Follow Us On

22

December

2024

Sunday

പീഡാസഹനങ്ങളേറ്റ ‘ക്രൂശിതന്റെ തിരുശരീരം’ ഇറ്റലിയിലേക്ക്! പ്രദർശനം ഓഗസ്റ്റ് ഒന്ന് മുതൽ

പീഡാസഹനങ്ങളേറ്റ ‘ക്രൂശിതന്റെ തിരുശരീരം’ ഇറ്റലിയിലേക്ക്! പ്രദർശനം ഓഗസ്റ്റ് ഒന്ന് മുതൽ

മാഡ്രിഡ്: ‘ടൂറിനിലെ തിരുക്കച്ച’യിൽ നിന്നുള്ള ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിർമിച്ച യേശുക്രിസ്തുവിന്റെ തിരുരൂപം ഇറ്റലിയിൽ പ്രദർശനത്തിനെത്തും. ഇറ്റലിയിലെ സാൻ ഡൊമിനിക്കോ ദൈവാലയത്തിൽ ഓഗസ്റ്റ് ഒന്നു മുതൽ 2024 ജനുവരി ഏഴുവരെയാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. ‘ദ മിസ്റ്ററി മാൻ’ എന്ന പേരിൽ 2022ൽ സ്‌പെയിനിലെ സലാമങ്ക കത്തീഡ്രലിൽ ക്രമീകരിച്ച പ്രഥമ പ്രദർശനം ആഗോളതലത്തിൽതന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അൽവാരോ ബ്ലാങ്കോ എന്ന പ്രമുഖ സ്പാനിഷ് ശിൽപ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുരൂപം യാഥാർത്ഥ്യമാക്കിയത്.

ഈശോയുടെ തിരുശരീരം കല്ലറയിൽ അടക്കം ചെയ്യാൻ പൊതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന തിരുശേഷിപ്പാണ് ടൂറിനിലെ തിരുക്കച്ച. 14 അടി അഞ്ച് ഇഞ്ച് നീളവും മൂന്ന് അടി ഏഴ് ഇഞ്ച് വീതിയുമുള്ള ഈ തിരുക്കച്ച 1578 മുതൽ ഇറ്റാലിയൻ നഗരമായ ടൂറിനിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദൈവാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. പ്രസ്തുത തിരുക്കച്ചയിൽനിന്ന് ഫോറൻസിക് സങ്കേതങ്ങൾ ഉപയോഗിച്ച് സമാഹരിച്ച ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുരൂപത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

പീഡാസഹനങ്ങളേറ്റ ക്രൂശിതന്റെ തിരുശരീരം അതുപോലെതന്നെ ശാസ്ത്രീയമായി ഒരുക്കി എന്നതായിരുന്നു പ്രധാന സവിശേഷത. ലാറ്റക്‌സും സിലിക്കണും കൊണ്ട് നിർമിച്ച തിരുരൂപത്തിന്റെ ഉയരം 1.78 മീറ്ററാണ്, ഭാരം 75 കിലോഗ്രാമും. പീഡാസഹന വേളയിലും ക്രൂശിതനായപ്പോഴും സംഭവിച്ച മുറിപ്പാടുകളെല്ലാം തിരുക്കച്ചയിൽ പതിഞ്ഞിരുന്നു. അതിന്റെ സ്ഥാനമോ വലുപ്പമോ മാറാതെതന്നെയാണ് തിരുരൂപത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

‘ടൂറിനിലെ തിരുക്കച്ചയിൽ പതിഞ്ഞിരിക്കുന്ന ക്രിസ്തുവിന്റെ ഛായയിൽ ആദ്യമായി ചർമം വെച്ചുപിടിപ്പു എന്നതാണ് ശ്രദ്ധേയം. മുഖം കഴിഞ്ഞാൽ ആളുകളുടെ ശ്രദ്ധ തിരുശരീരത്തിലെ മുറിവുകളിലാണ്. അവ ടൂറിനിലെ തിരുകച്ചയിൽ പതിഞ്ഞിരിക്കുന്ന മുറിവുകളുടെ പ്രതിഫലനം തന്നെയാണ്. ചർമത്തിലെ സുഷിരങ്ങൾ വരെ വ്യക്തമായി കാണുംവിധമാണ് നിർമാണം,’ ബ്ലാങ്കോ പറഞ്ഞു. ഒന്നര പതിറ്റാണ്ടു നീണ്ട ഗവേഷണത്തിനുശേഷമാണ് ബ്ലാങ്കോ ഈ യത്‌നം പൂർത്തിയാക്കിയത്.

ടൂറിനിലെ തിരുക്കച്ച പല കാലങ്ങളിലായി നിരവധി ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്. 1977മുതൽ 1981വരെ വിവിധ സർവകലാശാലകളിൽനിന്നും ലബോറട്ടറികളിൽനിന്നുമുള്ള പ്രമുഖരാണ് ഗവേഷണം നടത്തിയത്. ചമ്മട്ടിയടിയേറ്റ് കുരിശുമരണം വരിച്ച ഒരു യഥാർത്ഥ മനുഷ്യന്റെ രൂപം തന്നെയാണിതെന്ന നിഗമനത്തിലാണ് ഭൂരിഭാഗം ഗവേഷണങ്ങളും എത്തിയത്. കത്തോലിക്കാ വിശ്വാസികൾ ഏറ്റവും ആദരണീയമായി കരുതുന്ന ടൂറിനിലെ തിരുക്കച്ച ആധുനിക കാലത്തെ ഏതാണ്ട് എല്ലാ പാപ്പമാരും സന്ദർശിച്ചിട്ടുമുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?