Follow Us On

23

January

2025

Thursday

ക്രിസ്തീയ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച അപ്പനും അമ്മയും ഏഴ് മക്കളും വാഴ്ത്തപ്പെട്ട ഗണത്തിലേക്ക്

ക്രിസ്തീയ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച അപ്പനും അമ്മയും ഏഴ് മക്കളും വാഴ്ത്തപ്പെട്ട ഗണത്തിലേക്ക്

വത്തിക്കാൻ സിറ്റി: ‘നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക’ എന്ന ക്രിസ്തീയ ദർശനത്തെപ്രതി രക്തസാക്ഷിത്വം വരിച്ച അപ്പനും അമ്മയും ഏഴു മക്കളും ഉൾപ്പെടുന്ന പോളിഷ് കുടുംബം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. യഹൂദ വംശഹത്യയുടെ നാളിൽ എട്ട് ജൂതന്മാർക്ക് അഭയം നൽകിയതിനെപ്രതി നാസിപ്പട അരുംകൊല ചെയ്ത ജോസഫ്- വിക്ടോറിയ ഉൽമ ദമ്പതികളും ഗർഭസ്ഥ ശിശു ഉൾപ്പെടെയുള്ള അവരുടെ ഏഴ് മക്കളുമാണ് വാഴ്ത്തപ്പെട്ട നിരയിലെത്തുന്നത്. ഈ സന്തോഷ വാർത്ത ഇക്കഴിഞ്ഞ ദിവസം പോളണ്ടിലെ പ്രെസെമിസ്‌ക അതിരൂപത മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

ജോസഫ്- വിക്ടോറിയ ഉൽമ ദമ്പതികളുടെയും മക്കളുടെയും രക്തസാക്ഷിത്വം കഴിഞ്ഞ ഡിസംബറിൽ ഫ്രാൻസിസ് പാപ്പ അംഗീകരിച്ചതോടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് വഴിയൊരുങ്ങുകയായിരുന്നു. പ്രഖ്യാപന തിയതിയാണ് അതിരൂപത ഇപ്പോൾ ഔദ്യോഗികമായി പുറത്തുവിട്ടത്. അതുപ്രകാരം, സെപ്തംബർ 10നാണ് തിരുക്കർമങ്ങൾ നടക്കുക. 1944ൽ ഉൽമ കുടുംബം രക്തസാക്ഷിത്വം വരിച്ച തെക്കുകിഴക്കൻ പോളണ്ടിലെ ഗ്രാമമായ മാർക്കോവ തിരുക്കർമങ്ങൾക്ക് വേദിയാകും. നാമകരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അധ്യക്ഷൻ കർദിനാൾ മാർസെല്ലോ സെമെരാരോ മുഖ്യകാർമികത്വം വഹിക്കും.

രണ്ടാം ലോകമഹായുദ്ധത്തിലെ നാസി അധിനിവേശ സമയത്ത്, 1944 മാർച്ച് 24ന് തെക്കുകിഴക്കൻ പോളണ്ടിലെ മാർക്കോവയിൽവെച്ചാണ് ഇവർ കൊല്ലപ്പെട്ടത്. നാസി ഭരണകൂടത്തിൽനിന്ന് പ്രാണരക്ഷാർത്ഥം പലായനം ചെയ്യേണ്ടിവന്ന യഹൂദരായ അയൽക്കാരെ സംരക്ഷിക്കാൻ ജോസെഫും വിക്ടോറിയ ഉൽമയും സന്നദ്ധരായി. തങ്ങളുടെ ജീവൻ അപകടത്തിലാകുമെന്ന് അറിയാമായിരുന്നെങ്കിലും ക്രിസ്തുസ്നേഹത്തെപ്രതി അവർ അതിന് തയാറാവുകയായിരുന്നു. എട്ടു പേർക്കാണ് അവർ ഒളിവിൽ താമസിക്കാൻ അവസരം ഒരുക്കിയത്.

ഇക്കാര്യം കണ്ടെത്തിയ നാസി പട്ടാളം ലെഫ്റ്റനന്റ് എയ്ലർട്ടിന്റെ നേതൃത്വത്തിൽ അവരുടെ ഭവനം വളയുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന എട്ടുപേരെയും വധിച്ച നാസികൾ തുടർന്ന്, ജോസഫിനെയും ഏഴ് മാസം ഗർഭിണിയായിരുന്ന വിക്ടോറിയയെയും കൊലപ്പെടുത്തി. രക്തത്തിൽ കുളിച്ചുകിടന്ന മാതാപിതാക്കളെ കണ്ട് കുട്ടികൾ നിലവിച്ചപ്പോഴേക്കും സൈന്യം അവരെയും കൊന്നുതള്ളി. സ്റ്റാനിസ്ലാവ (എട്ട്), ബാർബറ (ഏഴ്), വാഡിസ്ലാവ് (ആറ്), ഫ്രാൻസിസെക്ക് (നാല്), ആന്റണി (മൂന്ന്), മരിയ (രണ്ട്) എന്നിങ്ങനെയായിരുന്നു മറ്റ് കുട്ടികളുടെ പ്രായം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?