Follow Us On

22

January

2025

Wednesday

നഗരഗ്രാമ വ്യത്യാസമില്ലാതെ ജപമാല റാലികൾക്ക് സാക്ഷ്യം വഹിച്ച് ഐറിഷ് നിരത്തുകൾ; തരംഗമാകുന്നു ‘മെൻസ് റോസറി’

നഗരഗ്രാമ വ്യത്യാസമില്ലാതെ ജപമാല റാലികൾക്ക് സാക്ഷ്യം വഹിച്ച് ഐറിഷ് നിരത്തുകൾ; തരംഗമാകുന്നു ‘മെൻസ് റോസറി’

അയർലണ്ട്: കേവലം രണ്ടേ രണ്ടു വർഷം, അയർലൻഡിൽ ‘മെൻസ് റോസറി’ക്ക് സമാരംഭമായത് 22 സ്ഥലങ്ങളിലാണ്‌. അതെ, വടക്കൻ അയർലണ്ടിലേയും റിപ്പബ്ലിക് ഓഫ് അയർലണ്ടിലേയും നിരത്തുകളിലേക്കെല്ലാം ‘മെൻസ് റോസറി’ അതിവേഗം വ്യാപിക്കുകയാണ്. അതിശയോക്തിയല്ല, മാസാദ്യ ശനിയാഴ്ചകൾ തോറും സംഘടിപ്പിക്കപ്പെടുന്ന പുരുഷന്മാരുടെ ജപമാല റാലി നഗരഗ്രാമ വ്യത്യാസമില്ലാതെ അവിഭക്ത അയർലൻഡിൽ തരംഗമായിക്കഴിഞ്ഞു.

ഓരോ മാസവും പുതിയ സ്ഥലങ്ങളിലേക്ക് ജപമാല റാലി വ്യാപിക്കുന്നു എന്നുമാത്രമല്ല, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാസംതോറും പങ്കാളിത്തം വർദ്ധിക്കുന്നു എന്നതും ശ്രദ്ധേയം. ഫാത്തിമാ നാഥയുടെ തിരുരൂപവുമായി പോളണ്ടിലെ നിരത്തുകളിൽ പുരുഷന്മാർ മുട്ടിന്മേൽനിന്ന് ജപമാലകൾ കൈകളിലുയർത്തി പ്രാർത്ഥിക്കുന്ന വീഡോയോയും ചിത്രങ്ങളും നൽകിയ പ്രചോദനത്താൽ ഡോ. ഓവെൻ ഗല്ലാഹർ, പ്രോ ലൈഫ് സംഘടനയായ ‘ഹ്യൂമൻ ലൈഫ് ഇന്റർനാഷണൽ അയർലൻഡി’ന്റെ സി.ഇ.ഒ പാട്രിക് മക്ക്രിസ്റ്റൽ എന്നിവരാണ് അയർലൻഡിൽ ‘മെൻസ് റോസറി’ക്ക് കളമൊരുക്കിയത്.

2021 ഒക്ടോബർ രണ്ടിന് ഡെറിയിലാണ് മെൻസ് റോസറി തുടക്കം കുറിച്ചത്. ഏകദേശം 80 പുരുഷന്മാർ അതിൽ പങ്കെടുത്തു. പിന്നീട് 100പേരുടെ പങ്കാളിത്തത്തോടെ ന്യൂറിയിൽ വെച്ച് രണ്ടാമത്തെ റാലിയും ബെൽഫാസ്റ്റിൽ 150 പേരുചേർന്ന് മൂന്നാമത്തേതും. കാലക്രമേണ പിന്നീടു നടന്ന എല്ലാ മെൻസ് റോസറികളിലും പുരുഷന്മാരുടെ സാന്നിധ്യം കൂടികൊണ്ടേയിരുന്നു. നിലവിൽ 22 സ്ഥലങ്ങളിലാണ് റാലികൾ നടക്കുന്നത്.

ഈ ജപമാല റാലികളിൽ നിരവധി ആത്മീയ പരിവർത്തനങ്ങൾ നടക്കുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡോക്ടർമാർ, അധ്യാപകർ, പ്രൊഫസർമാർ, വ്യാപാരികൾ, ബോക്‌സർമാർ, മുൻ തടവുകാർ, തൊഴിൽരഹിതർ തുടങ്ങി വളരെ വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ് ഈ റാലിയിൽ പങ്കെടുക്കുന്ന പുരുഷന്മാരിലധികവും. ജപമാല റാലികളിലെ പുരുഷന്മാരുടെ സജീവ പങ്കാളിത്തം സുവിശേഷവൽക്കരണത്തിനുള്ള ഗണ്യമായ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ശാലോം വേൾഡിന്റെ വാർത്താ വിഭാഗമായ എസ്ഡബ്ല്യു നൂസിനോട് ഡോ. ഓവൻ വ്യക്തമാക്കി.

‘അയർലൻഡിൽ കഴിയുന്നത്ര പട്ടണങ്ങളിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും ജപമാല റാലികൾ ആരംഭിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. റോസറി റാലി ആഗോളതലത്തിൽ വളർന്ന് പന്തലിക്കണമെന്നതാണ് ആഗ്രഹം. വൈദികർ ഉൾപ്പെടെ ഇതേക്കുറിച്ച് കേൾക്കാനാഗ്രഹിക്കുന്നവർ അസംഖ്യമുണ്ട്. അതിനാൽ മെൻസ് റോസറി റാലിയെക്കുറിച്ചുള്ള പ്രചരണങ്ങൾ തുടരാനുള്ള പദ്ധതിയിലാണ് ഞങ്ങൾ,’ ഡോ. ഓവൻ കൂട്ടിച്ചേർത്തു.

പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിന് എതിരായി ചെയ്ത നിന്ദനങ്ങൾക്കും അവഹേളനങ്ങൾക്കും പരിഹാരമായി അഞ്ച് മാസാദ്യ ശനിയാഴ്ചകളിൽ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടണമെന്ന ഫാത്തിമാ ദർശനമാണ് ഇപ്രകാരമൊരു ജപമാല പ്രദക്ഷിണത്തിന് പ്രചോദനമായത്. പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിന് എതിരായി ചെയ്ത നിന്ദനങ്ങൾക്കും അവഹേളനങ്ങൾക്കും പരിഹാരമായി അർപ്പിക്കുന്ന മാസാദ്യ ശനിയാഴ്ച വണക്കത്തിന് 1905ൽ പയസ് 10ാമൻ പാപ്പയാണ് അംഗീകാരം നൽകിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?