Follow Us On

21

January

2025

Tuesday

പന്തക്കുസ്ത അവസാനിച്ചിട്ടില്ല എന്ന് പറഞ്ഞ ‘പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല’ വിശുദ്ധ പദവിയിലേക്ക്

പന്തക്കുസ്ത അവസാനിച്ചിട്ടില്ല എന്ന് പറഞ്ഞ ‘പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല’ വിശുദ്ധ പദവിയിലേക്ക്

ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ സുഹൃത്തും വിശുദ്ധ ജെമ്മാ ഗാല്‍ഗിനിയുടെ അധ്യാപകയുമായിരുന്ന വാഴ്ത്തപ്പെട്ട എലേന ഗുയേരയുടെ മധ്യസ്ഥതയിലുള്ള അത്ഭുതം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ബ്രെയിന്‍ ഡെത്തിലേക്ക് വഴുതി വീഴുകയായിരുന്ന ബ്രസീലില്‍ നിന്നുള്ള പൗലോ എന്ന വ്യക്തിയുടെ അത്ഭുതസൗഖ്യമാണ് പാപ്പ അംഗീകരിച്ചത്. മരത്തില്‍ നിന്ന് വീണ് പൗലോ കോമയിലായിരുന്ന സമയത്ത് കരിസ്മാറ്റിക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ വാഴ്ത്തപ്പെട്ട എലേന ഗുയേരയുടെ പ്രത്യേക മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുകയും അത്ഭുതകരമായി സൗഖ്യമാക്കപ്പെട്ട പൗലോ ഒരു മാസത്തിനുള്ളില്‍ തന്നെ ആശുപത്രി വിടുകയുമായിരുന്നു.
ഈ അത്ഭുതം അംഗീകരിച്ചതോടെ ‘പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല’ എന്ന് വിളിക്കപ്പെടുന്ന ‘ഒബ്ലേറ്റ്‌സ് ഓഫ് ഹോളി സ്പിരിറ്റ്’സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയായ എലേന ഗുയേരയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് കളമൊരുങ്ങിയിരിക്കുകയാണ്. ആത്മീയ എഴുത്തുകളിലൂടെയും പരിശുദ്ധാത്മാവിനോടുള്ള അഗാധമായ ഭക്തിയിലൂടെയും ശ്രദ്ധേയയായ വാഴ്ത്തപ്പെട്ട എലേന 1895 -നും 1903-നും ഇടയില്‍ ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പക്ക് ഒരു ഡസനിലധികം കത്തുകളെഴുതിയിട്ടുണ്ട്. എല്ലാ കത്തോലിക്കരെയും പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കുവാന്‍ ഉദ്‌ബോധിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ളവയായിരുന്നു ആ കത്തുകള്‍.  എലേനയുടെ അഭ്യര്‍ത്ഥനയെ ഗൗരവത്തോടെ കണ്ടതുകൊണ്ടാവണം ഈ കാലഘട്ടത്തില്‍ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള മൂന്ന് പ്രധാന രേഖകള്‍ പാപ്പ പ്രസിദ്ധീകരിച്ചു.
1895 ലെ പന്തക്കുസ്താ തിരുനാളിന് ഒരുക്കമായി സഭ മുഴുവനും നൊവേന പ്രാര്‍ത്ഥന നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള രേഖയും 1897-ല്‍ പരിശുദ്ധാത്മാവിനെക്കുറിച്ച് പ്രസിദ്ധീകരിച്ച ചാക്രികലേഖനമായ ‘ഡിവിനം ഇലൂഡ് മുനൂസും’ അതില്‍ ഉള്‍പ്പെടുന്നു.
പന്തക്കുസ്താ തിരുനാളിനെക്കുറിച്ച് എലേന ഇപ്രകാരമാണ് കുറിച്ചിരിക്കുന്നത് -” പന്തക്കുസ്ത അവസാനിച്ചിട്ടില്ല. അത് എല്ലാ സമയത്തും എല്ലാ ദേശത്തും തുടരുന്നു. കാരണം തന്നെ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യര്‍ക്കും തന്നെത്തന്നെ നല്‍കാന്‍ ആത്മാവ് ആഗ്രഹിക്കുന്നു.”
ഇറ്റലിയിലെ ലൂക്കായില്‍ 1835ലാണ് ഗുയേരയുടെ ജനനം. യൗവനത്തില്‍ ഗുരുതരമായ രോഗം ബാധിച്ച് ശയ്യാവലംബിയായി കഴിഞ്ഞ നാളുകളിലാണ് ഗുയേര വിശുദ്ധ ഗ്രന്ഥം വായിച്ച് ധ്യാനിക്കുന്നതും സഭാപിതാക്കന്‍മാരുടെ പ്രബോധനങ്ങള്‍ വായിക്കുന്നതും. രോഗമുക്തയായ ഗുയേര റോമിലേക്ക് നടത്തിയ യാത്രയില്‍ തന്റെ ദൈവവിളി തിരിച്ചറിഞ്ഞു. അങ്ങനെ  മുപ്പതുകളില്‍ ഗുയേര തുടങ്ങിയ സന്യാസിനി സമൂഹമാണ് പിന്നീട് ‘ഒബ്ലേറ്റ്‌സ് ഓഫ് ദി ഹോളി സ്പിരിറ്റ്’ എന്ന പേരില്‍ പില്‍ക്കാലത്ത് അറിയപ്പെട്ടത്.1914 ഏപ്രില്‍ 11 ന് അന്തരിച്ച ഗുയേരയുടെ ഭൗതികശരീരം ലൂക്കയിലെ സെന്റ് അഗസ്തീനോ ദൈവാലയത്തിലാണ് അടക്കം ചെയ്തിരിക്കുന്നത്. വാഴ്ത്തപ്പെട്ട എലേന ഗുയേരയുടെ വിശുദ്ധ പദവി പ്രഖ്യാപന തിയതി വത്തിക്കാന്‍ പിന്നീട് അറിയിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?