Follow Us On

22

November

2024

Friday

ഓസ്ട്രേലിയ: കത്തോലിക്കാ ആശുപത്രി പിടിച്ചെടുക്കാൻ  സർക്കാർ നീക്കം, പ്രതിരോധം ശക്തമാക്കി വിശ്വാസീസമൂഹം

ഓസ്ട്രേലിയ: കത്തോലിക്കാ ആശുപത്രി പിടിച്ചെടുക്കാൻ  സർക്കാർ നീക്കം, പ്രതിരോധം ശക്തമാക്കി വിശ്വാസീസമൂഹം

കാൻബെറ: കത്തോലിക്കാ സഭയുടെ ആശുപത്രി പിടിച്ചെടുത്ത് സർക്കാർ നിയന്ത്രണത്തിലാക്കാൻ കാൻബെറ ഭരണകൂടം നടത്തുന്ന നീക്കത്തിനെതിരെ പ്രതിരോധം ശക്തമാക്കി ഓസ്ട്രേലിയയിലെ വിശ്വാസീസമൂഹം. ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ പ്രശസ്തമായ കാൽവരി കത്തോലിക്ക ഹോസ്പിറ്റലാണ് ‘ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി’ സർക്കാർ നിർബന്ധിതമായി ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. മതസ്വാതന്ത്ര്യത്തിന് നേർക്കുള്ള ഈ നീക്കത്തിനെതിരെ ജനപിന്തുണ തേടാൻ ‘സേവ് കാൽവരി ഹോസ്പിറ്റൽ’ എന്ന പേരിൽ ഓൺലൈൻ ഒപ്പുശേഖര ക്യാംപെയിൻ ആരംഭിച്ചുകഴിഞ്ഞു കാൻബെറ- ഗോൾബേൺ അതിരൂപത.

കത്തോലിക്കാ സന്യാസിനീ സമൂഹമായ ‘ലിറ്റിൽ കമ്പനി ഓഫ് മേരി’യുടെ നിയന്ത്രണത്തിൽ നാല് പതിറ്റാണ്ടിലേറെയായി പ്രദേശവാസികൾക്ക് സ്തുത്യർഹ സേവനം ലഭ്യമാക്കുന്ന ആതുരാലയമാണ് കാൽവരി ഹോസ്പിറ്റൽ. മതിയായ ചർച്ചകളോ മുന്നറിയിപ്പോ ഇല്ലാതെ ആശുപത്രി തിടുക്കത്തിൽ ഏറ്റെടുക്കാൻ ഭരണകൂടം ശ്രമിക്കുന്നതിനെതിരെ സഭയിൽനിന്ന് മാത്രമല്ല പൊതുസമൂഹത്തിൽനിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ‘ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി’യുടെ നീക്കത്തെ കടുത്ത അധികാര ദുർവിനിയോഗമെന്നാണ് ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി ആബട്ട് ആരോപിച്ചത്.

മുന്നറിയിപ്പോ ചർച്ചയോ ഇല്ലാതെ വന്ന തീരുമാനം നടുക്കമുണ്ടാക്കുന്നതാണെന്ന് കാൻബെറ- ഗോൾബേൺ ആർച്ച്ബിഷപ്പ് ക്രിസ്റ്റഫർ പ്രൗസ് വ്യക്തമാക്കി. ‘ഈ തീരുമാനം അമ്പരപ്പിക്കുന്നതാണ്. ഇക്കാര്യം സംബന്ധിച്ച് അതിരൂപതയുമായി യാതൊരുവിധ ചർച്ചയും ഉണ്ടായിട്ടില്ല. ഇതിനുള്ള കാരണവും വെളിപ്പെടുത്തിയിട്ടില്ല. ഭരണകൂടത്തിന്റെ സുതാര്യതയില്ലാത്ത ഈ തീരുമാനം നിരവധി ചോദ്യങ്ങളും ആശങ്കകളും ഉയർത്തുന്നുണ്ട്. ഒരു ന്യായീകരണവുമില്ലാതെ അവർക്കിഷ്ടമുള്ള ഏതൊരു സംരംഭവും ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം ആശങ്കാജനകം തന്നെയാണ്,’ ആർച്ച്ബിഷപ്പ് പ്രൗസ് പറഞ്ഞു.

കാൽവരി ഹോസ്പിറ്റൽ മാനേജ്മെന്റ്, ജീവനക്കാർ, രോഗികൾ എന്നിവരുമായി കൂടിയാലോചിക്കാതെയാണ് സർക്കാർ നിയമനിർമാണം നടത്തിയതെന്ന ആരോപണമാണ് അതിരൂപത തയാറാക്കിയ നിവേദനം പ്രധാനമായും മുന്നോട്ടുവെക്കുന്നത്. കാൻബെറ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ജില്ലാ ജനറൽ ആശുപത്രി മതിയായ സേവനങ്ങൾ നൽകാൻ പാടുപെടുമ്പോൾ രണ്ടാമതൊരു ആശുപത്രി നടത്താനുള്ള കഴിവ് സംസ്ഥാന സർക്കാരിനില്ലെന്നും നിവേദനത്തിൽ കുറ്റപ്പെടുത്തുന്നു. നിയമനിർമാണത്തിലൂടെ ആശുപത്രി ഏറ്റെടുക്കാനുള്ള നീക്കം സ്വത്തവകാശത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ദുരുപയോഗമാണെന്നും നിവേദനം ചൂണ്ടിക്കാട്ടുന്നു.

സർക്കാരിന്റെ നിഗൂഢശ്രമങ്ങൾക്കു മുന്നിൽ കീഴടങ്ങില്ലെന്നും ഇതിനെതിരെ പോരാട്ടം ശക്തമാക്കുമെന്നും ഒപ്പുശേഖണ ക്യാംപെയിൻ ഏകോപിപ്പിക്കുന്ന അതിരൂപതാ മുൻ വികാരി ജനറൽ ഫാ. ടോണി പെർസി പ്രാദേശിക മാധ്യമത്തോട് വെളിപ്പെടുത്തി. സർക്കാർ നീക്കത്തിനെതിരേ, ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലെ നിയമനിർമാണ സഭാംഗങ്ങൾക്ക് കൈമാറാനുള്ള നിവേദനത്തിൽ എല്ലാ മതവിശ്വാസികളും ഒപ്പിടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ക്യാംപെയിനിൽ പങ്കെടുക്കാനുള്ള ലിങ്ക് ചുവടെ: Petition – Save Calvary Hospital Bruce

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?