ഫ്രാൻസ്: ഫ്രാൻസിലെ കത്തോലിക്കാ സഭയ്ക്ക് ശക്തി പകർന്നുകൊണ്ട് ഈസ്റ്റർദിനത്തിൽ മാത്രം രാജ്യത്ത് മാമ്മോദീസാ സ്വീകരിച്ച് കത്തോലിക്കരായത് 5,000ൽപ്പരം ആളുകൾ. തീവ്ര സെക്യുലറിസവും വിശ്വാസപരമായ പ്രതിസന്ധികളും വർദ്ധിക്കുന്ന ഈ കാലഘട്ടത്തിലും കഴിഞ്ഞ 20 വർഷമായി രാജ്യത്ത് കത്തോലിക്കരുടെ എണ്ണം വർദ്ധിക്കുന്നത് ഫ്രാൻസിലെ സഭയ്ക്ക് വലിയ പ്രതീക്ഷയാണ് നല്കുന്നത്.
ഫ്രാൻസിലുടനീളമുള്ള ദൈവാലയങ്ങളിലായി ഈസ്റ്റർ ജാഗരണമധ്യേയാണ് പ്രായപൂർത്തീയായ 5,463 പേർ മാമോദീസ സ്വീകരിച്ച് സഭാവിശ്വാസം സ്വീകരിച്ചത്. രണ്ട് വർഷം നീണ്ട വിശ്വാസ രൂപീകരണത്തിന് ശേഷമാണ് ഇവരോരോരുത്തരും മാമ്മോദീസാ എന്ന കൂദാശ സ്വീകരിച്ച് സഭയിൽ അംഗത്വം നേടിയത്. മുൻവർഷത്തെതിലും 1,000 പേർ കൂടൂതൽ ഈ വർഷം സഭാമക്കളായി മാറിയെന്നതും ശ്രദ്ധേയമാണ്.
18 നും 25 നും ഇടയിൽ പ്രായമുള്ളവരാണ് വിശ്വാസം സ്വീകരിച്ചവരിൽ ഭൂരിഭാഗവും. എഴുപത് ശതമാനം ആളുകളും ക്രിസ്ത്യൻ പാരമ്പര്യമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ്. മെഴുകുതിരികൾ കത്തിക്കുക, ദൈവാലയങ്ങൾ സന്ദർശിക്കുക തുടങ്ങിയ ചില ആചാരങ്ങൾ നിലനിർത്തിയിരുന്നെങ്കിലും അവരിൽ നല്ലൊരു വിഭാഗത്തിനും വിശ്വാസ രൂപീകരണമൊന്നും ലഭിച്ചിരുന്നില്ല.
മമ്മോദീസാ സ്വീകരിക്കുന്നവരുടെ എണ്ണത്തിലെ ഈ വർദ്ധനവിൽ കൊവിഡ് മഹാമാരിയും തുടർന്നുണ്ടായ ലോക്ക്ഡൗണുകളും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് നാഷണൽ സർവീസ് ഓഫ് കാറ്റെകെസിസിന്റെ ഡയറക്ടർ പോളിൻ ഡാവൻസ് ചൂണ്ടിക്കാട്ടി. മരണം, മനുഷ്യരാശിയുടെ ഭാവി തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിരവധി യുവജനങ്ങൾക്ക് അസ്തിത്വപരമായ ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. ഇത് ആത്മീയതയെക്കുറിച്ച് ചിന്തിക്കാനും ആ ശൂന്യതയിൽ നിന്നും കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് തിരികെവരാനും അവരെ പ്രേരിപ്പിക്കുന്നതായും പോളിൻ ഡാവൻസ് വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *