സിഡ്നി: ഓസ്‌ട്രേലിയയിലെ സിഡ്‌നി അതിരൂപതയുടെ ഗുഡ് ഷെപ്പേർഡ് സെമിനാരിയിൽ ഈ വർഷം റക്കോർഡ് പ്രവേശനം! 17 പേരാണ് ഇത്തവണ പൗരോഹിത്യ പരിശീലനത്തിനായി പ്രവേശിതരായിരിക്കുന്നത്. ഡോക്ടറും എഞ്ചിനീയറും ടീച്ചറും ഒപ്‌റ്റോമെട്രിസ്റ്റും ഉൾപ്പെടെയുള്ള പ്രൊഫഷണൽ ബിരുദധാരികളും ഇതിൽ ഉൾപ്പെടുന്നു എന്നതും ശ്രദ്ധേയം. പതിറ്റാണ്ടുകൾ പിന്നിടുന്ന സെമിനാരിയുടെ ചരിത്രത്തിൽ ഇത്രയേറെ പേർ ഒരുമിച്ച് വൈദീക പരിശീലനം ആരംഭിക്കുന്നത് ഇതാദ്യമാണ്.
ഗുഡ് ഷെപ്പേർഡ് സെമിനാരിയുടെ ആദ്യരൂപമായ മാൻലിയിലെ സെന്റ് പാട്രിക്സ് കോളേജിൽ 40 വർഷം മുമ്പാണ് ഇതിനുമുമ്പ് 17പേർ ഒരുമിച്ച് സെമിനാരി പരിശീലനം ആരംഭിച്ചത്. ദൈവവിളികളാൽ സമ്പന്നമായ മലയാളീ സമൂഹത്തിന് ഒരു വർഷം 17 സെമിനാരി അർത്ഥികൾ എന്നത് ഒരുപക്ഷേ വലിയ കാര്യമായിരിക്കില്ല. ഓസ്‌ട്രേലിയയുടെ സാമൂഹ്യ സാഹചര്യങ്ങൾ പരിഗണിക്കുമ്പോഴേ ഇതിന്റെ ശ്രേഷ്ഠത മനസിലാകൂ. ഓസ്ട്രേലിയയിൽ കത്തോലിക്കാ വിശ്വാസം വെല്ലുവിളികൾ നേരിടുമ്പോഴും ദൈവവിളിക്ക് ഉത്തരം നൽകുന്ന യുവതലമുറയുടെ എണ്ണം വർദ്ധിക്കുന്നു എന്നത് പ്രതീക്ഷാനിർഭരമാണ്.
17ൽ അഞ്ച് പേർ വിദേശത്ത് നിന്നുള്ളവരാണ്. ഓസ്ട്രേലിയയിലെ പൗരസ്ത്യ സഭകളിൽനിന്നുള്ള സെമിനാരിക്കാരുടെ എണ്ണവും ശ്രദ്ധേയമാണ്. മാരോനൈറ്റ് കാത്തലിക് എപ്പാർക്കി, കൽദായ കാത്തലിക് എപ്പാർക്കി, സീറോ മലബാർ എപ്പാർക്കി എന്നിവിടങ്ങളിൽ നിന്ന് അഞ്ചു പേർ സെമിനാരിയിൽ ചേർന്നിട്ടുണ്ട്. സിഡ്നി, വോളോങ്കോങ്, കാൻബെറ ഗോൾബേൺ, ആർമിഡേൽ, ഹോബാർട്ട് എന്നീ രൂപതകളിൽ നിന്നുള്ളവരും ഉഗാണ്ടയിൽ നിന്നുള്ള രണ്ടു പേരുമാണ് 22നും 41നും ഇടയിൽ പ്രായമുള്ള 17സെമിനാരി അർത്ഥികൾ.
പൗരോഹിത്യ ദൈവവിളിക്ക് പ്രത്യുത്തരം നൽകാനുള്ള യുവാക്കളുടെ സന്നദ്ധത ഓസ്ട്രേലിയൻ സഭയുടെ ഭാവിയെ കുറിച്ച് ശുഭ പ്രതീക്ഷകൾ നൽകുന്നുവെന്ന് സിഡ്നി ആർച്ച്ബിഷപ്പ് ആന്റണി ഫിഷർ പറഞ്ഞു. ‘ക്രിസ്തുവിനോടും അവിടുത്തെ സഭയോടും അകാരണമായ വിരോധം സമൂഹത്തിൽ വർദ്ധിക്കുമ്പോഴും 17 പേർ ദൈവവിളിക്ക് പ്രത്യുത്തരം നൽകി എന്നത് ആവേശം പകരുന്ന കാര്യമാണ്. നിരപരാധിയായിരുന്നിട്ടും ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്ന കർദിനാൾ ജോർജ് പെൽ പ്രകടിപ്പിച്ച ധൈര്യം ഇപ്പോഴത്തെ ദൈവവിളികൾക്ക് സ്വാധീനമായിട്ടുണ്ട് എന്നതാണ് വാസ്തവം,’ ആർച്ച്ബിഷപ്പ് ആന്റണി ഫിഷർ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *