Follow Us On

26

December

2024

Thursday

നോതൃ ദാം കത്തീഡ്രലിൽ ദിവ്യബലി അർപ്പണം പുനരാരംഭിക്കും 2024 ഡിസംബറിൽ 

നോതൃ ദാം കത്തീഡ്രലിൽ ദിവ്യബലി അർപ്പണം പുനരാരംഭിക്കും 2024 ഡിസംബറിൽ 

പാരിസ്: അഗ്നിബാധയിൽ സാരമായ കേടുപാടുകൾ സംഭവിച്ച, വിശ്വവിഖ്യാതമായ നോതൃ ദാം കത്തീഡ്രൽ 2024 ഡിസംബറിൽ പുനർനിർമാണം പൂർത്തിയാക്കി വിശ്വാസികൾക്ക് തുറന്നുനൽകുമെന്ന് സ്ഥിരീകരണം. ഫ്രഞ്ച് സർക്കാർ നിശ്ചയിച്ച അഞ്ച് വർഷത്തെ സമയപരിധിയായ 2024 ഡിസംബറിൽതന്നെ കത്തീഡ്രലിന്റെ പുനർനിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന് നിർമാണ ചുമതലയുള്ള ജനറൽ ജീൻ ലൂയിസ് ജോർജ്ലിനാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കത്തീഡ്രലിന്റെ പ്രധാന ആകർഷണമായ 93 മീറ്റർ ഉയരമുള്ള ഗോപുരം ഈ വർഷംതന്നെ പുനസ്ഥാപിക്കുമെന്നും വാർത്താ ഏജൻസിയായ ‘അസോസിയേറ്റഡ് പ്രസി’നോട് അദ്ദേഹം വ്യക്തമാക്കി.

ലോകത്തിന്റെ മുമ്പിൽ പാരീസിന്റെ പ്രതീകമെന്ന നിലയിൽ വിശേഷിപ്പിക്കപ്പെടുന്ന നോട്രഡാം കത്തീഡ്രൽ പാരീസ് അതിരൂപതയുടെ ആസ്ഥാന ദൈവാലയമാണ്. ‘നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കത്തീഡ്രലിൽ ഡിസംബറിൽ വിശുദ്ധ കുർബാന നടത്താൻ പാരീസ് ആർച്ച്ബിഷപ്പിന് കഴിയും. വിനോദസഞ്ചാരികൾക്ക് സന്ദർശനം നടത്താനും ഇവിടെ സൗകര്യമൊരുക്കും. എന്നിരുന്നാലും, ചെറിയ നവീകരണ പ്രവർത്തനങ്ങൾ 2025 വരെ തുടരും,’ ജീൻ ലൂയിസ് പറഞ്ഞു. 19-ാം നൂറ്റാണ്ടിൽ ആർക്കിടെക്റ്റ് യൂജിൻ വയലറ്റ്ലെഡക് കത്തീഡ്രലിൽ കൂട്ടിച്ചേർത്ത 93 മീറ്റർ ഗോപുരത്തിന്റെ പുനർനിർമാണമാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലികളിൽ ഒന്ന്.

അറ്റകുറ്റപണികൾ നടക്കവെ 2019 ഏപ്രിൽ 12ന് ഉണ്ടായ തീപിടുത്തത്തിൽ മേൽക്കൂര ഉൾപ്പെടെ ദൈവാലയത്തിന്റെ നല്ലൊരുഭാഗവും ആഗ്‌നി വിഴുങ്ങുകയായിരുന്നു. 1345ൽ ഫ്രഞ്ച് ഗോതിക് വാസ്തുഭംഗിയിൽ നിർമിച്ച ബൃഹത്തും അതിമനോഹരവുമായ നോതൃ ദാം കത്തീഡ്രൽ കത്തിയമരുന്ന രംഗങ്ങൾ ലോകമെമ്പാടുമുള്ള വിശ്വാസികൾക്കിടയിൽ വലിയ നടുക്കമാണ് സൃഷ്ടിച്ചത്. അതിന് പിന്നാലെ തന്നെ 2024ൽ പുനർനിർമാണം പൂർത്തിയാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചെങ്കിലും പുനർനിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായ ചില നിർദേശങ്ങൾ വിവാദമായിരുന്നു.

ദൈവാലയം എന്നതിനേക്കാളുപരി ചരിത്ര നിർമിതി, മ്യൂസിയം എന്നീ തരത്തിൽ കത്തീഡ്രൽ പുനർനിർമാണ ആലോചനകൾ മുന്നോട്ടുപോകുകയായിരുന്നു. എന്നാൽ കലാസ്വാദകരിൽ നിന്നും വിശ്വാസികളിൽ നിന്നും എതിർപ്പുണ്ടായതിനെ തുടർന്ന് അതിന്റെ യഥാർത്ഥ ശൈലിയിൽ പുനർനിർമിക്കാൻ അധികാരികൾ നിർബന്ധിതരാകുകയായിരുന്നു. മാത്രമല്ല, 1991ൽ യുനസ്‌കോ കത്തീഡ്രലിനെ സാംസ്‌കാരിക പൈതൃക കേന്ദ്രമായി അംഗീകരിച്ചതാണെങ്കിലും പുനർനിർമിക്കുന്ന നോതൃ ദാം കത്തീഡ്രലിന്റെ അടിസ്ഥാന രൂപഭാവങ്ങളിലും ലക്ഷ്യങ്ങളും മാറ്റം വരുത്തരുതെന്ന് വത്തിക്കാൻ യുനസ്‌ക്കോയോട് ആവശ്യപ്പെട്ടിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?