മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ദൈവാലയ കൂദാശയോട് അനുബന്ധിച്ച് കത്തീഡ്രല്‍ ഇടവക തയാറാക്കിയ ‘നിത്യ പുരോഹിതന്‍ ഈശോയെ’ മ്യൂസിക് ആല്‍ബം ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ യൂട്യൂബില്‍ റിലീസ് ചെയ്തു.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പാടാവുന്ന വിധത്തില്‍, വൈദികര്‍ക്കും സന്യസ്തര്‍ക്കും കുടുംബങ്ങള്‍ക്കും ഇടവകയ്ക്കും രൂപതയ്ക്കും സാര്‍വ്വത്രിക സഭയ്ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ആല്‍ബത്തിലുണ്ട്. ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ഓസ്ട്രേലിയയിലെ മിഷനറീസ് ഓഫ് ഗോഡ്‌സ് ലവ് സന്യാസ സഭയിലെ മലയാളി വൈദികന്‍ ഫാ. ബൈജു തോമസ് ആണ്.
സംഗീത സംവിധാനവും ഓര്‍ക്കസ്‌ട്രേഷനും നിര്‍വഹിച്ചി രിക്കുന്നത് പ്രദീപ് ടോമും ആലപിച്ചിരിക്കുന്നത് ഗാഗുല്‍ ജോസഫും ധന്യ സ്റ്റീഫനും ചേര്‍ന്നാണ്. ദൈവാലയ ഗായക സംഘങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തില്‍ കരൊക്കെയും യൂട്യൂബ് വീഡിയോ ലിങ്കിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
വിശുദ്ധ കുര്‍ബാനയുടെ വിടവാങ്ങല്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം വൈദികര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്ക് പകരമായി കേരളത്തിലും പുറത്തുമുള്ള നിരവധി സീറോ മലബാര്‍ ദൈവാലയങ്ങളില്‍ ഇതിനോടകം ഈ ഗാനം പാടി തുടങ്ങിയിട്ടുണ്ട്. കത്തീഡ്രല്‍ കൂദാശ കര്‍മ്മത്തിന്റെ വീഡിയോ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വീഡിയോ എഡിറ്റിംഗ് ഡോണ്‍ മേലൂരും കരോക്കെ വിഡിയോ എഡിറ്റിംഗ് ജിബിന്‍ ആന്റണിയും നിര്‍വ്വഹിച്ചിരിക്കുന്നു. ജസ്റ്റിന്‍ മാങ്കുഴിയുടെതാണ് പോസ്റ്റര്‍ ഡിസൈന്‍.
കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍ന്റെ നേതൃത്വത്തില്‍ തയാറാക്കിയിരിക്കുന്ന ഈ ഗാനം മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയുടെ യൂട്യൂബില്‍ ലഭ്യമാണ്.
Leave a Comment
Your email address will not be published. Required fields are marked with *