Follow Us On

17

May

2024

Friday

പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടി ബ്രിട്ടീഷ്  മലയാളികളുടെ മരിയൻ തീർത്ഥാടനം; വാത്‌സിംഗ്ഹാമിൽ വന്നണഞ്ഞത് ആയിരങ്ങൾ

പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടി ബ്രിട്ടീഷ്  മലയാളികളുടെ മരിയൻ തീർത്ഥാടനം;  വാത്‌സിംഗ്ഹാമിൽ വന്നണഞ്ഞത് ആയിരങ്ങൾ

യു.കെ: പരിശുദ്ധ ദൈവമാതാവ് നൽകിയ നന്മകൾക്ക് നന്ദി പറയാനും ഭാവി നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കാനുമായി വിശ്വാസീസമൂഹം പ്രവഹിച്ചപ്പോൾ ഇംഗ്ലണ്ടിലെ വിഖ്യാത മരിയൻ തീർത്ഥാടന കേന്ദ്രമായ വാത്‌സിംഗ്ഹാം വിശ്വാസീസാഗരമായി. ‘ഇംഗ്ലണ്ടിലെ നസ്രത്ത്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാൽസിംഗ്ഹാമിലേക്ക് ഗ്രേറ്റ് ബ്രിട്ടണിലെ സീറോ മലബാർ സമൂഹം സംഘടിപ്പിച്ച മരിയൻ തീർത്ഥാടനത്തിൽ അണിചേർന്നത് ആയിരങ്ങളാണ്.

ഇംഗ്ലണ്ടിലെ സീറോ മലബാർ സമൂഹത്തിന് പരിശുദ്ധ അമ്മ നൽകിയ നന്മകളെപ്രതി, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ വിശ്വാസീസമൂഹം നടത്തിയ കൃതജ്ഞതാർപ്പണം കൂടിയായി മാറി തീർത്ഥാടനം. ജപമാല അർപ്പണം, ദിവ്യകാരുണ്യ ആരാധന എന്നിവയോടെയാണ് തീർത്ഥാടന തിരുക്കർമങ്ങൾ ആരംഭമായത്. രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയറും വചന പ്രഘോഷകയുമായ സിസ്റ്റർ ആൻ മരിയ നയിച്ച മരിയൻ പ്രഭാഷണത്തെ തുടർന്നായിരുന്നു കൊടിയേറ്റവും അടിമ സമർപ്പണവും.

അതിനുശേഷമായിരുന്നു തിരുനാൾ പ്രദക്ഷിണം. രൂപതയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ ആയിരക്കണക്കിനു തീർത്ഥാടകർ തങ്ങളുടെ ഇടവക സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ബാനറുകളുടെ പിന്നിലായാണ് അണിചേർന്നത്. ജപമാല ചൊല്ലിയും മരിയൻ സ്തുതിഗീതങ്ങൾ ആലപിച്ചും മുന്നേറിയ പ്രദക്ഷിണത്തിൽ ആബാലവൃദ്ധം ജനങ്ങളുടെ സാന്നിധ്യവും ശ്രദ്ധേയമായി. പ്രദക്ഷിണം ദൈവാലയത്തിൽ തിരിച്ചെത്തിയതിനെ തുടർന്ന് അർപ്പിച്ച ദിവ്യബലിയിൽ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിച്ചു.

ഗ്രേറ്റ് ബ്രിട്ടൺ രൂപത എട്ടാം വാർഷികത്തിലേക്ക് പ്രവേശിക്കുമ്പോൾ സ്വർഗത്തിന്റെയും ഭൂമിയുടെയും രാഞ്ജിയായ പരിശുദ്ധ അമ്മയുടെ സംരക്ഷണവും മധ്യസ്ഥവും സഭയുടെ വളർച്ചയിലും ഓരോ ചുവടുവെപ്പിലും ഉണ്ടെന്ന് മാർ സ്രാമ്പിക്കൽ തിരുനാൾ സന്ദേശത്തിൽ സാക്ഷ്യപ്പെടുത്തി. വികാരി ജനറൽമാരായ ഫാ. ആന്റണി ചുണ്ടലിക്കാട്ട്, ഫാ. ജിനോ അരീക്കാട്ട്, ഫാ. ജോർജ് ചേലക്കര, ആതിഥേയരായ കേംബ്രിഡ്ജ് റീജണൽ സീറോ മലബാർ കോർഡിനേറ്റർ ഫാ. ജിനോ ഉൾപ്പെടെ നിരവധി വൈദികർ സഹകാർമികരായി.

11-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മരിയഭക്തയായിരുന്ന പ്രഭ്വി റിച്ചൽ ഡിസ്ഡി ഫെവെച്ചാണ് വാൽസിംഗ്ഹാമിൽ ദൈവാലയം നിർമിച്ചത്. കന്യകാമറിയത്തിനു വേണ്ടി സവിശേഷമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെ പ്രാർത്ഥിച്ചുകൊണ്ടിരിക്കേ, കന്യകാ മേരി അവർക്ക് നൽകിയ ദർശനവുമായി ബന്ധപ്പെട്ടാണ് ദൈവാലയം നിർമിക്കപ്പെട്ടത്.

തനിക്ക് മംഗളവാർത്ത ലഭിക്കുകയും തിരുക്കുടുംബം ഏറെനാൾ ജീവിക്കുകയും ചെയ്ത നസ്രത്തിലെ ഭവനം പരിശുദ്ധ അമ്മ പ്രഭ്വിയ്ക്ക് ദർശനത്തിൽ കാണിച്ചുകൊടുത്തു. അതിന്റെ ഓർമയ്ക്കായി വാൽസിംഗ്ഹാമിൽ ഒരു ദൈവാലയം നിർമിക്കണമെന്ന പരിശുദ്ധ അമ്മയുടെ നിർദേശം ശിരസാവഹിച്ചതിന്റെ ഫലമായാണ് ‘ഇംഗ്ലണ്ടിലെ നസ്രത്ത്’ എന്ന വിശേഷണത്തോടെ വാത്സിംഗ്ഹാം ദൈവാലയം യാഥാർത്ഥ്യമായത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?