Follow Us On

22

December

2024

Sunday

ലോക യുവജനസംഗമത്തിന് കാരണക്കാരനായ വൈദീകന്  പരമോന്നത സിവിലിയൻ പുരസ്‌ക്കാരം പ്രഖ്യാപിച്ച് പോളണ്ട് 

റോയ് അഗസ്റ്റിൻ

ലോക യുവജനസംഗമത്തിന് കാരണക്കാരനായ വൈദീകന്  പരമോന്നത സിവിലിയൻ  പുരസ്‌ക്കാരം പ്രഖ്യാപിച്ച് പോളണ്ട് 

ലോക യുവജന സംഗമത്തിന് തുടക്കം കുറിക്കാൻ വിശുദ്ധ ജോൺ പോൾ രണ്ടാമന് പ്രചോദനമായ കത്തോലിക്കാ വൈദീകനും ‘ലൈറ്റ് ലൈഫ്’ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ഫാ. ഫ്രാൻസിസെക് ബ്ലാക്കനിക്കന് (1921 – 1987) പോളണ്ടിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘വൈറ്റ് ഈഗിൾ’ പുരസ്‌ക്കാരം. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനു കീഴിൽ സാഹസികമായി സഭയെ പടുത്തുയർത്തുകയും ഒടുവിൽ രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായാണ് പുരസ്‌ക്കാരം സമ്മാനിക്കുന്നത്.

അദ്ദേഹം തുടക്കം കുറിച്ച ‘ലൈറ്റ് ലൈഫ്’ പ്രസ്ഥാനത്തിലൂടെ അനേകായിരം യുവജനങ്ങളാണ് സഭയിലേക്ക് അകർഷിക്കപ്പെട്ടത്. യുവജനങ്ങൾക്കായി നിരവധി പ്രോഗ്രാമുകളും സംഗമങ്ങളും സംഘടിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ യുവജന ശുശ്രൂഷകൾ പോളണ്ടിൽനിന്നു തന്നെയുള്ള ജോൺ പോൾ രണ്ടാമൻ പാപ്പയെ ആകർഷിക്കുകയും ആഗോളതലത്തിൽ യുവജനങ്ങളെ ഒന്നിച്ചു ചേർക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങൾക്ക് ഉത്തേജകമാവുകയും ചെയ്തു. അതിന്റെ സത്ഫലമാണ് 1985ൽ സമാരംഭിച്ച ലോക യുവജന സംഗമങ്ങൾ.

ഫാ. ഫ്രാൻസിസെക് രാജ്യത്തിന്റെ വിലമതിക്കാനാകാത്ത സ്വത്താണെന്നും അദ്ദേഹത്തിന്റെ സേവനം അനിതര സാധാരണമായിരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് പുരസ്‌കാരം നൽകുന്ന വിവരം പോളിഷ് പ്രസിഡന്റ് ആന്ദ്രെജ് ഡുഡെ പ്രഖ്യാപിച്ചത്. കിരാതമായിരുന്ന കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് സഭയെ സംരക്ഷിച്ചു നിർത്തിയ അസാധാരണ വ്യക്തിത്വം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പുരസ്‌കാര ലബ്ധിയോട് പോളിഷ് സഭ പ്രതികരിച്ചത്. രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് എതിരെ പ്രവർത്തിച്ചെന്ന കുറ്റം ചുമത്തി അദ്ദേഹത്തെ വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു. ഈ വർഷം ആദ്യമാണ് കൊലപാതക കാരണം നിലവിലെ സർക്കാർ പുറത്തുവിട്ടത്.

പോളണ്ടിലെ ഓഷ്വിറ്റ്‌സ് ക്യാംപിനെ അതിജീവിച്ച ഫ്രാൻസിസെക് പിന്നീടാണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. 1942ൽ കൊലമരത്തിൽനിന്ന് രക്ഷപ്പെട്ടെങ്കിലും നാസി ലേബർ ക്യാംപിൽ അടക്കപ്പെട്ടിരുന്നു. ഇതിനിടയിൽ 1950ൽ വൈദീകപട്ടം സ്വീകരിച്ച അദ്ദേഹം, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഭരണത്തിലെത്തിയ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നോട്ടപുള്ളിയായി മാറാൻ അധികകാലം വേണ്ടിവന്നില്ല. ഭരണകൂടത്തിന്റെ നിരന്തരമായ പീഢനങ്ങൾക്കിടയിലും 1957ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന രാജ്യവ്യാപകമായ മദ്യ വിരുദ്ധ പ്രവർത്തനങ്ങളും ‘ലൈറ്റ് ലൈഫ്’ പ്രസ്ഥാനത്തിന്റെ തുടക്കവും അദ്ദേഹത്തെ പോളണ്ടിൽ സുപ്രസിദ്ധനാക്കി.

എന്നാൽ 1981ലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അടിച്ചമർത്തൽ നയങ്ങൾ മൂലം അദ്ദേഹത്തിന് പോളണ്ടിൽനിന്ന് പശ്ചിമ ജർമനിയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. അവിടെവെച്ചാണ് 1987 ഫെബ്രുവരി 27ന് അദ്ദേഹം കൊല്ലപ്പെട്ടത്. 2005ൽത്തന്നെ പോളണ്ടിലെ സഭ അദ്ദേഹത്തിന്റെ നാമകരണ നടപടികൾക്ക് ശ്രമങ്ങളാരംഭിച്ചിരുന്നു. 2015ൽ അതിന് വത്തിക്കാൻ അംഗീകാരം നൽകിയതിനെ തുടർന്ന് 2020ൽ അദ്ദേഹത്തിന്റെ ഭൗതീക ശേഷിപ്പുകൾ പുറത്തെടുത്തു പരിശോധിച്ചപ്പോഴാണ് മരണകാരണം വിഷപ്രയോഗമാണെന്ന് കണ്ടെത്തിയത്. 2023 മാർച്ചിൽ പോളിഷ് നിയമകാര്യ മന്ത്രി ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിനുള്ള നടപടിക്രമങ്ങളിൽനിന്ന്, അദ്ദേഹത്തിന്റെ മധ്യസ്ഥതയിലുള്ള അത്ഭുതം റിപ്പോർട്ട് ചെയ്യണമെന്ന നിബന്ധന എടുത്തുകളഞ്ഞതായി കാറ്റോവിസ് അതിരൂപതാ മുൻ ആർച്ച്ബിഷപ്പ് വിക്ടർ സ്‌കോവോർസ് വെളിപ്പെടുത്തിയിട്ടുമുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?