”കാലമുയർത്തുന്ന വെല്ലുവിളികൾക്കും നമ്മുടെ പരിമിതികൾക്കുമിടയിൽ തളർന്നുപോയേക്കാമെന്നത് വലിയ പ്രലോഭനമാണ്. ആത്യന്തികമായി, നാം ദൈവകരങ്ങളിലെ ഒരുപകരണം മാത്രമാണെന്നത് മറക്കരുത്. നിറഞ്ഞ വിനയത്തിൽ നമുക്കാവുന്നത് നാം ചെയ്യുന്നു. ബാക്കിയെല്ലാം ദൈവകരങ്ങളിൽ അർപ്പിക്കുന്നു. നാമല്ല, ദൈവമാണ് പ്രപഞ്ചത്തിന്റെ നിയന്താവ്. അവിടുന്നു നൽകുന്ന ശക്തിയിൽ നമുക്കാവുന്ന ശുശ്രൂഷകളെല്ലാം നാം ചെയ്യുന്നു. ഇതെല്ലാം ചെയ്യുമ്പോഴും നാം പറഞ്ഞുകൊണ്ടേയിരിക്കണം: ക്രിസ്തുവിന്റെ സ്‌നേഹം എന്നെ നിർബന്ധിക്കുന്നു,” (2 കോറിന്തോസ് 5:14)
(ബെനഡിക്ട് പതിനാറാമൻ പാപ്പ, ദൈവം സ്‌നേഹമാകുന്നു, 2005).
ഈശോയുടെ ഓർമപ്പെടുത്തലാണ്, ‘ലോത്തിന്റെ ഭാര്യയ്ക്ക് സംഭവിച്ചത് ഓർമിക്കുക,’ (ലൂക്കാ 17:32). അബ്രാഹമിന്റെ സഹോദരപുത്രനാണ് ലോത്ത്. സോദോമിലായിരുന്നു ലോത്തിന്റെയും കുടുംബത്തിന്റെയും വാസം. തിന്മ പെരുകി ദൈവകോപം വിളിച്ചുവരുത്തിയ ദേശമായിരുന്നല്ലോ സോദോം. മനുഷ്യരായിരുന്നു സോദോമിലെ ദൈവം. അവരുടെ തീരുമാനങ്ങളിൽ ദൈവമുണ്ടായിരുന്നില്ല. ഒടുക്കമവർ പിശാചിനെയും അവന്റെ ചട്ടങ്ങളെയും നിയമങ്ങളാക്കി.
സോദോമിനെയോർത്ത് ഭാരപ്പെട്ട ഒരു മനുഷ്യനുണ്ടായിരുന്നു, അബ്രാഹം. ആ ദേശത്ത് വരാനിരിക്കുന്ന വിപത്തുകളെയോർത്ത് ദൈവത്തിനു മുമ്പാകെ പലവട്ടം അയാൾ ചെല്ലുന്നുണ്ട്. ഒടുക്കം, ദേശം മുഴുവൻ അഗ്‌നി വിഴുങ്ങുമ്പോഴും ലോത്തിനെയും കുടുംബത്തെയും ദൈവം പ്രത്യേകം പൊതിഞ്ഞു പിടിച്ചു. ദൈവദൂതൻ അവരോടു പറഞ്ഞു: ‘ജീവൻ വേണമെങ്കിൽ ഓടിപ്പോവുക. പിന്തിരിഞ്ഞ് നോക്കരുത്. എങ്ങും തങ്ങുകയുമരുത്,’ (ഉൽപ്പത്തി 19:17).
എന്നാൽ, ദേശം വിട്ട് സോവാർ നഗരവാതിക്കൽ എത്തിയപ്പോൾ ലോത്തിന്റെ ഭാര്യ പിന്തിരിഞ്ഞു നോക്കി. അവൾ ഉപ്പുതൂണായി. കാരണം വ്യക്തമാണ്. പാപത്തിന്റെ സോദോമിൽ ഏറെനാൾ കഴിഞ്ഞിരുന്ന അവൾ പതുക്കെപ്പതുക്കെ അതിനെ സ്‌നേഹിക്കാൻ തുടങ്ങി. പാപ പരിസരത്തിനു മുകളിൽ സഞ്ചരിക്കാൻ നിങ്ങൾക്കായില്ലെങ്കിൽ പരിസരത്തിന്റെ പാപത്തിൽ നിങ്ങളൊടുങ്ങും. ദൈവം കാണിച്ചുകൊടുത്ത രക്ഷാമാർഗം പോലും സ്വീകരിക്കാൻ അവർക്കാകുന്നില്ല എന്നു കാണുക.
ശരിയാണ്, കഴിഞ്ഞ നാളുകളിൽ ശേഖരിച്ചുവെച്ച പല വിഴുപ്പുഭാണ്ഡങ്ങളും കത്തിയെരിയുന്നുണ്ട്. പക്ഷേ, ദൈവം കാണിച്ചുതരുന്ന വഴിയിൽ യാത്രചെയ്യുമ്പോൾ ഉപേക്ഷിച്ചു കളഞ്ഞ ഇന്നലകളിലേക്ക് പിന്തിരിഞ്ഞു നോക്കരുത്. ഭൂതകാലത്തിൽ ജീവിക്കാനല്ല നമ്മുടെ വിളി, മറക്കരുത്. അവിടെ നമ്മെ നാണിപ്പിക്കുന്നതും ആക്ഷേപിക്കുന്നതും കുറ്റപ്പെടുത്തുന്നതുമായ പല കഥകൾ ഉണ്ടായേക്കാം.
മനുഷ്യഭരണത്തിന്റെ സോദോമിൽനിന്നും ദൈവഭരണത്തിന്റെ സോവാറിലേക്ക് ദൈവം നമ്മെ നയിക്കുമ്പോൾ പിന്തിരിഞ്ഞുനോക്കരുത്. അടിമത്തത്തിന്റെ ഈജിപ്തിൽനിന്നും സ്വാതന്ത്ര്യത്തിന്റെ കാനാനിലേക്ക് ദൈവം കൂട്ടിക്കൊണ്ടുപോകുമ്പോൾ പിന്തിരിഞ്ഞുനോക്കരുത്. അവിടുന്ന് വിടുതൽ നൽകിയ തടവറയിൽ ഇനിയും നിന്നെ ബന്ധിച്ചിടരുത്. അല്ലെങ്കിൽ, നീയും ഒരു പക്ഷേ ഉപ്പുതൂണായേക്കും.
Leave a Comment
Your email address will not be published. Required fields are marked with *