Follow Us On

24

December

2024

Tuesday

ഫ്രാൻസിസ് പാപ്പയുടെ ഹംഗേറിയൻ പര്യടനത്തിന് മണിക്കൂറുകൾ മാത്രം; വിപുലമായ ഒരുക്കങ്ങളോടെ ശാലോം വേൾഡും!

ഫ്രാൻസിസ് പാപ്പയുടെ ഹംഗേറിയൻ പര്യടനത്തിന് മണിക്കൂറുകൾ മാത്രം; വിപുലമായ ഒരുക്കങ്ങളോടെ ശാലോം വേൾഡും!

വത്തിക്കാൻ സിറ്റി: ക്രിസ്ത്യൻ മൂല്യങ്ങൾക്ക് സുപ്രധാന സ്ഥാനം നൽകുന്ന, പീഡിത ക്രൈസ്തവരെ സഹായിക്കുന്നതിൽ മുൻനിരയിലുള്ള ഹംഗറിയിലേക്ക് ഫ്രാൻസിസ് പാപ്പ ആഗതനാകാൻ ഇനി മണിക്കൂറുകൾ മാത്രം. ‘ക്രിസ്തുവാണ് നമ്മുടെ ഭാവി’ എന്ന ആപ്തവാക്യവുമായി രാജ്യം സന്ദർശിക്കാനെത്തുന്ന പാപ്പയെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ ഹംഗറി പൂർത്തിയാക്കിക്കഴിഞ്ഞു. ഏപ്രിൽ 28 മുതൽ 30വരെയാണ് വിശുദ്ധ പത്രോസിന്റെ 266-ാം പിൻഗാമിയായ ഫ്രാൻസിസ് പാപ്പയുടെ ഹംഗേറിയൻ പര്യടനം.

ചരിത്രത്തിൽ ഇടംപിടിക്കുന്ന ഈ പേപ്പൽ പര്യടനം ലോകമെങ്ങും എത്തിക്കാൻ ശാലോം വേൾഡും ഒരുങ്ങിക്കഴിഞ്ഞു. പര്യടനം തത്സമയം ലഭ്യമാക്കുന്നതിനൊപ്പം പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, ഫീച്ചേർഡ് പ്രോഗ്രാമുകൾ എന്നിവയും ശാലോം വേൾഡ് സംപ്രേഷണം ചെയ്യുന്നുണ്ട്. നാളെ (ഏപ്രിൽ 28) പ്രാദേശിക സമയം രാവിലെ 10.00നാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) പാപ്പ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ എത്തിച്ചേരുന്നത്. ഫ്രാൻസിസ് പാപ്പയുടെ 41-ാമത് അന്താരാഷ്ട്ര യാത്രയാണിത്.

ഭരണാധിപന്മാർ, സഭാനേതാക്കൾ, അൽമായർ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ അഭയാർത്ഥികളെയും പാവപ്പെട്ടവരെയും വാഴ്ത്തപ്പെട്ട ലാസ്ലോ ബാത്യാനി സ്ട്രാറ്റ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികളെയും പാപ്പ സന്ദർശിക്കും. യുവജനങ്ങൾ, ബിഷപ്പുമാർ, വൈദികർ, ഡീക്കൻമാർ, സമർപ്പിതർ, സെമിനാരി വിദ്യാർത്ഥികൾ, അജപാലന ശുശ്രൂഷകർ, അക്കാദമിക- സാംസ്‌കാരിക രംഗത്തെ പ്രതിനിധികൾ എന്നിവരുമായും കൂടികാഴ്ച നടത്തും. ഏപ്രിൽ 30ന് കൊസൂത്ത് ലാജോസ് ചത്വരത്തിലാണ് പേപ്പൽ ദിവ്യബലി.

പരമ്പരാഗത വിവാഹ- കുടുംബ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുകയും പ്രോ ലൈഫ് നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന യൂറോപ്പ്യൻ രാജ്യമായ ഹംഗറി, പീഡിത ക്രൈസ്തവരുടെ സംരക്ഷണത്തിൽ വഹിക്കുന്ന പങ്കും സുപ്രധാനമാണ്.യുദ്ധക്കെടുതകളാൽ പലായനം ചെയ്യുന്ന യുക്രേനിയൻ ജനതയ്ക്ക് സംരക്ഷണം നൽകുന്നതിൽ ഭരണകൂടം നടത്തുന്ന പരിശ്രമങ്ങളെപ്രതി ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടോർ ഓർബന് ഫ്രാൻസിസ് പാപ്പ നേരിട്ട് നന്ദി അർപ്പിച്ചത് വലിയ വാർത്തയായിരുന്നു.

ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ് 2021 സെപ്തംബറിൽ ആതിഥേയത്വം വഹിച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാൻ പാപ്പ ഹംഗറിയിൽ എത്തിയെങ്കിലും കേവലം മണിക്കൂറുകൾ മാത്രമാണ് പാപ്പയ്ക്ക് അവിടെ ചെലവഴിക്കാനായത്. അതുകൊണ്ടുതന്നെ ഇത്തവണത്ത പേപ്പൽ പര്യടനത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഹംഗേറിയൻ ജനസംഖ്യയുടെ പകുതിയിൽ അധികവും അതായത് 54%വും ക്രിസ്തീയ വിശ്വാസികളാണ്. ഇതിൽ 38%മാണ് കത്തോലിക്കാ സഭാംഗങ്ങൾ.

പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആപ്പിൾ ടി.വി, ആമസോൺ ഫയർ ഉൾപ്പെടെയുള്ള സ്മാർട്ട് ടി.വികളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ‘ശാലോം വേൾഡ്’ ലഭ്യമാണ്. കൂടാതെ ശാലോം വേൾഡിന്റെ വെബ്‌സൈറ്റിലും (shalomworld.org) ശാലോം വേൾഡിന്റെ യൂ ടൂബ്, ഫേസ്ബുക്ക് പേജുകളിലും തത്സമയ സംപ്രേഷണം ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ഡിവൈസുകളിൽ ശാലോം ചാനൽ ലഭ്യമാക്കാനുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക: shalomworld.org/watchon

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?