Follow Us On

23

December

2024

Monday

പേരുചൊല്ലി വിളിക്കുന്ന നല്ലിടയന്റെ ശബ്ദത്തിന്  കാതോർക്കണം; ഹംഗറിക്ക്‌ പാപ്പയുടെ ആഹ്വാനം

പേരുചൊല്ലി വിളിക്കുന്ന നല്ലിടയന്റെ ശബ്ദത്തിന്  കാതോർക്കണം; ഹംഗറിക്ക്‌ പാപ്പയുടെ ആഹ്വാനം

ബുഡാപെസ്റ്റ്: പേരുചൊല്ലി വിളിക്കുന്ന നല്ലിടയനായ ക്രിസ്തുവിന്റെ ശബ്ദത്തിന് കാതോർക്കണമെന്ന ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനത്തോടെ ഹംഗറിയിലെ അപ്പസ്‌തോലിക പര്യടനത്തിന് സമാപനമായി. യൂറോപ്യൻ ഭൂഖണ്ഡത്തിൽ, വിശിഷ്യാ യുക്രൈനിൽ സമാധാനമുണ്ടാകാൻ വേണ്ടി പ്രാർത്ഥിച്ച പാപ്പ, ഹംഗേറിയൻ ജനതയെ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരമേൽപ്പിച്ചശേഷമാണ് വത്തിക്കാനിലേക്ക് മടങ്ങിയത്.

തലസ്ഥാന നഗരിയായ ബുഡാപെസ്റ്റിലെ ചരിത്രപ്രസിദ്ധമായ കൊസുത്ത് ലാജോസ് സ്‌ക്വയറിൽ അർപ്പിച്ച ദിവ്യബലിമധ്യേയായിരുന്നു പാപ്പയുടെ വാക്കുകൾ. തിരുസഭ ‘നല്ലിടയന്റെ ഞായർ’ ആഘോഷിക്കുന്ന ഈസ്റ്ററിലെ നാലാം ഞായറാഴ്ചയിലെ സുവിശേഷത്തെ അടിസ്ഥാനമാക്കിയാണ് നല്ലിടയന്റെ സന്ദേശം പാപ്പ പങ്കുവെച്ചത്.

നല്ല ഇടയൻ തന്റെ ആടുകൾക്കുവേണ്ടി ജീവൻ കൊടുക്കുന്നു. ആട്ടിൻകൂട്ടത്തെ തേടി പോകുന്ന ഒരു ഇടയനെപ്പോലെ യേശു, നമ്മെ നഷ്ടപ്പെട്ടപ്പോൾ നമ്മെ തേടി വന്നു. ഒരു ഇടയനെപ്പോലെ അവിടുന്ന് നമ്മെ മരണത്തിൽനിന്ന് രക്ഷിച്ചു. ക്രൈസ്തവരെന്ന നിലയിൽ, അവിടുത്തെ സ്നേഹം സ്വീകരിക്കാനും അത് പ്രചരിപ്പിക്കാനും മറ്റുള്ളവരെ ഒരിക്കലും ഒഴിവാക്കാതിരിക്കാനും വേണ്ടിയാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അതിലൂടെ സാഹോദര്യം കെട്ടിപ്പടുക്കാനും ഭിന്നതകൾ ഒഴിവാക്കാനും വിളി ലഭിച്ചവരാണ് നാമെന്നും പാപ്പ പറഞ്ഞു.

നമ്മെ സഭയിലേക്ക് വിളിക്കുകയും ലോകത്തിലേക്ക് അയക്കുകയും ചെയ്യുന്ന വാതിലാണ് ക്രിസ്തു. നല്ലിടയനെ മാതൃകയാക്കി, നമ്മുടെ വാക്കുകളിലും ദൈനംദിന പ്രവർത്തനങ്ങളിലും യേശുവിനെപ്പോലെ, ആരുടെയും നേരെ അടയാത്തതും ദൈവസ്നേഹത്തിന്റെ സൗന്ദര്യം പ്രവേശിക്കാനും അനുഭവിക്കാനും എല്ലാവരെയും പ്രാപ്തരാക്കുന്നതുമായ ഒരു വാതിലാകാൻ പരിശ്രമിക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.

ദിവ്യബലിക്കുശേഷമുള്ള റെജീനാ ചേലി പ്രാർത്ഥനാമധ്യേയാണ്, യൂറോപ്യൻ ഭൂഖണ്ഡത്തിൽ, വിശിഷ്യാ യുക്രൈനിൽ സമാധാനമുണ്ടാകാൻ വേണ്ടി പാപ്പ പ്രാർത്ഥിച്ചത്. കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും വീണ്ടും സ്മരിച്ച പാപ്പ, ഹംഗേറിയൻ ജനത എല്ലാവർക്കും വേണ്ടി വാതിൽ തുറന്നിടണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഹംഗേറിയൻ ജനതയെയും യുദ്ധത്തിന്റെ ഇരകളായ യുക്രൈനിലെയും റഷ്യയിലെയും ജനങ്ങളെ സമാധാനത്തിന്റെ രാജ്ഞിയായ മാതാവിന് സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.

ഹംഗറിയിൽ ലഭിച്ച ഊഷ്മള സ്വീകരണത്തിന ഭരണകൂട അധികാരികളോടും ജനങ്ങളോടും പ്രത്യേകം നന്ദി അറിയിക്കുന്നതായും ഫ്രാൻസിസ് പാപ്പ പറഞ്ഞു. ഹംഗേറിയൻ പ്രസിഡന്റ് കാറ്റാലിൻ നൊവാകും പ്രധാനമന്ത്രി വിക്ടർ ഒർബനും ഉൾപ്പെടെ അരലക്ഷത്തിൽപ്പരം പേരാണ് ദിവ്യബലിയിൽ പങ്കാളികളായത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?