Follow Us On

21

January

2025

Tuesday

യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കുമിടയിൽ കുഞ്ഞുങ്ങളെ മറക്കരുതെന്ന് യുനിസെഫ്

യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കുമിടയിൽ കുഞ്ഞുങ്ങളെ മറക്കരുതെന്ന് യുനിസെഫ്

ന്യൂയോർക്ക് : നവംബർ ഇരുപതിന് ലോക ശിശുദിനം ആചരിക്കാനിരിക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധങ്ങളിലും സംഘർഷങ്ങളിലും അകപ്പെട്ട ശിശുക്കളും കുട്ടികളും കടുത്ത ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവരെ മറക്കാൻ പാടില്ലെന്നും യുനിസെഫ്. പലസ്തീൻ -ഇസ്രായേൽ,ഹെയ്തി,സിറിയ, സുഡാൻ,യുക്രൈൻ,യെമൻ എന്നീ രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ അവസ്ഥ പരാമർശിക്കവെയാണ് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ വിഭാഗമായ യുനിസെഫ് ഇക്കാര്യം ഓർമ്മിപ്പിച്ചത് .
നാൽപ്പത് കോടിയോളം കുട്ടികളാണ് സംഘർഷ പ്രദേശങ്ങളിലുള്ളത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 2015 മുതൽ 2022 വരെ ഒരുലക്ഷത്തി ഇരുപതിനായിരത്തോളം കുട്ടികൾ കൊല്ലപ്പെടുകയോ അംഗവൈകല്യമുള്ളവരോ ആയി മാറിയിട്ടുണ്ട് . പ്രതിദിനം ഇരുപതോളം കുട്ടികളാണ് യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ഇരകളാകുന്നത്. ലോകത്തെ മാനവിക അടിയന്തിരാവസ്ഥയുടെ 80 ശതമാനത്തിനും കാരണം ഇത്തരത്തിലുള്ള സംഘർഷങ്ങളാണെന്ന് യുനിസെഫ് വ്യക്തമാക്കി. സംഘർഷങ്ങളും യുദ്ധങ്ങളും നിലനിൽക്കുന്ന പ്രദേശങ്ങളിൽ, ഭക്ഷണവും വെള്ളവും പോലും എത്തിക്കുക സാധ്യമല്ലെന്നും, ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്കാണ് ഇത്തരം അവസ്ഥകൾ തള്ളിയിടുന്നതെന്നും ശിശുക്ഷേമനിധി വിശദീകരിച്ചു.

ഹമാസ് – ഇസ്രായേൽ സംഘർഷങ്ങളിൽ ഇതേ വരെ 4500 കുട്ടികൾ കൊല്ലപ്പെട്ടതായും 9000-ത്തോളം പേർക്ക് പരിക്കേറ്റതായുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉക്രൈനിൽ കഴിഞ്ഞ രണ്ടുവർഷങ്ങളായി തുടരുന്ന യുദ്ധത്തിൽ, കഴിഞ്ഞ ഒക്ടോബർ 8 വരെയുള്ള കണക്കുകൾ പ്രകാരം 1750 കുട്ടികൾ ഇരകളായിട്ടുണ്ട്. ഇവരിൽ 560 കുട്ടികൾ കൊല്ലപ്പെട്ടു.സിറിയയിൽ പന്ത്രണ്ടു വർഷങ്ങളായി തുടരുന്ന സംഘർഷങ്ങളിൽ ഏതാണ്ട് ഒന്നരക്കോടി ആളുകൾക്ക് മാനവികസഹായം ആവശ്യമായിട്ടുണ്ട്. ഇവരിൽ എഴുപത് ലക്ഷം കുട്ടികളാണ്. ഇരുപത്തിയാറ് ലക്ഷത്തോളം ആളുകൾ അംഗവൈകല്യമുള്ളവരാണ്.
യെമെനിലെയും, സുഡാനിലെയും, ഹെയ്തിയിലെയും സംഘർഷങ്ങളിലും ദശലക്ഷക്കണക്കിന് കുട്ടികളാണ് ദുരിതമനുഭവിക്കുന്നത്. യുദ്ധങ്ങളും സംഘർഷങ്ങളും ആരംഭിക്കുന്നതിൽ കുട്ടികൾക്ക് പങ്കില്ലെങ്കിലും, അവയുടെ ദുരിതഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് കുട്ടികൾക്കാണെന്നും, അതിനാൽ ശിശുക്കളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും, അവരുടെ ഭാവി ഉറപ്പാക്കുന്നതിനും ഏവരും ശ്രമിക്കണമെന്നും യുനിസെഫ്
പത്രക്കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?