Follow Us On

23

December

2024

Monday

ജീവന്റെ മൂല്യം പ്രഘോഷിച്ച് അയർലൻഡ്; ‘റാലി ഫോർ ലൈഫി’ൽ അണിചേർന്നത് മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾ

ജീവന്റെ മൂല്യം പ്രഘോഷിച്ച് അയർലൻഡ്; ‘റാലി ഫോർ ലൈഫി’ൽ അണിചേർന്നത് മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾ

ഡബ്ലിൻ: മനുഷ്യജീവന്റെ മൂല്യം ലോകത്തോട് പ്രഘോഷിച്ചും രാജ്യത്തെ ഗർഭച്ഛിദ്ര നിയമത്തിനെതിരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചും ഐറിഷ് തലസ്ഥാനമായ ഡബ്ലിനിൽ സമ്മേളിച്ചത് ആയിരങ്ങൾ. ജീവന്റെ പ്രഘോഷകരാകാൻ അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രോലൈഫ് ജനത ഡബ്ലിനിലേക്ക് പ്രവഹിച്ചപ്പോൾ ഇത്തവണത്തെ ‘റാലി ഫോർ ലൈഫ്’ പ്രൗഢോജ്വല നിമിഷങ്ങൾക്ക് സാക്ഷിയായി. അയർലൻഡിലെ സീറോ മലബാർ സമൂഹത്തിനും ശാലോം വേൾഡിനുമൊപ്പം നിരവധി മലയാളികൾ മാർച്ചിൽ അണിചേർന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഗർഭച്ഛിദ്രം നിയന്ത്രിക്കാനുള്ള അടിയന്തര നടപടികൾ വേണം, ഗർഭച്ഛിദ്രത്തിനു മുമ്പ് വിചിന്തനത്തിനായി ഏർപ്പെടുത്തിയിരുന്ന ‘മൂന്ന് ദിവസത്തെ കാത്തിരിപ്പ്’ നിലനിർത്തേണ്ടതിന്റെ അനിവാര്യത എന്നീ ആവശ്യങ്ങളാണ് ഇത്തവണ ഐറിഷ് ജനത പ്രധാനമായി ഉന്നയിച്ചത്. ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിയ 2018നുശേഷം ഗർഭച്ഛിദ്രങ്ങളുടെ എണ്ണം ഓരോ വർഷവും വർദ്ധിക്കുന്നതിലുള്ള ആശങ്ക രേഖപ്പെടുത്തുകയും ചെയ്തും ഇത്തവണത്തെ റാലി.

മനസാക്ഷി അവകാശങ്ങൾക്കായി പോരാടുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും പിന്തുണ അറിയിക്കുന്ന മുദ്രാവാക്യങ്ങളും മാർച്ചിൽ ഇടംപിടിച്ചു. ഗർഭച്ഛിദ്രം നിയന്ത്രിക്കാനുള്ള അടിയന്തര നടപടികൾ ആവശ്യപ്പെട്ട് അണിചേർന്നവരിൽ കുട്ടികൾ മുതൽ വയോവൃദ്ധർ വരെയുണ്ടായിരുന്നെങ്കിലും ഏറെ ശ്രദ്ധേയമായത് യുവജനങ്ങളുടെ പങ്കാളിത്തമാണ്.

ഗാർഡൻ ഓഫ് റിമംബറൻസിൽനിന്ന് ആരംഭിച്ച റാലി ഒ കോണൽ സ്ട്രീറ്റിലൂടെ ക്വയിസിൽ എത്തിച്ചേർന്നശേഷം രാഷ്ട്രീയ നേതൃനിരയിലും പ്രോ ലൈഫ് രംഗത്തും പ്രവർത്തിക്കുന്ന പ്രമുഖർ അഭിസംബോധന ചെയ്തു. മുൻ വർഷത്തെ അപേക്ഷിച്ച് 2022ൽ ഗർഭച്ഛിദ്രങ്ങളുടെ എണ്ണത്തിൽ 22% വർദ്ധനവുണ്ടായെന്ന നടുക്കുന്ന വിവരം റാലി ഫോർ ലൈഫ് വക്താവ് മേഗൻ നി സ്‌കല്ലാൻ വെളിപ്പെടുത്തി.

‘2021ൽ 6700 ഗർഭച്ഛിദ്രങ്ങൾ നടന്നെങ്കിൽ 2022ൽ അത് 8156 ആയി ഉയർന്നു. ഇത് കുത്തനെയുള്ള വർദ്ധനവാണ്, അസ്വസ്ഥജനകമാണ്.ഗർഭച്ഛിദ്രത്തിന് മുമ്പ് ഏർപ്പെടുത്തിയ ‘മൂന്ന് ദിവസത്തെ കാത്തിരിപ്പ്’ നിർത്തലാക്കാനുള്ള നീക്കം കാണുന്നുണ്ട്. ഇത് ഒഴിവാക്കണം. വിചിന്തനത്തിനായി ഏർപ്പെടുത്തിയ മൂന്ന് നാൾ കാത്തിരിപ്പിന്റെ ഫലമായി 2019- 2022 കാലയളവിൽമാത്രം ഏകദേശം 4,000 സ്ത്രീകൾ ഗർഭച്ഛിദ്രത്തിൽനിന്ന് പിൻവാങ്ങി,’ അവർ കൂട്ടിച്ചേർത്തു.

ഗർഭസ്ഥ ശിശുവിനും അമ്മയ്ക്കും തുല്യ അവകാശവും സംരക്ഷണവും ഉറപ്പാക്കുന്ന ഐറിഷ് ഭരണഘടനയുടെ എട്ടാം അനുഛേദം (എയിത്ത് അമെൻഡ്‌മെന്റ്) 2018ൽ റദ്ദാക്കപ്പെട്ടതിനെ തുടർന്നാണ് അയർലൻഡിൽ ഗർഭച്ഛിദ്രം നിയമവിധേയമായത്. ഐറിഷ് ബിഷപ്പ് കോൺഫറൻസിന്റെ ജീവനുവേണ്ടിയുള്ള കൗൺസിൽ ചെയർമാനും എൽഫിൻ രൂപതാ അധ്യക്ഷനുമായ ബിഷപ്പ് കെവിൻ ഡോറന്റെ കാർമികത്വത്തിൽ ഡബ്ലിനിലെ സെന്റ് സേവ്യേഴ്സ് ദൈവാലയത്തിൽ അർപ്പിച്ച ദിവ്യബലിയെ തുടർന്നായിരുന്നു റാലിക്ക് തുടക്കമായത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?