വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ അംഗരക്ഷകനായിരുന്ന ഇവാൻ സാരിക് ക്രിസ്തുവിന്റെ പൗരോഹിത്യത്തിലേക്ക്. ഏതാണ്ട് മൂന്ന് വർഷക്കാലം സ്വിസ്ഗാർഡ് ആയിരുന്ന ഇവാൻ സാരിക് സ്വിറ്റ്‌സർലൻഡിലെ സെന്റ് ഗാലൻ രൂപതയ്ക്കുവേണ്ടിയാണ് ഇക്കഴിഞ്ഞ ദിവസം തിരുപ്പട്ടം സ്വീകരിച്ചത്. ബിഷപ് മാർക്കസ് ബുച്ചലിന്റെ മുഖ്യകാർമികത്വത്തിൽ സെന്റ് ഗാലൻ കത്തീഡ്രലിലായിരുന്നു പൗരോഹിത്യസ്വീകരണം.
2013മുതൽ 2015 വരെ സ്വിസ്ഗാർഡായി സേവനം ചെയ്ത ഇവാൻ സാരികിന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു വൈദീകനാകണം എന്നത്. കാലത്തിന്റെ തികവിൽ ക്രിസ്തുവിനുവേണ്ടി ബലിയർപ്പിക്കാനയതിന്റെ അഭിമാനത്തിലാണ് അദ്ദേഹമിപ്പോൾ. ‘എനിക്ക് ചുറ്റും നല്ലവരായ ആളുകളെ നൽകിയതിനും എന്നെ ഞാനാക്കിയതിനും ദൈവത്തോട് അഗാധമായ നന്ദി രേഖപ്പെടുത്തുന്നു,’ എന്ന് തിരുപ്പട്ട സ്വീകരണത്തിനു ശേഷം ഫാ. ഇവാൻ സാരിക് ഫേസ്ബുക്കിൽ കുറിച്ചു.
സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തവരെയും നന്ദിയോടെ ഓർക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 500 വർഷത്തിലേറെയായി, പാപ്പയുടെയും പേപ്പൽ വസതികളുടെയും സുരക്ഷാമേൽനോട്ടം നിർവഹിക്കുന്ന സൈനീകഗണമാണ് സ്വിസ് ഗാർഡുകൾ. 19നും 30നും ഇടയിൽ പ്രായമുള്ള, കുറഞ്ഞത് 174 സെന്റീമീറ്റർ ഉയരമുള്ള സ്വിസ് പൗരത്വമുള്ള കത്തോലിക്കരെയാണ് സ്വിസ്ഗാർഡ്‌സിലേക്ക് തിരഞ്ഞെടുക്കുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ ഈ സൈന്യഗണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വിസ് ഗാർഡ്‌സിൽ നിലവിൽ നൂറിൽപ്പരം പേരാണുള്ളത്.
Leave a Comment
Your email address will not be published. Required fields are marked with *