുതല്‍ അക്രമത്തിന് കാരണമാകുകയേയുള്ളൂ, സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും പരസ്പരം മനസിലാക്കലിന്റെയും പാത തിരഞ്ഞെടുക്കേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.

മൃഗീയമായ ഈ ആക്രമത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മമോക്ഷത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ സിബിസിഐ ഇന്ത്യയിലെ എല്ലാ ക്രൈസ്തവസഹോദരങ്ങളോടും അഭ്യര്‍ത്ഥിച്ചു. അക്രമത്തില്‍ പരിക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കുന്നതിനായി പ്രാര്‍ത്ഥിക്കണമെന്നും സിബിസിഐ സന്ദേശത്തില്‍ പറയുന്നു.

ദേശത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഭീകരാക്രമങ്ങളെ അവസാനിപ്പിക്കണമെന്ന് സീറോ മലബാര്‍ സഭ ആവശ്യപ്പെട്ടു. മനുഷ്യസമൂഹത്തിന് ഭീകരതയും ഭീകരാക്രമങ്ങളും വലിയ വെല്ലുവിളിയാണെന്ന് സഭാ വാക്താവായ ഫാ. ആന്റണി വടക്കേക്കര അഭിപ്രായപ്പെട്ടു. ഭീകരര്‍ക്കെതിരെ ഉചിതമായ നടപടികള്‍ കൈകൊള്ളണമെന്നും സര്‍ക്കാരിനോട് സഭ ആവശ്യപ്പെട്ടു. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?