യു.കെ: പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) സമ്മാനിച്ചതിലൂടെ വിഖ്യാതമായ എയിൽസ്‌ഫോർഡിലേക്ക് ഗ്രേറ്റ് ബ്രിട്ടൺ രൂപത ക്രമീകരിക്കുന്ന മരിയൻ തീർത്ഥാടനം നാളെ, മേയ് 27ന് നടക്കും. കർമല നാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകുന്ന തീർത്ഥാടനത്തിൽ നൂറൂകണക്കിന് വിശ്വാസികൾ അണിചേരും. ഇത് ആറാം തവണയാണ് രൂപതയുടെ ആഭിമുഖ്യത്തിൽ എയിൽസ്‌ഫോർഡിലേക്ക് തീർത്ഥാടനം നടത്തുന്നത്.
ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ഭാഗമായ ലണ്ടൻ, കാന്റർബറി റീജ്യണുകളാണ് തീർത്ഥാടനത്തിന്റെ ചുമതല നിർവഹിക്കുന്നത്. മേയ് 27 രാവിലെ 11.15 ന് കൊടിയേറ്റ്, 11.30ന് നേർച്ചകാഴ്ചകളുടെ സ്വീകരണം, 11.45ന് ജപമാല, 1.15ന് പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. 1.30 നാണ് ആഘോഷമായ ദിവ്യബലി. തുടർന്ന് 3.30ന് ആഘോഷമായ പ്രദക്ഷിണം. 4.30ന് മരിയൻ ഡിവോഷനോടെയായിരിക്കും സമാപനം. തീർത്ഥാടന ദിവസം പ്രസുദേന്തിമാരാകാനും കഴുന്ന്, അടിമ എന്നിവയ്ക്കും കുമ്പസാരത്തിനും സൗകര്യം ഉണ്ടാകും.
തീർത്ഥാടനത്തിന്റെ ഭാഗമായി മേയ് 24മുതൽ 26വരെ ഓൺലൈൻ ക്രമീകരിച്ച മരിയൻ കൺവെൻഷനും സവിശേഷതയായിരുന്നു. വൈകിട്ട് 6.00മുതൽ 7.30 വരെ ക്രമീകരിച്ച കൺവെൻഷനിൽ ജപമാല, മരിയൻ സന്ദേശം, മരിയൻ ഡിവോഷൻ എന്നിവയാണ് ഉൾക്കൊള്ളിച്ചിരുന്നത്. തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ, ഫാ. ജോസ് അന്ത്യാംകുളം എം.സി.ബി.എസ് എന്നിവരാണ് പ്രഭാഷകർ.
കർമലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർത്ഥാടനത്തിലേക്കും തിരുക്കർമങ്ങളിലേക്കും ഏവരെയും സ്‌നേഹപൂർവം ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോർഡിനേറ്റർ ഫാ. ടോമി എടാട്ട് അറിയിച്ചു. കർമലീത്താ സഭയുടെ പ്രിയോർ ജനറലായിരുന്ന വിശുദ്ധ സൈമൺ സ്റ്റോക്കിന് 1251ലാണ് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് ഉത്തരീയം നൽകിയത്. വെന്തിങ്ങ ധരിക്കുന്നവരെ രോഗപീഡ, ആപത്തുകൾ എന്നിവയിൽനിന്ന് പ്രത്യേകമായി സംരക്ഷിക്കുമെന്ന വാഗ്ദാനം നൽകപ്പെട്ടതും അവിടെവെച്ചുതന്നെ. ഉത്തരീയ ഭക്തിയുടെ ആരംഭവും അവിടെനിന്നുതന്നെയായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *