Follow Us On

27

July

2024

Saturday

ഫാ. ജോൺ പനന്തോട്ടത്തിൽ സി.എം.ഐ മെൽബൺ സീറോ മലബാർ രൂപതയുടെ നിയുക്ത ഇടയൻ

ഫാ. ജോൺ പനന്തോട്ടത്തിൽ സി.എം.ഐ മെൽബൺ സീറോ മലബാർ രൂപതയുടെ നിയുക്ത ഇടയൻ

മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബൺ സീറോ മലബാർ രൂപതയുടെ പുതിയ മെത്രാനായി ഫാ. ജോൺ പനന്തോട്ടത്തിൽ സി.എം.ഐയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. 75 വയസ് പൂർത്തിയായിനെ തുടർന്ന് നിലവിലെ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ കാനോനിക നിയമപ്രകാരം വിരമിക്കുന്നതിനാലാണ് പുതിയ നിയമനം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടന്നു. നിലവിൽ മാനന്തവാടി രൂപതയിലെ നിരവിൽപുഴ സെന്റ് ഏലിയാസ് ആശ്രമത്തിന്റെ പ്രിയോറായും സെന്റ് ഏലിയാസ് ദൈവാലയ വികാരിയായും സേവനം ചെയ്യുകയായിരുന്നു ഫാ. ജോൺ പനന്തോട്ടത്തിൽ. മക്കിയാട് സെന്റ് ബെനഡിക്റ്റൻ ആശ്രമത്തിൽ ഇംഗ്ലീഷ് അധ്യാപകൻകൂടിയാണ് നിയുക്ത ബിഷപ്പ്.

തലശ്ശേരി അതിരൂപതയിലെ പേരാവൂർ ഇടവകയിൽ പരേതരായ ജോസഫിന്റെയും ത്രേസ്യായുടെയും മകനായി 1966 മെയ് 31നാണ് ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം സി.എംഐ സമൂഹത്തിന്റെ കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസിൽ ചേർന്ന അദ്ദേഹം മേരിക്കുന്ന് സെന്റ് തോമസ് നോവിഷ്യേറ്റ് ഹൗസിലാണ് നോവിഷ്യേറ്റ് പൂർത്തിയാക്കിയത്. ബെംഗളുരു ധർമാരാം കോളേജിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പൂർത്തിയാക്കി 1997 ഡിസംബർ 28ന് തിരുപ്പട്ടം സ്വീകരിച്ചു. താമരശ്ശേരി രൂപതയിൽ കൂടരഞ്ഞി ഇടവകയിലെ സഹവികാരിയായിട്ടായിരുന്നു ആദ്യ നിയമനം. തുടർന്ന് ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദവും എം.എഡും കരസ്ഥമാക്കി.

സിഎംഐ സമൂഹത്തിന്റെ കോഴിക്കോട് പ്രോവിൻസിന്റെ പ്രോവിൻഷ്യാൾ സുപ്പീരിയറായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം വിദേശത്തും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയിലെ നാഷ്‌വിൽ രൂപതയിലെ സേവനത്തിനു ശേഷം ഓസ്‌ട്രേലിയയിൽ ബ്രിസ്ബൻ അതിരൂപതയിലെ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിലും റീജെന്റ്‌സ് പാർക്ക് സെന്റ് ബെർനഡൈൻ ദൈവാലയത്തിലും സഹവികാരിയായി സേവനം ചെയ്തു. തുടർന്ന് ആസ്‌ലിയിലെ ഔർ ലേഡി ആൻഡ് സെന്റ് ഡിംപ്‌നാ ദൈവാലയത്തിൽ വികാരിയായും സേവനം ചെയ്തു. 2020ൽ കേരളത്തിൽ മടങ്ങിയെത്തി.

സീറോ മലബാർ സഭാംഗങ്ങളുടെ അജപാലനശുശ്രൂഷയ്ക്കായി 2013ലാണ് മെൽബൺ സെന്റ് തോമസ് രൂപത സ്ഥാപിതമായത്. 2021ൽ മെൽബൺ രൂപതയുടെ അതിർത്തി ന്യൂസ്ലൻഡിലേക്കും ഇതര ഓഷ്യാനിയൻ രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. രൂപതയുടെ പ്രഥമ മെത്രാനായിരിന്നു മാർ ബോസ്‌കോ പുത്തൂർ. പുതിയ ഇടയന്റെ സ്ഥാനാരോഹണ തിയതി പിന്നീട് തീരുമാനിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?