Follow Us On

21

January

2025

Tuesday

അർമേനിയയിലേക്കു കൂട്ട പലായനവുമായി നാഗോര്‍ണോ – കരാബാക്ക് മേഖലയിലെ ക്രൈസ്തവർ

അർമേനിയയിലേക്കു കൂട്ട പലായനവുമായി നാഗോര്‍ണോ – കരാബാക്ക് മേഖലയിലെ ക്രൈസ്തവർ

യെരവാൻ: നാഗോര്‍ണോ – കരാബാക്ക് മേഖലയുടെ നിയന്ത്രണം ഇസ്ലാമിക രാജ്യമായ അസർബൈജാന്‍ സ്വന്തമാക്കിയതോടെ ഇവിടെയുള്ള ക്രൈസ്തവർ അർമേനിയയിലേക്കു പലായനം ചെയ്യാനാരംഭിച്ചു . ഇതിനോടകം മൂവായിരത്തോളം പേർ അർമേനിയയിലെത്തി. എല്ലാ ഗ്രാമങ്ങളിളെയും ജനങ്ങൾ ഭവനരഹിതരാണെന്നും പാർപ്പിടവും ഭക്ഷണവും വെള്ളവും ലഭ്യല്ലെന്നും പ്രദേശത്തെ അർമേനിയൻ ക്രൈസ്തവരെ സഹായിക്കുന്ന ‘ക്രിസ്ത്യൻസ് ഇൻ നീഡ് ‘ഫൗണ്ടേഷൻ വെളിപ്പെടുത്തി. നൂറുകണക്കിന് അർമേനിയക്കാർ തെരുവുകളിൽ ഉറങ്ങുന്നു, അവർക്ക് കുടിക്കാൻ വെള്ളം പോലും ഇല്ല, സ്കൂളിനടുത്തുള്ള ഏക ബേക്കറിക്ക് മുന്നിൽ 2,000 പേര്‍ നീളുന്ന വരികളാണ് ഉള്ളതെന്നും എല്ലാവരും നിരാശരാണെന്നും സംഘടന അറിയിച്ചു.

മുൻ സോവിയറ്റ് പ്രദേശങ്ങളായ അർമേനിയയും അസർബൈജാനും പതിറ്റാണ്ടുകളായി നാഗോര്‍ണോ – കരാബാക്കി മേഖലയ്ക്കായി സംഘർഷത്തിലായിരുന്നു. തുർക്കിയുടെ പിന്തുണയോടെ, 2020 നവംബറിൽ അവസാനിച്ച രണ്ടാം യുദ്ധത്തിൽ അസർബൈജാൻ അർമേനിയയുടെ മേൽ സൈനിക ആധിപത്യം ഉറപ്പിച്ചു. 1,20,000 അർമേനിയൻ വംശജരാണ് നാഗോർണോയിലുള്ളത്. ഇവരെ തുല്യ പൗരന്മാരായി കാണുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നുമാണ് മുസ്ലിം ഭൂരിപക്ഷ അസർബൈജാൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ, നാഗോർണോയിൽ വംശീയ ഉന്മൂലനത്തിനു സാധ്യതയുള്ളതയായി അർമേനിയൻ സർക്കാർ മുന്നറിയിപ്പു നല്കി. ഇത് സാധൂകരിക്കുന്ന സംഭവങ്ങളാണ് പുറത്തു വന്നത്. സെപ്തംബർ 19- നാരംഭിച്ച അസർബൈജാന്റെ സൈനിക ആക്രമണത്തിൽ ഇരുനൂറിലധികം അർമേനിയക്കാരും നിരവധി പൌരന്മാരും കൊല്ലപ്പെട്ടു.

