Follow Us On

05

April

2025

Saturday

ഉത്ഥിതനായ ക്രിസ്തുനാഥൻ അന്നും ഇന്നും എപ്പോഴും യുക്രൈനിലുണ്ട്; വികാരനിർഭര സന്ദേശം പങ്കുവെച്ച് മേജർ ആർച്ച്ബിഷപ്പ് ഷെവ്ചുക്ക്

ഉത്ഥിതനായ ക്രിസ്തുനാഥൻ അന്നും ഇന്നും എപ്പോഴും യുക്രൈനിലുണ്ട്; വികാരനിർഭര സന്ദേശം പങ്കുവെച്ച് മേജർ ആർച്ച്ബിഷപ്പ് ഷെവ്ചുക്ക്

കീവ്: ഉത്ഥിതനായ ക്രിസ്തുനാഥൻ അന്നും ഇന്നും എപ്പോഴും യുക്രൈനിലുണ്ടെന്നും അവിടുന്ന് യുക്രേനിയൻ ജനതയെ പുനരുത്ഥാനത്തിലേക്ക് നയിക്കുമെന്നും ഉദ്‌ബോധിപ്പിച്ച് യുക്രേനിയൻ ഗ്രീക്ക് കാത്തലിക് സഭ തലവൻ മേജർ ആർച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്. റഷ്യ യുക്രൈൻ യുദ്ധം അറുതിവരാതെ തുടരന്ന പശ്ചാത്തലത്തിൽ, യുക്രൈൻ ജനതയെ ചേർത്തുപിടിച്ചുകൊണ്ട് ഈസ്റ്റർ സന്ദേശം നൽകുകയായിരുന്നു. ജൂലിയൻ കലണ്ടർ പിന്തുടരുന്ന പൗരസ്ത്യ സഭകളിൽ ഇന്നലെ (ഏപ്രിൽ 16) ആയിരുന്നു ഈസ്റ്റർ.

‘ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നത് എല്ലാ കാലങ്ങളിലെയും രാജ്യങ്ങളിലെയും ആളുകളെയും സ്വർഗത്തെയും ഭൂമിയെയും നരകത്തെയും വിറപ്പിക്കുന്ന വാർത്തയാണ്. ഒരു വ്യക്തിയെ പാപത്തിൽനിന്നും മരണത്തിൽനിന്നും മോചനം നേടാൻ സഹായിക്കുന്ന ശക്തിയാണ് പുനരുത്ഥാനത്തിന്റേത്. ഇന്ന് ഉത്ഥിതനായ ക്രിസ്തു ആണിപഴുതുകളിൽ തറക്കപ്പെട്ട അവിടുത്തെ വലുതുകരം നീട്ടി നമ്മെ സ്പർശിക്കുകയാണ്. മുറിവുകൾ ഉണങ്ങാത്ത, അനുദിനം വേദനയാൽ പുളയുന്ന യുക്രേനിയൻ ജനതയ്ക്ക് ആ കരങ്ങൾ ആശ്വാസമാകട്ടെ.’ അദ്ദേഹം പങ്കുവെച്ചു.

തച്ചുടയ്ക്കപ്പെട്ട നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും നമ്മുടെ വേദനയിലും കഷ്ടപ്പാടുകളിലും മുറിവുകളിലും നാം ഇന്ന് ഒഴുക്കുന്ന കണ്ണീരിലും കുരിശിലേറി ഉത്ഥാനം ചെയ്ത ക്രിസ്തുവിന്റെ കരങ്ങൾ സ്പർശിക്കുന്നുണ്ട്. അന്നും ഇന്നും എപ്പോഴും അവിടുന്ന് യുക്രൈനിലുണ്ട്. ജീവിതത്തിലേക്കും പുനരുത്ഥാനത്തിലേക്കും ഉത്ഥിതൻ നമ്മെ നയിക്കുമെന്നതാണ് ഉത്ഥാന തിരുനാളിൽ ഈശോ നമ്മോട് പങ്കുവെക്കുന്ന വലിയ സന്ദേശമെന്നും ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു.

തകൻന്നടിഞ്ഞ നമ്മുടെ എല്ലാ ഗ്രാമങ്ങളും ഉത്ഥിതന്റെ ശക്തിയാൽ നാം പുനർനിർമിക്കും, അത് കൂടുതൽ മികച്ചതായിരിക്കും. വിജയിയായ ക്രിസ്തുവിന്റെ ശക്തിയാണ് യുക്രേനിയൻ ജനതയുടെ ജീവശക്തി. തന്റെ ശിഷ്യർക്ക് സന്തോഷവും സമാധാനവും നൽകിയ ഉത്ഥിതനായ ക്രിസ്തു, കാലങ്ങളായി പീഡിപ്പിക്കപ്പെടുന്ന യുക്രൈന് സമാധാനത്താൽ സമ്പൂർണമായ ഒരു ജീവിതം നല്കട്ടെയെന്ന ആശംസയോടെയാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?