വത്തിക്കാൻ സിറ്റി: റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ യുദ്ധക്കെടുതികളിലൂടെ കടന്നുപോകുന്ന യുക്രേനിയൻ ജനതയ്ക്ക് സഹായമെത്തിക്കാൻ കർദിനാൾ കോൺറാഡ് ക്രാജെവ്‌സ്‌കി വീണ്ടും യുക്രൈനിൽ. ഫ്രാൻസിസ് പാപ്പയുടെ നിർദേശപ്രകാരം 59 വയസുകാരനായ ഇദ്ദേഹം ഇത് ആറാം തവണയാണ് അവശ്യവസ്തുക്കൾ നിറച്ച വാൻ ഡ്രൈവ് ചെയ്ത് യുക്രൈനിൽ എത്തുന്നത്. ഫ്രാൻസിസ് പാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലക്കാരനാണ് കർദിനാൾ ക്രാജെവ്‌സ്‌കി.
ഡാം തകർന്നതുമൂലം വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന തെക്കൻ ഖേഴ്‌സൺ മേഖലയിലേക്കായിരുന്നു ഇത്തവണത്തെ യാത്ര. അത്യാവശ്യ മരുന്നുകളുമായി എത്തുന്ന അദ്ദേഹം കത്തോലിക്കർ ഉൾപ്പെടെയുള്ള വിവിധ വിശ്വാസീസമൂഹങ്ങളിലും സന്ദർശനം നടത്തും. യുക്രൈനിലെ പീഡിത ജനതയോടുള്ള ഫ്രാൻസിസ് പാപ്പയുടെ കരുതലിനെയാണ് കർദിനാൾ ക്രാജെവ്‌സ്‌കിയുടെ ദൗത്യം എടുത്തുകാട്ടുന്നത്.
‘ദുരിതം അുഭവിക്കുന്ന ജനങ്ങൾക്കൊപ്പം ആയിരിക്കുക, അവരോടൊപ്പം പ്രാർത്ഥിക്കുക, പാപ്പയുടെ സാന്ത്വനവും പിന്തുണയും അവർക്കു നൽകുക എന്നതാണ് കർദിനാൾ ക്രാജെവ്‌സ്‌കിയുടെ ദൗത്യം,’ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി പ്രസ്താവനയിൽ വ്യക്തമാക്കി. ഡാം തകർന്നതു മൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് ഭക്ഷണവും മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും അടങ്ങിയ മറ്റൊരു ട്രക്ക് വരുംദിനങ്ങളിൽ അവിടേക്ക് എത്തിക്കുമെന്നും ഡിക്കാസ്റ്ററി അറിയിച്ചു.
‘ദുരിതമനുഭവിക്കുന്ന യുക്രേനിയൻ ജനതയെ ചേർത്തുപിടിക്കുന്ന പിതാവാണ് പാപ്പ. അവർക്കൊപ്പം ആയിരിക്കാൻ പാപ്പ ആഗ്രഹിക്കുന്നു,’ കർദിനാൾ പറഞ്ഞു. യുക്രൈനിൽ റഷ്യ അധിനിവേശം ആരംഭിച്ച 2022 ഫെബ്രുവരിക്കുശേഷം കർദിനാൾ നടത്തിയ യാത്രകൾ അനേകായിരങ്ങൾക്കാണ് അനുഗ്രഹമായത്. ജീവൻ പണയപ്പെടുത്തി എന്നുതന്നെ പറയാവുന്ന യാത്രയിൽ ഒരിക്കൽ സപോരിജിയ നഗരപ്രാന്തത്തിൽവെച്ച് അദ്ദേഹത്തിന് വെടിയേൽക്കുകയും ചെയ്തിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *