ബെൽഫാസ്റ്റ്: കൂദാശാ കർമത്തിന്റെ 150ാം പിറന്നാൾ ആഘോഷിക്കുന്ന നോർത്തേൺ അയർലൻഡിലെ വിഖ്യാതമായ ഡെറി കത്തീഡ്രലിന് അവിസ്മരണീയ സമ്മാനവുമായി വിശ്വാസീസമൂഹം. ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാൻ ജീവിതം സമർപ്പിച്ച വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ തിരുരൂപം അൾത്താരയ്ക്ക് സമീപം സ്ഥാപിച്ചുകൊണ്ടായിരുന്നു ഇടവക സമൂഹത്തിന്റെ 150ാം പിറന്നാൾ ആഘോഷം.
തിരുരൂപം സ്ഥാപിച്ചത് വാഴ്ത്തപ്പെട്ട കാർലോയുടെ ജന്മദിനമായ മേയ് മൂന്നിന് തന്നെയായിരുന്നു എന്നതും ശ്രദ്ധേയം. ഡെറി ബിഷപ്പ് ഡോണൽ മക്കിയോന്റെ കാർമികത്വത്തിലായിരുന്നു കൂദാശാകർമം. 1873 മേയ് നാലിനാണ് ഡെറിയിൽ വിശുദ്ധ എവുജിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ കൂദാശ ചെയ്യപ്പെട്ടത്.
‘ദിവ്യകാരുണ്യത്തിന്റെ അപ്പസ്‌തോലൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസ് 1991ൽ ലണ്ടനിലാണ് ജനിച്ചത്. ലുക്കീമിയ ബാധിതനായി 2006 ഒക്ടോബർ 12ന് ഇഹലോകവാസം വെടിഞ്ഞു. കേവലം 15 വയസുവരെ മാത്രം ജീവിച്ചിരുന്നുള്ളുവെങ്കിലും അക്കാലംകൊണ്ടുതന്നെ അനേകരെ വിശ്വാസവഴിയിലേക്ക് നയിച്ചതിലൂടെയാണ് അക്യുറ്റിസ് ശ്രദ്ധേയനായത്.
വിവിധ രാജ്യങ്ങളിൽ സംഭവിച്ചതും സഭ അംഗീകരിച്ചതുമായ 136 ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് അവൻ ശേഖരിച്ചത്. കാൻസറിന്റെ വേദനയാൽ പുളയുമ്പോഴും ആ വേദന കാർലോ പാപ്പയ്ക്കും സഭയ്ക്കും വേണ്ടിയാണ് കാഴ്ചവെച്ചത്. 21ാം നൂറ്റാണ്ടിൽ ജീവിച്ചവരിൽനിന്നുള്ള ആദ്യത്തെ വാഴ്ത്തപ്പെട്ടവനെന്ന വിശേഷണത്തോടെ 2020 ഒക്ടോബർ 10ന് അൾത്താര വണക്കത്തിലേക്ക് ഉയർത്തപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *