മെക്സിക്കോ സിറ്റി: കുരുക്കഴിക്കുന്ന മാതാവിനെ ആസ്പദമാക്കിയുള്ള സിനിമയുടെ ചിത്രീകരണം മെക്സിക്കോയിൽ ആരംഭിച്ചു. ‘മരിയ ഡെസത്താരോ ഡി നുഡോസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫ്രാൻസിസ്കോ ജാവിയർ പെരസാണ്. ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകർ പറഞ്ഞു . ഹോളിവുഡ് കാത്തലിക്ക് ഫിലിംസും, ആവേ മരിയ ഫിലിംസും ചേര്‍ന്ന് നിർമ്മിക്കുന്ന സിനിമയുടെ അണിയറക്ക് പിന്നിലും, മുന്നിലുമായി നിരവധി വൈദികരും പ്രവർത്തിക്കുന്നുണ്ട്. ഫ്രാൻസിസ് മാർപാപ്പ ഏറ്റവും പ്രാധാന്യം നല്‍കുന്ന മരിയന്‍ വണക്കം കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തിയാണെന്ന് ആവേ മരിയ ഫിലിംസിന്റെ സ്ഥാപകൻ ഗാബി ജക്കോബാ മാധ്യമങ്ങളോട് പറഞ്ഞു.
പതിനേഴാം നൂറ്റാണ്ടിൽ ജർമ്മനിയിലെ രണ്ട് ദമ്പതിമാരുടെ വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട് എപ്രകാരമാണ് ഈ മരിയ ഭക്തി ആരംഭിച്ചുവെന്നതായിരിക്കും ചിത്രത്തിന്റെ പ്രമേയമെന്ന് ഗാബി കൂട്ടിച്ചേര്‍ത്തു. നിരവധി കൂട്ടായ്മകളും, സമൂഹങ്ങളും ചിത്രത്തിനായി പ്രാർത്ഥിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം പരിശുദ്ധ കന്യകാമറിയത്തിന്റെ കൈപിടിച്ച് കുടുംബങ്ങളെയും വിവാഹങ്ങളെയും രക്ഷിക്കുക എന്നതാണ് ചിത്രത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ജക്കോബാ പറയുന്നു.
ജർമ്മനിയിലെ ബവേറിയയിലെ ഔഗ്സ്ബുർഗിലുള്ള വി. പത്രോസിൻ്റെ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മരിയൻ ചിത്രമാണ് കുരുക്കഴിക്കുന്ന മാതാവ്. ഫ്രാൻസീസ് പാപ്പ ജർമ്മനിയിൽ ദൈവശാസ്ത്ര വിദ്യാർത്ഥിയായിരിക്കെ ഈ ചിത്രം കാണുകയും പിന്നിടു മെത്രാനായപ്പോൾ ലാറ്റിൻ അമേരിക്കയിൽ കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുകയും ചെയ്തു. വോൾഫ്ഗാങ്ങ് ലാംഗെൻമാന്റൽ (1568-1637) എന്ന ഒരു ജർമ്മൻകാരൻ്റെ ജീവിതവുമായി ബന്ധപ്പെട്ടുള്ളതാണ് കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ കഥ. വോൾഫ്ഗാങ്ങും ഭാര്യ സോഫിയും മാതൃകപരമായ ദാമ്പത്യ ജീവിതം നയിക്കുന്നവരായിരുന്നു.
നാളുകൾ കഴിഞ്ഞപ്പോൾ അവരുടെ ദാമ്പത്യ ബന്ധത്തിൽ അസ്വസ്ഥതകൾ ഉണ്ടാവുകയും വിവാഹമോചനത്തോളം അതെത്തുകയും ചെയ്തു. ദാമ്പത്യം സംരക്ഷിക്കാനായി വോൾഫ്ഗാങ്ങ് ഔഗ്സ്ബുർഗിൽ നിന്ന് എഴുപത് കിലോമീറ്റർ അകലെയുള്ള ഇംഗോൾസ്റ്റാഡ് സർവ്വകലാശാലയിലെ അധ്യാപകനായിരുന്ന ഈശോസഭാ വൈദീകൻ ഫാ. ജേക്കബ് റേമിനെ സന്ദർശിക്കാൻ തീരുമാനിച്ചു.
മരിയ ഭക്തനായിരുന്ന ഫാ. റെം, ഓരോ തവണ കാണുമ്പോഴും വോൾഫ്ഗാംങ്ങുമായി കന്യാമറിയത്തിൻ്റെ മുമ്പിൽപ്പോയി പ്രാർത്ഥിക്കുക പതിവായിരുന്നു. അവരുടെ കൂടിക്കാഴ്ചയുടെ അവസാന ദിനം – 1615 സെപ്റ്റംബർ 28-ന് ഫാ. റെം, ആശ്രമ ചാപ്പലിൽ മഞ്ഞു മാതാവിൻ്റെ ചിത്രത്തിനു മുമ്പിൽ പ്രാർത്ഥിക്കുകയായിരുന്നു.രണ്ടുപേരും പരസ്പരം കണ്ടപ്പോൾ വോൾഫ്ഗാങ്ങ് തന്റെ വിവാഹ റിബൺഅദ്ദേഹത്തിന് നൽകി. പ്രാർത്ഥനയോടെ ഫാ. റെം ആ വിവാഹ റിബൺ മാതൃസന്നിധിയിലേക്കു ഉയർത്തി, അത്ഭുതമെന്നു പറയട്ടെ റിബണിന്റെ കെട്ടുകൾ ഓരോന്നായി സ്വയം അഴിഞ്ഞു, അതിൻ്റെ നിറം വെളുത്തതായി. ഈ സംഭവത്തിനു ശേഷം വോൾഫ്ഗാങ്ങും സോഫിയയും തങ്ങളുടെ വിവാഹമോചനത്തിനുള്ള ശ്രമം ഉപേക്ഷിക്കുകയും വിശ്വസ്ത ദമ്പതികളായി തുടരുമെന്നു മാതൃസന്നിധിയിൽ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *