Follow Us On

23

December

2024

Monday

ചാൾസ് മൂന്നാമന്റെ കിരീടധാരണം: കുരിശടയാളമുള്ള കിരീടവും അംശവടിയും തയാർ, അഭിഷേക തൈലം തിരുക്കല്ലറ ദൈവാലയത്തിൽനിന്ന്!

ചാൾസ് മൂന്നാമന്റെ കിരീടധാരണം: കുരിശടയാളമുള്ള കിരീടവും അംശവടിയും തയാർ,  അഭിഷേക തൈലം തിരുക്കല്ലറ ദൈവാലയത്തിൽനിന്ന്!

ലണ്ടൻ: ആംഗ്ലിക്കൻ സഭയുടെ ആസ്ഥാന ദൈവാലയമായ വെസ്റ്റ്മിൻസ്റ്റർ ആബി ഒരുങ്ങി; രണ്ട് കുരിശടയാളം പതിച്ച എഡ്വേഡ്‌സ് കിരീടവും അംശവടിയും തയാർ! ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീട ധാരണത്തിന് മണിക്കൂറുകൾമാത്രം ശേഷിക്കേ തയാറെടുപ്പുകൾ പൂർത്തിയാക്കി ബ്രിട്ടൺ. 1953ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം നടന്നശേഷം 70 വർഷങ്ങൾക്ക് ശേഷം മറ്റൊരു കിരീടധാരണത്തിന് സാക്ഷിയാകുന്നതിന്റെ ആവേശത്തിലാണ് ബ്രിട്ടീഷ് ജനത.

ആംഗ്ലിക്കൻ സഭയുടെ തലവനും കാന്റർബറി ആർച്ച്ബിഷപ്പുമായ ജസ്റ്റിൻ വെൽബി മുഖ്യ കാർമികത്വം വഹിക്കുന്ന കിരീടധാരണ തിരുക്കർമങ്ങളിൽ ഫ്രാൻസിസ് പാപ്പയുടെ പ്രതിനിധിയായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ പങ്കെടുക്കാനെത്തുന്നതും സവിശേഷതയാണ്. മാത്രമല്ല, ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻകൂടിയായ വെസ്റ്റ്മിൻസ്റ്റർ ആർച്ച്ബിഷപ്പ് കർദിനാൾ വിൻസെന്റ് നിക്കോൾസ് കിരീടധാരണ ചടങ്ങിൽ ആശീർവാദം നൽകുകയും ചെയ്യും.

മേയ് ആറ്‌ രാവിലെ 6.00 മുതൽ വൈകിട്ട് 2.30വരെ നടക്കുന്ന ആഘോഷ പരിപാടികളിൽ ലോക നേതാക്കൾ, രാജാക്കന്മാരുടെ പ്രതിനിധികൾ, ലോകമെമ്പാടുമുള്ള രാജകുടുംബങ്ങൾ എന്നിവരുൾപ്പെടെ ഏകദേശം 2,200 പേർക്കാണ് ക്ഷണം. കൃത്യം 11.00ന് കിരീടധാരണ ചടങ്ങുകൾ ആരംഭിക്കും. രാജാവുതന്നെ തിരഞ്ഞെടുത്ത ഗാനങ്ങൾ ഉൾപ്പെടുത്തിയാണ് ചടങ്ങുകൾ ക്രമീകരിച്ചിട്ടുള്ളത്. കിരീടധാരണത്തോടെ ചാൾസ് രാജാവ് ഔദ്യോഗിക ചുമതലയേൽക്കും, രാജപത്‌നിയിൽനിന്ന് കാമില, രാഞ്ജി പദവിയിലേക്ക് ഉയരും.

1661ൽ നിർമിച്ച സെന്റ് എഡ്വേഡ്‌സ് കീരീടമാണ് രാജാവിനെ അണിയിക്കുക. അമൂല്യരത്‌നങ്ങൾകൊണ്ട് നിർമിതമായ, രണ്ട് കുരിശുകൾ പതിപ്പിച്ച കിരീടമാണിത്. രണ്ടു കിലോയിൽപ്പരം ഭാരം വരുന്ന കീരീടം സ്ഥാനാരോഹണ ശുശ്രൂഷയിൽ മാത്രമാണ് അണിയുന്നത്. കുരിശു പതിപ്പിച്ച, രത്‌നങ്ങളാൽ അലംകൃതമായ അംശവടിയും വജ്രമോതിരവും ആർച്ച്ബിഷപ്പാണ് രാജാവിന് കൈമാറുക. സോവറിൻസ് ഓർബ് എന്നറിയപ്പെടുന്ന കുരിശുപതിപ്പിച്ച ഗോളമാണ് ഇതിലെ പ്രധാനപ്പെട്ട സ്ഥാനചിഹ്നം.

മൂന്നാം കിരീടാവകാശിയായ ചാൾസിന്റെ കൊച്ചുമകൻ പ്രിൻസ് ജോർജ്, കാമിലയുടെ കൊച്ചുമക്കൾ എന്നിവരാണ് സ്ഥാനചിഹ്നങ്ങൾ അൾത്താരയിലേക്ക് പ്രദക്ഷിണമായി എത്തിക്കുക. ഇംഗ്ലണ്ടിന്റെ വിശ്വാസവും നിയമവും സംരക്ഷിക്കുമെന്ന പ്രതിജ്ഞ ബൈബിളിൽ കൈവച്ച് ഏറ്റുചൊല്ലുന്നതും തുടർന്ന് സെന്റ് എഡ്വേഡ് ചെയറിലിരുത്തുന്നതും ശിരസിൽ വിശുദ്ധതൈലം പൂശുന്നതും പ്രധാന ശുശ്രൂഷകളാണ്. ജറുസലേമിലെ തിരുക്കല്ലറ ദൈവാലയത്തിൽ ആശീർവദിച്ച തൈലംകൊണ്ടാണ് അഭിഷേകം. തുടർന്നാണ് രാജാവിന്റെ കീരീടധാരണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?