Follow Us On

22

January

2025

Wednesday

ദേശാതിരുകൾ ഭേതിച്ച് സമാധാനത്തെ പിന്തുടരാം; ഹംഗേറിയൻ അധികാരികൾക്ക് പ്രത്യാശ പകർന്ന് പാപ്പ

ദേശാതിരുകൾ ഭേതിച്ച് സമാധാനത്തെ പിന്തുടരാം; ഹംഗേറിയൻ അധികാരികൾക്ക് പ്രത്യാശ പകർന്ന് പാപ്പ

ബുഡാപെസ്റ്റ്: ദേശത്തിന്റെ അതിരുകൾ ഭേതിക്കാനും സമാധാനത്തെ പിന്തുടരാനും ഹംഗേറിയൻ അധികാരികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. തന്റെ 41-ാമത് അപ്പസ്‌തോലിക സന്ദർശനത്തിൽ ഹംഗേറിയൻ ഭരണാധികാരികളെയും, നയതന്ത്രജ്ഞരേയും പൊതുസമൂഹത്തിലെ അംഗങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ട് ആദ്യ പൊതുസമ്മേളനത്തിൽ സന്ദേശം നല്കുകയായിരുന്നു പാപ്പ. തങ്ങളുടെ രാജ്യത്തിന് സഹനത്തിന്റെയും സൗന്ദര്യത്തിന്റെയും ക്രിസ്തുവിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന സ്വാഗതം ചെയ്യലിന്റെയും ചരിത്രമാണുള്ളതെന്നും ബുഡാപെസ്റ്റിലെ മുൻ കർമ്മലീത്ത ആശ്രമത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ പാപ്പ പറഞ്ഞു.

ബുഡാപെസ്റ്റ് ഒരു ചരിത്ര നഗരമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. പുരാതന സെൽട്ടിക് റോമൻ ഉത്ഭവമാണ് രാജ്യത്തിന്റേതെങ്കിലും നഗരം അതിന്റെ പ്രതാപത്തിൽ ആധുനിക കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു. സമാധാന കാലത്തിലാണ് നഗരത്തിന്റെ പിറവി എങ്കിലും യുഗാന്തരങ്ങൾ മുതൽ കഴിഞ്ഞ രണ്ടാം ലോകമഹായുദ്ധം വരെ കടുത്ത സംഘർഷങ്ങൾക്ക് നഗരം സാക്ഷിയായിട്ടുണ്ട്. എന്നാൽ സമാധാനത്തിന്റെ പാത കൈയടക്കുന്ന ഈ ചരിത്ര മുഹൂർത്തത്തിൽ ബുഡാപെസ്റ്റ് അതിന്റെ ചരിത്രം കൊണ്ട് മനുഷ്യകുലത്തിന്റെ കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും യൂറോപ്പിന്റെ ചൈതന്യം വീണ്ടെടുക്കാൻ അത് അനിവാര്യമാണെന്നും പാപ്പാ പറഞ്ഞു.

ബുഡാപെസ്റ്റിനെ പാലങ്ങളുടെ നഗരമെന്നാണ് പാപ്പ രണ്ടാമതായി വിശേഷിപ്പിച്ചത്. ദെന്യൂബ് നദിക്കു കുറുകെ 20 ജില്ലകളെ പാലങ്ങൾ കൊണ്ട് ബന്ധിപ്പിക്കുന്ന ബുഡാപെസ്റ്റിനെ പോലെ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സമാധാനത്തിന്റെ പാലം തീർക്കാനായാണ് യൂറോപ്പ് സ്ഥാപിക്കപ്പെട്ടതെന്ന് പാപ്പാ പറഞ്ഞു. ആരുടേയും തനിമയ്ക്ക് ഭംഗം വരുത്താതെ എല്ലാ രാജ്യങ്ങളുടെയും സംഭാവന ഇതിന് ആവശ്യമാണ്. പ്രത്യയശാസ്ത്രങ്ങളുടെ കടന്നുകയറ്റത്തിലും അതിരാഷ്ട്രവാദത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം രാഷ്ട്രങ്ങൾ ഒരുമിച്ച് ഒരു കുടുംബമായി അതിലെ അംഗങ്ങളുടെ വളർച്ചയും തനിമയും സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു യൂറോപ്പിനെ നിർമ്മിക്കണം. അതേസമയം വിവിധ മതവിശ്വാസങ്ങൾ പരസ്പര ബഹുമാനത്തോടും ക്രിയാത്മകമായി സഹകരിച്ചും ഒരുമിച്ചു ജീവിക്കുന്ന ബുഡാപെസ്റ്റിനെ പാപ്പ പ്രശംസിക്കുകയും ചെയ്തു.

വിശുദ്ധരുടെ നഗരമെന്നും ബുഡാപെസ്റ്റിനെ വിശേഷിപ്പിച്ച പാപ്പാ ഹങ്കറിയുടെ ആദ്യ രാജാവും വിശുദ്ധനുമായ സ്റ്റീഫനെ കുറിച്ചുള്ള ചിന്തകൾ പങ്കുവെച്ചു.’സ്‌നേഹത്തിന്റെ ശീലം പരമോന്നതമായ സന്തോഷത്തിലേക്ക് നയിക്കുന്നു’ എന്ന വി. സ്റ്റീഫന്റെ വാക്കുകളിൽ സത്യമായ ക്രൈസ്തവ ചൈതന്യം ദർശിക്കാമെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ഇത് വ്യക്തമായ സ്വത്വം വെളിവാക്കുക മാത്രമല്ല മറ്റുള്ളവരോടുണ്ടാകേണ്ട തുറവിയുടെ പ്രതിഫലനമാണ്. മറ്റു ജനതകളുടെ സ്വാതന്ത്ര്യത്തെയും സംസ്‌കാരത്തെയും ബഹുമാനിക്കുകയും ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളുമായി സഹകരിക്കാൻ പരിശ്രമിക്കുകയും ചെയ്യും എന്ന ഭരണഘടനാ ഭാഗം ഉദ്ധരിച്ച പാപ്പ, ഇക്കാര്യം ഭരണഘടനയും അംഗീകരിക്കുന്നുണ്ടെന്ന് ചൂണ്ടികാണിച്ചു.

വിശ്വാസസാക്ഷികളുടെ ഗണത്തിൽ ക്രൈസ്തവർ എന്ന് സ്വയം അവകാശപ്പെടുന്നവർ സുവിശേഷത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മാനവികതയ്ക്ക് സാക്ഷ്യം നൽകാനും അത് വളർത്താനും എല്ലാവരോടും സഹകരിക്കാൻ വിളിക്കപ്പട്ടവരാണ്. ഈ വിളി സാധ്യമാക്കാൻ, ദൈവപിതാവിന്റെ വൽസല മക്കളാണ് നാമെന്നും പരസ്പരം സഹോദരീ സഹോദരന്മാരായി സ്‌നേഹിക്കണമെന്നുമുള്ള രണ്ട് അടിസ്ഥാന വഴികളിലൂടെ സഞ്ചരിക്കണമെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. ദൈവം ഹംഗറിയിലെ ജനങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?