Follow Us On

17

May

2024

Friday

അയർലൻഡിലെ പ്രശസ്ത റേഡിയോ ജോക്കി ഇനി കത്തോലിക്കാ സഭാ വൈദീകൻ

അയർലൻഡിലെ പ്രശസ്ത റേഡിയോ ജോക്കി ഇനി കത്തോലിക്കാ സഭാ വൈദീകൻ

ഡെറി: മൂന്ന് പതിറ്റാണ്ടോളം നീണ്ട റേഡിയോ ജോക്കി ജോലിയോട് വിടചൊല്ലി 58ാം വയസിൽ ക്രിസ്തുവിന്റെ പൗരോഹിത്യത്തിലേക്ക്! ഐറിഷ് റേഡിയോ മേഖലയിൽ ശ്രദ്ധേയനായ ഷോൺ ഡോഹെർട്ടിയാണ് സെലിബ്രിറ്റി താരപദവിയോട് വിടപറഞ്ഞ് ക്രിസ്തുവിന്റെ വിളി സ്വീകരിച്ച ആ റേഡിയോ ജോക്കി. ഡെറിയിലെ സെന്റ് യൂജീൻസ് കത്തീഡ്രലിൽവെച്ച് ഡെറി ബിഷപ്പ് ഡോണൽ മെക്കിയോണിൽനിന്നാണ് തിരുപ്പട്ടം സ്വീകരിച്ചത്. കൃത്യമായി പറഞ്ഞാൽ 28 വർഷക്കാലം, ഐറിഷ് നഗരമായ ഡൊണഗലിലെ ഹൈലാൻഡ് റേഡിയോയ്ക്കു വേണ്ടി ശബ്ദിച്ച ഫാ. ഷോൺ ഇനി ക്രിസ്തുവിന്റെ സുവിശേഷം ലോകത്തോട് പ്രഘോഷിക്കും.

റോമിലെ സെന്റ് പോൾസ് ബസിലിക്കയിൽ വെച്ച് കഴിഞ്ഞ വർഷമായിരുന്നു ഡീക്കൻ പട്ട സ്വീകരണം. ഈ പ്രായത്തിൽ ഇത്തരത്തിലൊരു തീരുമാനമെടുത്തതിനു പിന്നിൽ തനിക്ക് ഭ്രാന്താണെന്നുവരെ സംശയിക്കുന്നവരോട് നവവൈദീകന് ഒന്നേ പറയാനുള്ളൂ ദൈവത്തിന്റെ തിരഞ്ഞെടുപ്പുകൾ പലപ്പോഴും മനുഷ്യന് അജ്ഞാതമത്രേ. ഒരു അൾത്താര ബാലനായിരിക്കുമ്പോൾ മുതൽ പുരോഹിതനാകണമെന്ന ആഗ്രഹത്തിനുടമയായിരുന്നു ഷോൺ. എന്നാൽ, അതിനുവേണ്ടി വലിയ പഠനങ്ങൾ വേണ്ടിവരുമെന്ന ചിന്തയും ആത്മവിശ്വാസക്കുറവും അതിൽനിന്ന് അവനെ പിന്തിരിപ്പിക്കുകയായിരുന്നു.

പൗരോഹിത്യ സ്വപ്‌നങ്ങളോട് വിട പറഞ്ഞ് 18ാം വയസിൽ ലണ്ടനിലേക്ക് താമസം മാറിയ ഷോൺ ടിവി, സിനിമ, നാടകാഭിനയം എന്നീ രംഗങ്ങൾ തന്റെ കരിയറായി തിരഞ്ഞടുത്തു. ടി.വി പരസ്യങ്ങളും കുറച്ച് സിനിമകളും നാടകവും ചെയ്തശേഷം യാദൃശ്ചികമെന്നോണം റേഡിയോ മേഖലയിൽ എത്തിപ്പെടുകയായിരുന്നു. ഷോൺ സെലിബ്രിറ്റി മേഖലയെ എത്രമാത്രം സ്‌നേഹിച്ചോ അതിലുമധികം ദൈവം ഷോണിനെ സ്‌നേഹിച്ചു. അതിനു തെളിവാണ് ഒരിക്കൽ, താൻ അകലാൻ ശ്രമിച്ച പൗരോഹിത്യ വഴിയിലേക്കുള്ള ഷോണിന്റെ തിരിച്ചുവരവ്. തന്നെ കുറിച്ചുള്ള ദൈവഹിതം പൗരോഹിത്യമാണെന്ന് ബോധ്യപ്പെട്ട അവൻ ഡെറി രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിക്കാൻ തയാറെടുത്തു, 52ാം വയസിൽ.

റേഡിയോ മേഖലയിലെ പ്രവർത്തനങ്ങൾ വീണ്ടും പൗരോഹിത്യ വിളിയെ കുറിച്ച് ചിന്തിക്കാൻ കാരണമായെന്ന് ഫാ. ഷോൺ സാക്ഷ്യപ്പെടുത്തുന്നു. ‘ദിവസേന മൂന്നു മണിക്കൂറെങ്കിലും മറ്റുള്ളവരെ ശ്രവിക്കാനും വിശിഷ്യാ, അവരുടെ കഥകളും അനുഭവങ്ങളുമെല്ലാം കേൾക്കാനും അവസരം ലഭിച്ചു. വർഷങ്ങൾ നീണ്ട ഈ പ്രവൃത്തി ജീവിതത്തിൽ സഹാനുഭൂതി വളർത്താനും മറ്റുള്ളവരുടെ ജീവിതത്തെ സ്വന്തം ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിക്കാനും സഹായിച്ചു. ഇക്കാര്യങ്ങൾ പൗരോഹിത്യ ശുശ്രൂഷയിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നും ഒരു ശ്രോതാവാകാനും ആളുകളോട് ഹൃദയമുള്ള ഒരാളാകാനും കഴിയുമെന്ന ബോധ്യം എന്നിൽ നിറയുകയും ചെയതു,’ നവവൈദീകൻ മനസു തുറന്നു.

ഫാ. നീൽ കാർലിൻ എന്ന വൈദീകനെ പരിചയപ്പെടാനിടയായതും അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായി. തടവുപുള്ളികൾക്കിടയിലും ലഹരിക്ക് അടിമയായവർക്കിടയിലും നിസ്വാർത്ഥ സേവനം നടത്തുന്ന വൈദീകനാണ് നീൽ കാർലിൻ. ‘ലഹരിക്ക് അടിമയായവർക്കുവേണ്ടി പുനരധിവാസ കേന്ദ്രം സ്ഥാപിക്കുക മാത്രമല്ല, തന്റെ ജീവിതം അപകടത്തിലാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവരെ ശുശ്രൂഷിക്കാൻ സന്മനസുകാട്ടുന്ന വൈദീകനുമാണ് അദ്ദേഹം. അദ്ദേഹവും അദ്ദേഹത്തിന്റെ ശുശ്രൂഷകളും എന്നെ സ്വാധീനിച്ചിട്ടുണ്ട്.’ വരാനിരിക്കുന്ന പുത്തൻ അനുഭവങ്ങളെ ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് ഫ. ഷോൺ സാക്ഷ്യപ്പെടുത്തി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?