മെൽബൺ: രൂപതാധ്യക്ഷ പദവിയിൽനിന്ന് വിരമിച്ചെങ്കിലും വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കാതെ, താൻ ഒറീസയിൽ പ്രേഷിത ദൗത്യം തുടരാൻ പ്രാർത്ഥിച്ചൊരുങ്ങുകയാണെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയയിലെ മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ ബോസ്‌ക്കോ പുത്തൂർ. മെൽബൺ രൂപതയുടെ പ്രഥമ അധ്യക്ഷൻ എന്ന ദൗത്യത്തിൽനിന്ന് വിരമിക്കുന്ന പശ്ചാത്തലത്തിൽ, ‘ശാലോം മീഡിയ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാർ പുത്തൂർ തന്റെ പുതിയ ശുശ്രൂഷാദൗത്യം വെളിപ്പെടുത്തിയത്.
കാനോനിക നിയമപ്രകാരം 75 വയസുവരെയാണ് ബിഷപ്പുമാർ രൂപതയുടെ ഭരണം നിർവഹിക്കുക. തുടർന്ന് രൂപതയുടെ ഔദ്യോഗിക ചുമതലകളിൽനിന്ന് വിരമിക്കുന്ന ബിഷപ്പുമാരിൽ ഒട്ടുമിക്കവരും വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് പതിവ്. പ്രാർത്ഥനയിലൂടെ ലഭിച്ച പ്രചോദനമാണ് ഷംഷബാദ് രൂപതയുടെ പ്രേഷിത മേഖലയായ ഒറീസയിലെ അജപാലന ദൗത്യത്തിലേക്ക് തന്നെ നയിക്കുന്നതെന്ന് അദ്ദേഹം ‘ശാലോം മീഡിയ’യോട് പറഞ്ഞു. ഈ വർഷം അവസാനത്തോടെ ഒറീസയിൽ എത്തണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു.
‘നീണ്ട നാളത്തെ പ്രാർത്ഥനയ്ക്കുശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്. മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായും മെൽബണിലെ സീറോ മലബാർ കൂരിയാ അംഗങ്ങളുമായും ഇക്കാര്യം ചർച്ച ചെയ്തിരുന്നു. അവരുടെ പിന്തുണയോടെകൂടെയാണ് ഈ തീരുമാനം.’ ഷംഷബാദ് രൂപതാധ്യക്ഷൻ ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ ക്ഷണമാണ് ഈ തീരുമാനത്തിന് പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ഒരു സീറോ മലബാർ രൂപതയുടെ കീഴിൽ ഉൾപ്പെടാത്ത ഭാരതത്തിലെ എല്ലാ പ്രദേശങ്ങളെയും ഉൾപ്പെടുത്തി രൂപീകരിച്ച ഷംഷബാദ് രൂപത 14 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഇതിന്റെ ഭാഗമായ ഒറീസയിലെ ഖെരാപുട്ട് എന്ന പ്രദേശത്താകും മാർ പൂത്തൂരിന്റെ ശുശ്രൂഷ. ‘ഖെരാപുട്ടിൽ സേവനം ചെയ്യുന്ന വൈദീകർക്ക് ആത്മീയനേതൃത്വം നൽകാമോ, എന്ന് മൂന്ന് വർഷം മുമ്പാണ് തട്ടിൽ പിതാവ് ചോദിച്ചത്. അതേതുടർന്ന് നടത്തിയ പ്രാർത്ഥനയും വിചിന്തനവുമാണ് എന്നെക്കുറിച്ചുള്ള പുതിയ ദൈവഹിതം വെളിപ്പെടുത്തിയത്,’ മാർ പുത്തൂർ കൂട്ടിച്ചേർത്തു.
ലോക സുവിശേഷവത്ക്കരണ രംഗത്ത് ശാലോം നിറവേറ്റുന്ന ശുശ്രൂഷകളെ ശ്ലാഘിച്ച മാർ പൂത്തൂർ, പ്രസ്തുത ശുശ്രൂഷകൾ സഭയ്ക്ക് നൽകുന്നത് മഹത്തരമായ സംഭാവനകളാണെന്നും ചൂണ്ടിക്കാട്ടി. സഭയുടെ നാനാത്വവും മനോഹാരിതയും മാധ്യമങ്ങളിലൂടെ ലോകത്തിന് പകരുന്നതിൽ ശാലോം വഹിക്കുന്ന പങ്ക് അഭിമാനകരമാണെന്നും, ‘ശാലോം മീഡിയ’ ഓസ്‌ട്രേലിയയുടെ രക്ഷാധികാരികൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു. അഭിമുഖം ശാലോം ടെവിലിഷൻ ഉടൻ സംപ്രേഷണം ചെയ്യും.
മെൽബൺ സീറോ മലബാർ രൂപതയുടെ പുതിയ ബിഷപ്പായി ഫാ. ജോൺ പനന്തോട്ടത്തിൽ സി.എം.ഐ അഭിഷിക്തനാകുന്ന മേയ് 31നാണ് രൂപതയുടെ ഔദ്യോഗിക ചുമതലകളിൽനിന്ന് മാർ പുത്തൂർ വിരമിക്കുക. സീറോ മലബാർ സഭാംഗങ്ങളുടെ അജപാലന ശുശ്രൂഷയ്ക്കായി 2013ലാണ് മെൽബൺ സെന്റ് തോമസ് രൂപത സ്ഥാപിതമായത്. 2021ൽ മെൽബൺ രൂപതയുടെ അതിർത്തി ന്യൂസിലൻഡിലേക്കും ഇതര ഓഷ്യാനിയൻ രാജ്യങ്ങളിലേക്കും ഫ്രാൻസിസ് പാപ്പ വ്യാപിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *