Follow Us On

22

January

2025

Wednesday

ലോകയുവജന സംഗമത്തിന് ഇനി ആഴ്ചകൾ മാത്രം; ഡബ്ല്യു.വൈ.ഡി ക്രോസും ദൈവമാതാവിന്റെ ചിത്രവും ലിസ്ബണിൽ എത്തി

ലോകയുവജന സംഗമത്തിന് ഇനി ആഴ്ചകൾ മാത്രം; ഡബ്ല്യു.വൈ.ഡി ക്രോസും ദൈവമാതാവിന്റെ ചിത്രവും ലിസ്ബണിൽ എത്തി

ലിസ്ബൺ: ലോകയുവജന സംഗമത്തിന് ആഴ്ചകൾ മാത്രം ശേഷിക്കേ, വിഖ്യാതമായ ‘ഡബ്ല്യു.വൈ.ഡി’ കുരിശും ദൈവമാതാവിന്റെ ഐക്കൺ ചിത്രവും പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലെത്തി. ലോകയുവജന സംഗമത്തിന്റെ രണ്ട് ഐക്കണുകളാണ് ‘ഔർ ലേഡി സാലസ് പോപ്പുലി റൊമാനി’യുടെ ഐക്കൺ രൂപവും മരത്തിൽ നിർമിച്ച വലിയ കുരിശും. ലോകമെമ്പാടും പര്യടനത്തിനെത്തിക്കാൻ വിശുദ്ധ ജോൺ പോൾ രണ്ടാമൻ യുവജനങ്ങൾക്ക് കൈമാറിയതാണ് പ്രസ്തുത ഐക്കണുകൾ.

അൽകോബാകയിലെ ആശ്രമത്തിൽ ലിസ്ബൺ പാത്രിയർക്കീസ് കർദിനാൾ മാനുവൽ ക്ലെമെന്റെയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവബലിമധ്യേ, അവിസ്മരണീയ സ്വകരണമാണ് ഐക്കൺ ചിത്രത്തിനും കുരിശിനും സംഘാടകർ നൽകിയത്. ജൂലൈ 23വരെ 22 മുനിസിപ്പാലിറ്റികളിലെ 18 ഇടവകകളിലൂടെ സഞ്ചരിക്കുന്ന കുരിശിന്റെയും മരിയൻ ഐക്കണിന്റെയും അവസാന സ്റ്റോപ്പാണ് ലിസ്ബണെന്ന് കർദിനാൾ മാനുവൽ ക്ലെമെന്റെ വ്യക്തമാക്കി.

ലോക യുവജന സംഗമത്തിന് മുമ്പുള്ള മാസങ്ങളിൽ രണ്ട് ചിഹ്നങ്ങൾ ആതിഥേയ രാജ്യത്തെ എല്ലാ രൂപതകളിലേക്കും തീർത്ഥാടനം നടത്തുന്നത് പതിവാണ്. സുവിശേഷത്തിന്റെ പ്രഘോഷകരാകാനും യുവജനങ്ങൾക്ക് അവർ ജീവിക്കുന്ന യാഥാർത്ഥ്യങ്ങളിലൂടെ സുവിശേഷത്തെ അനുഗമിക്കാൻ അവസരമൊരുക്കുകയാണ് ഈ താർത്ഥാടനത്തിന്റെ ലക്ഷ്യം. 2020 നവംബർ 22ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ക്രിസ്തുരാജത്വ തിരുനാളിൽ അർപ്പിച്ച ദിവ്യബലിമധ്യേയാണ്, 2019 ലെ യുവജനസംഗമത്തിന്റെ ആതിഥേയരായ പനാമയിൽ നിന്നുള്ള പ്രതിനിധിയിൽനിന്ന് ഇവ പോർച്ചുഗീസ് യുവജനങ്ങൾ ഏറ്റുവാങ്ങിയത്.

3.8 മീറ്റർ ഉയരമുള്ള ഈ കുരിശ്, 1983ലെ വിശുദ്ധ വർഷത്തിനുവേണ്ടി നിർമിച്ചതാണ്. അതേവർഷം ഓശാന ഞായറാഴ്ച, വിശുദ്ധ ജോൺ പോൾ രണ്ടാമൻ ഇത് ലോകമെമ്പാടും കൊണ്ടുപോകാൻ യുവജനങ്ങളെ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് 2000ലാണ് ദൈവമാതാവിന്റെ ചിത്രം യുവജനങ്ങൾക്കൊപ്പമുള്ള മരിയൻ സാന്നിധ്യത്തിന്റെ പ്രതീകമായി അവതരിപ്പിച്ചത്. അന്നു മുതൽ 1.20 മീറ്റർ ഉയരവും 80 സെന്റീമീറ്റർ വീതിയുമുള്ള പെയിന്റിംഗും തീർത്ഥാടനത്തിന്റെ ഭാഗമായി മാറുകയായിരുന്നു.

നമ്മുടെ നാടുകളിലൂടെയുള്ള ഈ ചിഹ്നങ്ങളുടെ യാത്ര അടയാളങ്ങളെ സ്വാഗതം ചെയ്യാനും നമ്മെ കൈവിടാത്ത ദൈവത്തെ, ഉത്ഥിതനായ ക്രിസ്തുവിനെ വിശ്വസിക്കാനുള്ള അവസരമാകട്ടെയെന്ന് കർദിനാൾ ക്ലെമെന്റെ ആശംസിച്ചു. ദിവ്യബലിക്കുശേഷം അൽകോബാകയിലെ തെരുവുകളിലൂടെ കുരിശ് ചുമക്കാൻ കർദിനാൾ യുവജനങ്ങൾക്കൊപ്പം ചേർന്നതും ശ്രദ്ധേയമായി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?