Follow Us On

24

November

2024

Sunday

പിടിമുറുക്കി, വഴിയടച്ച് അസർബൈജാൻ ഭരണകൂടം;  അർമേനിയൻ ക്രൈസ്തവർ വീണ്ടും വംശഹത്യാ ഭീഷണിയിൽ

റോയ് അഗസ്റ്റിൻ

പിടിമുറുക്കി, വഴിയടച്ച് അസർബൈജാൻ ഭരണകൂടം;  അർമേനിയൻ ക്രൈസ്തവർ വീണ്ടും വംശഹത്യാ ഭീഷണിയിൽ

മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ അസർബൈജാനും ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമായ അർമേനിയയും തമ്മിൽ തർക്കം തുടരുന്ന നാഗോർണോ- കറാബാക്ക് മേഖലയിൽ അസർബൈജാൻ ഉപരോധം ഏർപ്പെടുത്തിയതോടെ അർമേനിയൻ ക്രൈസ്തവർ വീണ്ടും വംശഹത്യാ ഭീഷണിയിൽ. മേഖലയിലേക്കുള്ള എക മാർഗമായ ‘ലാച്ചിൻ ഇടനാഴി’ അസർബൈജാൻ അടച്ചതോടെ 120,000ൽപ്പരം അർമേനിയൻ ക്രൈസ്തവർ ഭക്ഷണമോ മരുന്നോ ഇല്ലാതെ കുടുങ്ങിക്കിടക്കുകയാണ്.

അസർബൈജാൻ മേഖലയിലെ ക്രിസ്ത്യാനികളെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണെന്നും ഉപരോധം ഭരണകൂടത്തിന്റെ ‘മത ശുദ്ധീകരണ’ത്തിനുള്ള ഏറ്റവും പുതിയ ശ്രമമാണെന്നും അർമേനിയയിലേക്കുള്ള വസ്തുതാന്വേഷണ ദൗത്യ സംഘാംഗമായ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് കമ്മീഷന്റെ മുൻ അംബാസഡർ സാം ബ്രൗൺബാക്ക് വെളിപ്പെടുത്തുന്നു. ‘ആ പ്രദേശം വാസയോഗ്യമല്ലാതാക്കാനാണ് അവരുടെ ശ്രമം, അതിലൂടെ പ്രദേശത്തെ ക്രൈസ്തവരെ അവിടം വിട്ടുപോകാൻ നിർബന്ധിതരാകുന്നു.’

അർമേനിയക്കാർ ‘ആർട്ട്‌സാഖ്’ എന്ന് വിളിക്കുന്ന നാഗോർണോ- കറാബാക്ക് മേഖലയെച്ചൊല്ലി അർമേനിയയും അസർബൈജാനും 1988 മുതൽ ഏറ്റുമുട്ടലിലാണ്. ചിലർ ഈ സംഘട്ടനത്തെ ഭൂപ്രദേശങ്ങൾക്കു വേണ്ടിയുള്ള സംഘർഷമെന്ന് വ്യാഖ്യാനിക്കുക്കുമ്പോഴും ക്രിസ്ത്യൻ അർമേനിയയും മുസ്ലീം അസർബൈജാനും തമ്മിലുള്ള യുദ്ധമാണിതെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. ബ്രൗൺബാക്ക് പറയുന്നതുപ്രകാരം, അർമേനിയ ‘ആർട്സാഖ്’ തങ്ങളുടെ കൈവശം നിലനിർത്താൻ ആഗ്രഹിക്കുമ്പോൾ, ക്രൈസ്തവരെ ഒന്നടങ്കം ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിലാണ് അസർബൈജാൻ.

പിന്നിൽ ഒട്ടോമൻ തുർക്കി?

പ്രധാന പ്രാദേശിക ശക്തിയായ തുർക്കിയുമായി യോജിച്ചുനിൽക്കാനാണ് അസർബൈജാൻ ആഗ്രഹിക്കുന്നത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അർമേനിയൻ ക്രിസ്ത്യാനികളെ വംശഹത്യ നടത്തിയ ഒട്ടോമൻ സാമ്രാജ്യം പുനഃസ്ഥാപിക്കാനുള്ള തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗന്റെ ആഗ്രഹമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ അടിസ്ഥാനമെന്നും നിരീക്ഷകർ പറയുന്നു. മുസ്ലീം രാജ്യങ്ങളായ തുർക്കിക്കും അസർബൈജാനും മധ്യേ തെക്കൻ കോക്കസസ് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന അർമേനിയ അതിന്റെ വലുതും ശക്തവുമായ ഇസ്ലാമിക അയൽക്കാരിൽനിന്ന് വളരെക്കാലമായി ഭീഷണിയിലാണ്.

പുരാതന കാലം മുതൽ ക്രൈസ്തവ സാന്നിധ്യം നിലനിൽക്കുന്ന അർമേനിയ ലോകത്തിലെ ഏറ്റവും പഴയ ക്രൈസ്തവ സമൂഹങ്ങളിൽ ഒന്നാണ്. അർമേനിയയും അസർബൈജാനും സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് നാഗോർണോ- കറാബാക്ക് പ്രദേശങ്ങളുടെ ആധിപത്യത്തിനായി ആരംഭിച്ച സംഘർഷം നിരവധി തവണ പ്രത്യക്ഷമായ യുദ്ധത്തിലേക്ക് വളർന്നു. നിരവധി സമാധാന കരാറുകൾ നിലവിൽവന്നെങ്കിലും സമാധാനം നിലനിർത്താൻ അതുകൊണ്ടൊന്നും കഴിഞ്ഞില്ല.

ഈ മേഖലയിൽ പരിചയ സമ്പന്നരായ വിദഗ്ധരുടെ അഭിപ്രായത്തിൽ, നഗോർനോ- കറാബാക്കിലെ ക്രൈസ്തവ സമൂഹം ഭയാനകമായൊരു വംശഹത്യയുടെ വക്കിലാണ്. ഏകദേശം ഒരു നൂറ്റാണ്ടിനിടെ രണ്ടാം തവണയും വംശഹത്യയുടെ ഭീഷണി നേരിടുന്ന ഏറ്റവും പഴയ ക്രൈസ്തവ രാഷ്ട്രമാണിതെന്നും ഗോർണോ- കറാബാക്കിൽ കുടുങ്ങിക്കിടക്കുന്ന അർമേനിയക്കാർക്ക് ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കാൻ അന്താരാഷ്ട്ര ഇടപെടൽ ഉടനടി ആവശ്യമാണെന്നും മനുഷ്യാവകാശ സംഘടനയായ ‘ഫിലോസ് പ്രോജക്ട്’ പ്രസിഡന്റ് റോബർട്ട് നിക്കോൾസൺ പറയുന്നു.

വിവരണാതീതം അർമേനിയൻ ക്രൈസ്തവരുടെ ദുരിതം

അസർബൈജാൻ 2020ൽ തുർക്കിയുടെ പിന്തുണയോടെ നാഗോർനോ- കറാബാക്ക് ആക്രമിച്ച് ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷം പുനരാരംഭിക്കുകയും പ്രദേശത്തിന്റെ നിയന്ത്രണം അവർ കരസ്ഥമാക്കുകയാണുണ്ടായത്. യുദ്ധത്തിൽ 6,800 പേർ കൊല്ലപ്പെടുകയും 90,000ൽപ്പരം പേർക്ക് പലായനം ചെയ്യേണ്ടിയും വന്നു. അവിടെ വസിച്ചിരുന്ന ഒരു ലക്ഷത്തിൽപ്പരം ക്രൈസ്തവർ അർമേനിയയിൽ നിന്ന് വിച്ഛേദിക്കപ്പെടുകയും ചെയ്തു.