അര്‍മേനിയക്കാര്‍ ആർട്സാഖ് എന്നു വിളിക്കുന്ന നാഗോര്‍ണോ – കരാബാക്ക് മേഖലക്കു വേണ്ടിയുള്ള പോരാട്ടത്തിൽ, അര്‍മേനിയക്കാര്‍ മേഖലയെ തിരിച്ചുപിടിക്കുവാനും, അസര്‍ബൈജാന്‍ ക്രിസ്ത്യാനികളെ മേഖലയില്‍ നിന്നും തുടച്ചുനീക്കുവാനുമാണ് ശ്രമിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അര്‍മേനിയന്‍ ക്രിസ്ത്യാനികളെ വംശഹത്യക്കിരയാക്കി കുപ്രസിദ്ധി നേടിയിട്ടുള്ള തുര്‍ക്കിയുടെ പിന്തുണയുടെ ബലത്തിലാണ് അസര്‍ബൈജാന്റെ നീക്കങ്ങൾ. ലാച്ചിന്‍ കോറിഡോര്‍ എന്നറിയപ്പെടുന്ന ഇടുങ്ങിയ റോഡില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ അസര്‍ബൈജാന്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഏതാണ്ട് 1,20,000 അര്‍മേനിയന്‍ ക്രൈസ്തവര്‍ സ്വന്തം രാജ്യത്തുനിന്നും മുറിച്ച് മാറ്റപ്പെട്ടപോലെ ഒറ്റപ്പെട്ട നിലയില്‍ കഴിയുകയായിരിന്നു. ഇവരാണ് അക്രമ ഭീഷണിയില്‍ പലായനം ചെയ്യുന്നത്. അതിനിടെ പലായനം ചെയ്യുന്നവർ തമ്പടിച്ചിരുന്ന ഒരു പെട്രോൾ സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയിൽ 68 പേര് കൊല്ലപ്പെട്ടത് സങ്കടകരമായ വാർത്തയായി.
വംശീയ ഉന്‍മൂലനത്തിന്റെ ഭീതിയിൽ കഴിയുന്ന അര്‍മേനിയന്‍ ക്രൈസ്തവര്‍ക്കായി അമേരിക്കന്‍ കര്‍ദ്ദിനാളും കത്തോലിക്കാ സഭയുടെ ഉന്നത നീതിപീഠമായ ‘അപ്പസ്തോലിക സിഗ്നത്തൂര’യിലെ സുപ്രീം ട്രിബ്യൂണലിന്റെ തലവനുമായ റെയ്മണ്ട് ലിയോ ബുർകെ തന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ വിവിധ ഭാഷകളില്‍ പോസ്റ്റ്‌ ചെയ്ത സന്ദേശത്തിലൂടെ പ്രാർത്ഥനാ സഹായ അഭ്യർത്ഥന നടത്തി. അസര്‍ബൈജാന്റെ ഉപരോധത്തില്‍ മരണം മുന്നില്‍ കാണുന്ന ഒരുലക്ഷത്തില്‍പരം അര്‍മേനിയന്‍ ക്രൈസ്തവരുണ്ടെന്നും ക്രൂരമായ പീഡനങ്ങള്‍ക്ക് മുന്നില്‍ നിശബ്ദതക്കും, നിഷ്ക്രിയത്വത്തിലും സ്ഥാനമില്ലെന്നും അര്‍മേനിയന്‍ സഹോദരീസഹോദരന്‍മാര്‍ ഉന്മൂലനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കര്‍ദ്ദിനാള്‍ റെയ്മണ്ട് പറഞ്ഞു. 1915-നും 1923-നുമിടയില്‍ ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യം അര്‍മേനിയക്കാര്‍ക്കെതിരെ നടത്തിയ വംശഹത്യയില്‍ 15 ലക്ഷത്തോളം അര്‍മേനിയക്കാരാണ് കൊല്ലപ്പെട്ടത്. ഇപ്പോള്‍ സമാനമായ സാഹചര്യത്തെയാണ് അവർക്ക് നേരിവേണ്ടി വരുന്നതെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.

ഊര്‍ജ്ജാവശ്യങ്ങൾക്കു വേണ്ട വാതകമോ, സ്വകാര്യ – പൊതു ഗതാഗത സൗകര്യമോ അവർക്കില്ല , കർഷകരെ തോക്കു ചൂണ്ടി കൊള്ളയടിക്കുന്നതിനാല്‍ വിളവെടുപ്പ് നടത്തുവാനും കഴിയുന്നില്ല. അതിനാൽ ഭക്ഷണ ക്ഷാമവും നേരിടുന്നു. ഇത് കടുത്ത അനീതിയാണ്. ഇതിനെതിരെ പൊതുശബ്ദമുയരണം. അര്‍മേനിയന്‍ സഹോദരീ-സഹോദരന്മാരെ നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കണമെന്നും മാള്‍ട്ട മിലിറ്ററി ഓര്‍ഡറിന്റെ മുൻ അധ്യക്ഷനുമായിരുന്ന കർദിനാൾ റെയ്മോണ്ടിന്റെ പോസ്റ്റിൽ പറയുന്നു. അസര്‍ബൈജാനെ പിന്തുണക്കുന്ന തുര്‍ക്കിയും, മോസ്കോയും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടതും അർമീനിയക്കാർക്ക് തിരിച്ചടിയായി. യുക്രൈന്‍ യുദ്ധം തുടങ്ങുന്നതിന് മുന്‍പ് അര്‍മേനിയന്‍ ക്രൈസ്തവരുടെ സംരക്ഷകരായിരുന്ന റഷ്യ, യുദ്ധം ആരംഭിച്ച ശേഷം പിൻ വലിഞ്ഞിരിക്കുകയാണ്. അര്‍മേനിയന്‍ ജനസംഖ്യയുടെ 97 ശതമാനവും ക്രൈസ്തവരാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?