Follow Us On

31

October

2025

Friday

സ്‌പെയിനിലെ ദൈവാലയങ്ങളിൽ കത്തിയാക്രമണം: ശുശ്രൂഷി  കൊല്ലപ്പെട്ടു, വൈദീകന് ഗുരുതര പരിക്ക്; തീവ്രവാദ ബന്ധമെന്ന് സംശയം

സ്‌പെയിനിലെ ദൈവാലയങ്ങളിൽ കത്തിയാക്രമണം: ശുശ്രൂഷി  കൊല്ലപ്പെട്ടു, വൈദീകന്  ഗുരുതര പരിക്ക്; തീവ്രവാദ ബന്ധമെന്ന് സംശയം

മാഡ്രിഡ്: സ്‌പെയിനിലെ രണ്ട് ദൈവാലയങ്ങളിലുണ്ടായ കത്തിയാക്രമണത്തിൽ ദൈവാലയ ശുശ്രൂഷി കൊല്ലപ്പെടുകയും വൈദീകൻ ഉൾപ്പെടെ നിരവധി പേർക്ക് ഗുതരമായി പരിക്കേൽക്കുകയും ചെയ്തു. അൽഗെകിരാസ് നഗരത്തിലെ സാൻ ഇസിദ്രോ, ന്യുഎസ്ത്രാ സെനോരാ ദെ പാൽമ എന്നീ ദൈവാലങ്ങളിൽ ഇന്നലെ (ജനു.25) രാത്രിയാണ് ആക്രമണം നടന്നത്. ന്യുഎസ്ത്രാ സെനോരാ ദെ പാൽമ ദൈവാലയത്തിലെ ശുശ്രൂഷിയായ ഡിയേഗോ വലൻസിയയാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഫാ. ആന്റണി റോഡ്രിഗസ് സാൻ ഇസിദ്രോ ദൈവാലയ വികാരിയാണ്. ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്നാണ് അധികൃതരുടെ നിഗമനം.

300 മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ദൈവാലയങ്ങളിലേക്ക് കുതിച്ചെത്തിയ അക്രമി, പ്രകോപനം കൂടാതെ വെട്ടുകത്തി ഉപയോഗിച്ച് ജനങ്ങളെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സാൻ ഇസിദ്രോ ദൈവാലയത്തിലെ വസ്തുക്കൾ തട്ടിത്തെറിപ്പിച്ചശേഷമാണ് ദെ പാൽമ ദൈവാലയത്തിന് വെളിയിൽ നിൽക്കുകയായിരുന്ന വലൻസിയയെ ആക്രമി വെട്ടി വീഴ്ത്തിയത്. നാല് പേർക്ക് പരിക്കേറ്റതായി സ്‌പെയിനിലെ ‘എൽ മുണ്ടോ’ പത്രം റിപ്പോർട്ട് ചെയ്യുന്നു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

ദിവ്യബലി അർപ്പണത്തിടെയാണ് ഫാ. ആന്റണി ആക്രമിക്കപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്. മൊറോക്കയിൽ നിന്നുള്ള അഭയാർഥിയാണ് പ്രതിയെന്നും സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സ്പാനിഷ് കത്തോലിക്കാ മെത്രാൻ സമിതി ആക്രമണത്തെ അപലപിച്ചു. ‘വിശ്വാസികൾ എന്ന നിലയിൽ, ഇരകളുടെ ഹൃദയങ്ങളിൽ പ്രത്യാശ നിറയ്ക്കാനും മുറിവേറ്റവരെ സുഖപ്പെടുത്താനുംവേണ്ടി കരുണയുടെയും സമാധാനത്തിന്റെയും ദൈവത്തോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു,’ മെത്രാൻ സമിതി പ്രസ്താവനയിൽ അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?