‘ലാച്ചിൻ ഇടനാഴി’ എന്ന് വിളിക്കപ്പെടുന്ന നാല് മൈലിൽ താഴെ നീളമുള്ള ഒരു ഇടുങ്ങിയ റോഡാണ് അർമേനിയയെയും നാഗോർണോ- കറാബാഖിനെയും ബന്ധിപ്പിക്കുന്നത്. അവിടെ താമസിക്കുന്ന അർമേനിയക്കാർക്ക് ഭക്ഷണവും സാധനങ്ങളും ലഭിക്കുന്നതിനുള്ള ഏക മാർഗമാണിത്. 2022 ഡിസംബറിൽ അസർബൈജാൻ സർക്കാർ അനുകൂലികൾ ‘ലച്ചിൻ’ ഇടനാഴി ഉപരോധിക്കുകയായിരുന്നു. തുടർന്ന് ലോകരാജ്യങ്ങളുടെ മുന്നറിയിപ്പുകൾ വകവെക്കാതെ റോഡിൽ ഒരു സൈനിക ചെക്ക്പോസ്റ്റ് സ്ഥാപിച്ച് അങ്ങോട്ടേക്കുള്ള എല്ലാ അന്താരാഷ്ട്ര സഹായ സംഘങ്ങളെയും തടഞ്ഞതോടെയാണ് അവിടെയുള്ള ഒരു ലക്ഷത്തിൽപ്പരം വരുന്ന ക്രൈസ്തവരുടെ സ്ഥിതി വിവരണാതീതമാം വിധം വഷളായത്.

ഉപരോധിക്കപ്പെട്ടവരിൽ 30,000 കുട്ടികളും 20,000 വൃദ്ധരും 9,000 വികലാംഗരും ഉൾപ്പെടുന്നുവെന്ന് ‘കാരിത്താസ് അർമേനിയ’ പ്രോജക്ട് മാനേജർ ലൂസിൻ സ്റ്റെപായൻ പറയുന്നു: ‘ലാച്ചിൻ ഇടനാഴിയുടെ ഉപരോധം മൂലം നഗോർണോ- കറാബാക്ക് പ്രദേശം മനുഷ്യ ജീവൻ നിലനിർത്താൻ ആവശ്യമായതൊന്നും ലഭ്യമല്ലാത്ത ഭൂപ്രദേശമായി മാറി. മുഴുവൻ ജനങ്ങളുടെയും സ്ഥിതി വളരെ മോശമാണ്, അവർ കൂട്ട മരണത്തിന്റെ വക്കിലാണ്.’

സഹായങ്ങൾ അപര്യാപ്തം

2022 ഡിസംബർ 18ന് നടത്തിയ പരാമർശത്തിൽ, ലാച്ചിൻ ഇടനാഴിയിലെ സ്ഥിതിയെക്കുറിച്ചുള്ള തന്റെ ആശങ്കകൾ ഫ്രാൻസിസ് പാപ്പ പ്രകടിപ്പിച്ചിരുന്നു. അവിടെ ഒറ്റപ്പെട്ടുപോയവരുടെ നന്മയ്ക്കായി സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് സ്വയം പ്രതിജ്ഞാബദ്ധരാകാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നതായും മരണത്തിന്റെ വക്കിൽ കഴിയുന്ന ആ പ്രിയപ്പെട്ടവരുടെ മാനുഷിക സാഹചര്യങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞിരുന്നു. പാപ്പയുടെ വാക്കുകൾക്ക് പുറമെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ, ഐക്യരാഷ്ട്രസഭ എന്നിവയിൽ നിന്നുള്ള പ്രതിഷേധങ്ങളും ഉണ്ടായിരുന്നിട്ടും, ഉപരോധം പിൻവലിക്കാൻ അസർബൈജാൻ വിസമ്മതിക്കുകയാണ്.

അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ കോൺഫറൻസിന്റെ അന്താരാഷ്ട്ര സഹായ സംഘടനയായ ‘കാത്തലിക് റിലീഫ് സർവീസസ്’, ആഗോളസഭയുടെ ജീവകാരുണ്യ സംരംഭമായ ‘കാരിത്താസ് ഇന്റർനാഷണൽ’ തുടങ്ങിയ കത്തോലിക്കാ സന്നദ്ധ സംഘടനകൾ നാഗോർണോ-കരാബാക്കിലെ അർമേനിയൻ ക്രൈസ്തവരെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതൊന്നും നിസഹായരായ ആ ജനതയുടെ ആവശ്യങ്ങൾക്ക് പൂർണമായി ഉപയുക്തമാകുന്നില്ല എന്നതാണ് വസ്തുത.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?